/sathyam/media/media_files/2025/08/16/1001175604-2025-08-16-12-35-34.jpg)
കോട്ടയം: വൈദ്യുതി അപകടങ്ങളില്‍ ജീവനുകള്‍ പൊലിയുന്നത് സംസ്ഥാനത്ത് തുടര്‍ക്കഥയാണ്.
വീട്ടില്‍ നിന്നും ജോലി സ്ഥലങ്ങളിൽ നിന്നും വൈദ്യുതാഘാതമേറ്റു മരിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു.
കെ.എസ്.ഇ.ബിയുടെ വൈദ്യത ലൈൻ പൊട്ടി ഉണ്ടാകുന്ന അപകടങ്ങൾക്ക് പുറമേയാണത്.
വിഴിഞ്ഞം ആഴിമല ക്ഷേത്രത്തിലെ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. നെയ്യാറ്റിൻകര സ്വദേശി രാഹുൽ വിജയനാണ് മരിച്ചത്.
ആഴിമല ശിവക്ഷേത്രത്തിലെ ക്ലീനിങ് സ്റ്റാഫാണ്. ഇന്നലെ രാത്രി ക്ഷേത്ര പരിസരം പ്രഷർ ഗൺ ഉപയോഗിച്ച് വൃത്തിയാക്കുന്നതിന് ഇടയിലാണ് അപകടം.
അപകടം നടന്ന ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പലപോഴും അശ്രദ്ധയാണ് അപകടങ്ങളിലേക്ക് നയിക്കുന്നത്.
വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും ടൈൽ വർക്ക്, വെൽഡിംഗ് ജോലികൾ, പെയിന്റിംഗ് ജോലികൾ എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് കണക്ട് ചെയ്യുന്ന വയറുകളുടെയും ഇതിന് ഉപയോഗിക്കുന്ന എക്സ്‌റ്റൻഷൻ ബോർഡുകളുടെയും നിലവാരമില്ലായ്മ മൂലവും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
തോട്ടങ്ങളിലെ വൃക്ഷങ്ങളുടെ ശിഖരങ്ങൾ മുറിക്കുമ്പോഴും കുരുമുളക് പറിക്കുമ്പോഴും ഇരുമ്പ് ഏണി ലൈനുമായി സമ്പർക്കത്തിൽപ്പെട്ടും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്.
വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെടുന്ന ജീവനക്കാർ കർശനമായും സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ജോലികൾ ചെയ്യാവൂവെന്ന് നിർദേശങ്ങളുണ്ടെങ്കിലും പലരുടെയും അശ്രദ്ധ അപകടങ്ങളിലേക്ക് നയിക്കുന്നുണ്ട്.
ഒരു വർഷം ഇരുനൂറോളം പേർ സംസ്ഥാനത്ത് മരിക്കുനുണ്ടെന്നാണ് കണക്കുകൾ. കെ.എസ്.ഇ.ബി അപകടങ്ങൾ കുറക്കാൻ വിപുലമായ ബോധവൽക്കണ പ്രവർത്തനങ്ങൾക്ക് തുടക്കമിടണമെന്ന ആവശ്യം ശക്തമാണ്.