/sathyam/media/media_files/2025/08/17/1001178085-2025-08-17-13-03-46.jpg)
കോട്ടയം: ശബ്ദമലിനീകരണത്തെക്കുറിച്ച് എസ്.വൈ.എസ്. ജനറല്‍ സെക്രട്ടറി ഡോ. എ.പി. അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞതാണു സമൂഹത്തില്‍ ഇന്നു ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ഒന്ന്.
2020ല്‍ പ്രാബല്യത്തില്‍ വന്ന ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ കേരളം ഇന്നും ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്നതിനു തെളിവാണ് അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ വാക്കുകൾ.
ബാങ്കുവിളികളില്‍ അമിത ശബ്ദം ഒഴിവാക്കണം. ശബ്ദത്തില്‍ മിതത്വം പാലിക്കണം. ദിക്ര്‍ ആയാലും ബാങ്കുവിളി ആയാലും മിതമായ ശബ്ദത്തില്‍ ആവണം. അത് കേള്‍ക്കേണ്ട സ്ഥലത്ത് കേള്‍പ്പിക്കണം.
ദിക്ര്‍ ആയാലും ബാങ്കുവിളി ആയാലും പ്രാര്‍ത്ഥനയുടെ ഭാഗമായുള്ള ശബ്ദത്തില്‍ മിതത്വം വേണം.
അത് കേള്‍ക്കേണ്ട സ്ഥലത്ത് കേള്‍പ്പിക്കണം. ആരാധനാകര്‍മ്മങ്ങളില്‍ അമിതമായ ശബ്ദം പാടില്ലെന്നാണു പ്രവാചക വചനം.
മുസ്ലിങ്ങള്‍ മാത്രം താമസിക്കുന്ന മേഖലകളില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന മൗലിദില്‍ ആവശ്യമെങ്കില്‍ ശബ്ദം പുറത്തേക്ക് കേള്‍പ്പിക്കാം.
എന്നാല്‍, അതു നിത്യമായാല്‍ മുസ്ലിങ്ങള്‍ക്കും പ്രയാസമാകും. അമുസ്ലിങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പുറത്തേക്കു കേള്‍പ്പിക്കരുതെന്നും അസ്ഹരി പറഞ്ഞിരുന്നു.
എന്നാല്‍, ശബ്ദ മലിനീകരണം തടയാൻ വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ കോടതികളും ഭരണ സംവിധാനവും കൃത്യമായ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിട്ടും ആരാധനാലയങ്ങള്‍ ഇവ പാലിക്കാന്‍ തയാറല്ലെന്നതാണ് വസ്തുത. കോടതി ഉത്തരവ് നടപ്പാക്കാണമെന്നായിരുന്നു ഡോ. അസ്ഹരി പറയേണ്ടിയിരുന്നതെന്നാണ് ഒരു വിഭാഗം പറയുന്നത്.
ശബ്ദ മലിനീകരണം സംബന്ധിച്ച് കോടതി ഉത്തരവുകളും നിയമങ്ങളും ഉണ്ടെങ്കിലും പലയിടത്തും അതു പാലിക്കപ്പെടുന്നതായി കാണുന്നില്ല എന്നതായിരുന്നു 2022 ൽ നടത്തിയ പരിശോധനയ്ക്ക് ശേഷം സര്‍ക്കാരിന്റെ വിലയിരുത്തൽ.
പിന്നാലെ ശബ്ദമലിനീകരണ ചട്ടത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കാനുള്ള നപടിക്കു സര്‍ക്കാര്‍ തുടക്കമിട്ടെങ്കിലും ഭാഗികമായി മാത്രമാണ് നടപ്പാക്കുന്നത്.
ബാലാവകാശ കമ്മീഷന്‍ ശിപാര്‍ശയെ തുടര്‍ന്നാണു സര്‍ക്കാര്‍ നീക്കണം നടത്തിയത്. ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഡി.ജി.പിയെ ചുമതലപ്പെടുത്തിയിരുന്നു.
ഉത്സവ പറമ്പുകളിലും മറ്റു മതപരമായ ചടങ്ങുകളിലും ഈ നിയന്ത്രണം ബാധകമായിരിക്കുമെന്നും ഉത്തരവിലുണ്ടായിരുന്നു.
നിലവില്‍ രാത്രി 10 മുതല്‍ രാവിലെ 6 വരെ അടച്ചിട്ട ഇടങ്ങളില്‍ അല്ലാതെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്ന് നിയമമുണ്ട്.
ഇതിൻ്റെ ഭാഗമായി ഗാനമേളകൾ രാത്രി പത്തിന് ശേഷം പോലീസ് അനുവദിക്കാറില്ല. എന്നാൽ,
ഉയർന്ന ശബ്ദത്തിൽ ഉള്ള ഉച്ചഭാഷിണി ഉപയോഗം ഇപ്പോഴും തുടരുന്നു. പകലും അമിത ശബ്ദത്തിലുള്ള ഉച്ചഭാഷിണി ഉപയോഗം വ്യാപകമാണ്.
ഇവ കൂടുതലായും നടത്തുന്നത് ആരാധനാലയങ്ങളും. ശബ്ദ മലിനീകരണത്തിൽ രാഷ്ട്രീയ പാർട്ടികളും ഒട്ടും പിന്നിലല്ല.
അമിത ശബ്ദത്തില്‍ ഉച്ചഭാഷിണികളും മറ്റ് വാദ്യോപകരണങ്ങളും ഉപയോഗിക്കുന്നത് കുട്ടികള്‍, വൃദ്ധര്‍, രോഗികള്‍ക്കും ആരോഗ്യ ഭീഷണിയുണ്ടാക്കുന്നുണ്ട്.
പ്രാര്‍ഥനാ ക്ഷണങ്ങള്‍ക്കും മറ്റ് മത പരിപാടികള്‍ക്കും പള്ളികളില്‍ ഉച്ചഭാഷിണികളുടെ ഉപയോഗം കുറയ്ക്കാന്‍ മുസ്ലീം സംഘടനകള്‍ പദ്ധതിയിട്ടെങ്കിലും നടപടികള്‍ എങ്ങുമെത്താതെ അവസാനിക്കുകയായിരുന്നു.