/sathyam/media/media_files/2025/08/18/car-market-2025-08-18-14-24-26.jpg)
കോട്ടയം: ഘടനാപരമായ പരിഷ്‌കരണത്തിന്റെ ഭാഗമായി ചരക്ക് സേവന നികുതി (ജിഎസ്ടി) കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുമെന്ന 79 -ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനത്തില്‍ പ്രതീക്ഷവെക്കുകയാണ് രാജ്യത്തെ വാഹന വിപണി..
നിലവില്‍ 1200 സിസി മുതല്‍ 1500 സിസിവരെയുള്ള ഇടത്തരം കാറുകള്‍ 28% ജിസ്ടിയാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ പരിഷ്കരണത്തിൻ്റെ ഭാഗമായി ഇത് 18 ശതമാനമായി കുറയുമെന്ന പ്രതീക്ഷയാണ് ഈ രംഗത്തു പ്രവർത്തിക്കുന്നവർ പങ്കുവെക്കുന്നത്.
ഈ കുറവ് കാരണം ഉപഭോക്താവിന് വിലയില്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ ലാഭം ഉണ്ടാക്കാന്‍ സാധിക്കും. ഇതു വാഹന വിപണിക്കു വന്‍ കുതിപ്പേകുമെന്ന പ്രതീക്ഷയാണുള്ളത്. ഈ നീക്കം എന്‍ട്രി ലെവല്‍ ഇരുചക്ര വാഹനങ്ങളിലും 10 ലക്ഷത്തില്‍ താഴെയുള്ള സബ് കോംപാക്റ്റ് കാറുകളിലും വില്‍പ്പനയില്‍ വര്‍ധനവുണ്ടാക്കാന്‍ സഹായിക്കും.
ഇതോടൊപ്പം ഓട്ടോമോട്ടീവ് ഘടകങ്ങളുടെ വിലയും കുറയും. എന്‍ട്രി ലെവല്‍ ഇരുചക്ര വാഹനങ്ങള്‍ക്കുള്ള ജിഎസ്ടി കുറയ്ക്കല്‍ വാഹന നിര്‍മാതാക്കള്‍ വളരെക്കാലമായി മുന്നോട്ടുവയ്ക്കുന്ന ആവശ്യമാണിത്. അതേസമയം ഇലക്ട്രിക് വാഹനങ്ങള്‍ അഞ്ച് ശതമാനം നികുതി സ്ലാബില്‍ തുടരാന്‍ സാധ്യതയുണ്ട്.
പുതിയ ജിഎസ്ടി വ്യവസ്ഥയില്‍ ഹൈബ്രിഡ്, ആഡംബര കാറുകള്‍ക്ക് നിലവിലുള്ള നികുതി ഘടന തുടരാനാണ് സാധ്യത. യാത്രാ വാഹനങ്ങള്‍ക്ക് നഷ്ടപരിഹാര സെസ് ബാധകമാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ തുടരാനും സാധ്യതയുണ്ട്.
1200 സിസിവരെയുള്ള ചെറിയ പെട്രോള്‍ കാറുകള്‍ക്ക് 1%, 1500 സിസി വരെയുള്ള ചെറിയ ഡീസല്‍ കാറുകള്‍ക്ക് 3%, 1200/1500 സിസിക്കു മുകളിലുള്ള പെട്രോള്‍ ഡീസില്‍ കാറുഒകള്‍ക്ക് 15%, 1500 സിസിക്കു മുകളിലുള്ള ആഡംബര കാറുകള്‍ള്‍ക്ക് 20%, എസ്.യു.വികള്‍ക്ക് 22% എന്നങ്ങനെയാണ് നഷ്ടപരിഹാര സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജിഎസ്ടി കൗണ്‍സില്‍ വരാനിരിക്കുന്ന യോഗത്തില്‍ ഈ ശിപാര്‍ശകള്‍ ചര്‍ച്ച ചെയ്യുമെന്നും ഘടനാപരമായ പരിഷ്‌കാരം വേഗത്തില്‍ നടപ്പിലാക്കുമെന്നുമാണ് ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.