/sathyam/media/media_files/2025/08/18/father-george-nellikunnil-cherivu-purayidom-2025-08-18-16-47-04.jpg)
കോട്ടയം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുകയും ഭരണകൂടം കള്ളക്കേസില്‍ കുടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടെ സിറോ-മലബാര്‍ സഭയുടെ പാലാ രൂപതയില്‍ നിന്നുള്ള ഒരു പുരോഹിതന്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിന്റെ അമ്പരപ്പില്‍ കത്തോലിക്കാ സമൂഹം. വിഷയം ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്കു വഴിവെച്ചിട്ടുണ്ട്.
സ്വാതന്ത്ര്യ ദിനത്തില്‍ പൂഞ്ഞാര്‍, മീനച്ചില്‍, രാമപുരം ആര്‍.എസ്.എസ് യൂണിറ്റുകള്‍ സംയുക്തമായി സംഘടിപ്പിച്ച ശംഖൊലി 2025 എന്ന വിദ്യാര്‍ഥി ഉച്ചകോടിയില്‍ പാലാ രൂപതയുടെയും ദീപിക ഫ്രണ്ട്‌സ് ക്ലബിന്റെയും കീഴിലുള്ള കെയര്‍ ഹോംസ് പ്രോജക്ട് ഡയറക്ടര്‍ ഫാ. ജോര്‍ജ് നെല്ലിക്കുന്നേചെരിവുപുരയിടം അധ്യക്ഷനായി എത്തിയത്.
അതേസമയം, സംഭവം കത്തോലിക്കാ സഭയ്ക്കുള്ളില്‍ ഇതിനകം തന്നെ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ക്കും പുരോഹിതന്മാര്‍ക്കും നേരെ ഛത്തീസ്ഗഡിലും ഒഡീഷയിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണങ്ങളോട് ചേര്‍ത്തുവെച്ചാണ് ഫാ. ജോര്‍ജ് നെല്ലിക്കുന്നേചെരിവുപുരയിടം ആര്‍.എസ്.എസ്. പരിപാടിയില്‍ പങ്കെടുത്തതു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ദേശീയ മാധ്യമമായ ദി ഹിന്ദു വരെ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.
സംഭവം വിവാദമായതോടെ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അറിവോടെയാണു താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നു ഫാ. ജോര്‍ജ് വിശദീകരിക്കുയും ചെയ്തിരുന്നു.
'സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട പരിപാടിയായതിനാലാണു പങ്കെടുക്കാന്‍ തീരുമാനിച്ചത്. സംഘാടകരുടെ ക്ഷണപ്രകാരം അവിടെ പോയി പരിപാടിയുടെ പ്രമേയത്തെക്കുറിച്ച് ഒരു പ്രസംഗം നടത്തി. ഇതിനെ മറ്റൊരു തരത്തിലും തെറ്റായി വ്യാഖ്യാനിക്കേണ്ട ആവശ്യമില്ലെന്നും' അദ്ദേഹം പറഞ്ഞു.
രൂപത ഒരു രാഷ്ട്രീയ സംഘടനയുടെയും കാര്യങ്ങളില്‍ ഇടപെടുകയോ ആരെയും പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല. വൈദികന്‍ വ്യക്തിപരമായി പരിപാടിയില്‍ പങ്കെടുത്തിരിക്കാം. രൂപതയ്ക്കു പരിപാടിയുമായി യാതൊരു ബന്ധവുമില്ലെന്നു വികാരി ജനറാൾ ഫാ. ജോസഫ് തടത്തിലും വ്യക്തമാക്കി.