/sathyam/media/media_files/2025/08/19/images-1280-x-960-px138-2025-08-19-11-34-36.jpg)
കോട്ടയം: കെ.എസ്.ആര്‍.ടി.സി. ബസുകളുടെ വാതിലുകളില്‍ കെട്ടിയിട്ടിരിക്കുന്ന കയര്‍ ഒഴിവാക്കാന്‍ നിര്‍ദേശം പ്രകാരം കയര്‍ ഒഴിവാക്കിയോടെ അപകട സാധ്യത ഇരട്ടിച്ചു.
കയര്‍ ഉപേക്ഷിച്ചപ്പോള്‍ പകരം ഹൈഡ്രോളിക് ഡോറുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കാത്തതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്കു കാരണം.
കെ.എസ്.ആര്‍.ടി.സി. മെക്കാനിക്കല്‍ എന്‍ജിനീയറാണ് കയർ ഒഴിവാക്കാൻ അടിയന്തര ഉത്തരവ് ഇറക്കിയത്.
കെ.എസ്.ആര്‍.ടി.സിയുടെ യൂണിറ്റുകള്‍ക്കും ഇതുസംബന്ധിച്ചു നിര്‍ദ്ദേശം നല്‍കി. ഉത്തരവ് നടപ്പാക്കിയതോടെ ഡോര്‍ തുറക്കുന്നതു സാഹസികമായി മാറി.
ബസിനുള്ളില്‍ നിന്നു ഡോര്‍ തുറക്കുമ്പോള്‍ ഡോര്‍ പാളി ശക്തമായി പുറത്തേക്കു വീശും. ഇതു ബസ് കയറാൻ കാത്തു നിൽക്കുന്നവരുടെ ദേഹത്ത് തട്ടി അപകടം ഉണ്ടാക്കുമോ എന്നാണ് ജീവനക്കാരുടെ പേടി. ഇതോടൊപ്പം ആളുകള്‍ കയറിക്കഴിഞ്ഞാല്‍ ഡോര്‍ അടക്കുക എന്നതു സാഹസികമാണ്.
നല്ല ആരോഗ്യമില്ലാത്ത ആളാണ് ഡോര്‍ അടക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ വളരെ പ്രയാസപ്പെട്ടു മാത്രമേ ഇതിനു സാധിക്കൂ. ഈ സമയം ബസ് മുന്നോട്ടെടുത്താല്‍ യാത്രക്കാര്‍ തെറിച്ചു റോഡിലേക്കു വീഴും. ഇതുവഴി മരണം വരെ സംഭവിക്കാം. ഇതോടൊപ്പം ഓരോ സ്‌റ്റോപ്പിലും അധിക സമയം ചെലവഴിക്കേണ്ടി വരുന്നുവെന്നു ബസ് ജീവനക്കാര്‍ പറയുന്നു.
ബസുകളിലെ വാതിലുകള്‍ അടയ്ക്കാനായാണ് പ്ലാസ്റ്റിക് കയറുകള്‍ കെട്ടിയത്. ഇത്തരത്തില്‍ കെട്ടുന്ന കയറുകള്‍ യാത്രക്കാരുടെ കഴുത്തില്‍ തട്ടി ജീവനു തന്നെ ഭീഷണിയുയര്‍ത്തുന്നതായി മനുഷ്യാവകാശ കമ്മിഷനു പരാതി ലഭിച്ചിരുന്നു.
തുടര്‍ന്നാണ് നടപടി. കയറുകള്‍ അടിയന്തരമായി നീക്കിയില്ലെങ്കില്‍ യൂണിറ്റ് അധികാരികള്‍ ഉത്തരവാദികളായിരിക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഇതോടെ ഭൂരിഭാഗം ബസിലും കയറുകള്‍ ഒഴിവാക്കി. അതേസമയം, ബസില്‍ ഹൈഡ്രോളിക് ഡോറുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
അല്ലാത്ത പക്ഷേം, ജനങ്ങളുടെ ജീവനു ഭീഷയാണ് കെ.എസ്.ആര്‍.ടി.സി സൃഷ്ടിക്കുന്നതെന്നും യാത്രക്കാര്‍ പറയുന്നു.