/sathyam/media/media_files/2025/08/19/images-1280-x-960-px140-2025-08-19-12-11-32.jpg)
കോട്ടയം: ഗതാഗത കുരുക്കില്‍ ദേശീയ പാതകള്‍, നിന്നുതിരിയാന്‍ ഇടമില്ലാത്തവിധം യാത്രക്കാരുടെ രൂക്ഷമായ തിരക്കുമായി ട്രെയിനുകള്‍.
ശ്വാസംമുട്ടി ട്രെയിനുള്ളില്‍ കരച്ചിലുമായി യാത്രക്കാര്‍. കണ്ണൂര്‍ ഭാഗത്തേക്കും ഷൊര്‍ണൂര്‍ ഭാഗത്തേക്കുമുള്ള ട്രെയിനുകളില്‍ കഴിഞ്ഞ ദിവസങ്ങളിലായി വലിയ തിരക്കാണ് അനുഭവപ്പെട്ടത് അതിരൂക്ഷമായ ജനത്തിരക്കാണ്.
ദേശീയപാത വഴിയുള്ള യാത്രക്കുരുക്ക് ഒഴിവാക്കാനാണ് പലരും ഇപ്പോള്‍ ട്രെയിനെയാണ് ആശ്രയിക്കുന്നത്.
എന്നാല്‍, ട്രെയിനുകളില്‍ സൂചികുത്താന്‍ ഇടമില്ലാത്ത അവസ്ഥയുണ്ട്. കഴിഞ്ഞ ഞായറാഴ്ച തിക്കും തിരക്കും സഹിക്കാനാവാതെ പല കുട്ടികളും വാവിട്ടു നിലവിളിക്കുന്നുണ്ടായിരുന്നു. കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിലടക്കം വന്‍ തിരക്കാണനുഭവപ്പെട്ടത്.
ഷൊര്‍ണൂര്‍ വഴിയുള്ള യശ്വന്ത്പുര്‍ എക്‌സ്പ്രസില്‍ ഒട്ടേറെ യാത്രക്കാര്‍ക്കു കയറാന്‍ പറ്റിയില്ല. റെയില്‍വേ പോലീസും ആര്‍പിഎഫും പാടുപെട്ടാണു തിരക്കു നിയന്ത്രിച്ചത്.
അതേസമയം, ഗതാഗത പ്രശ്‌നം അവസാനിക്കുന്നതുവരെ കൂടുതല്‍ ട്രയിനുകള്‍ കേരളത്തിന് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. ഓണാവധി വരുന്നതോടെ തിരക്ക് നിയന്ത്രിക്കാനാത്ത അവസ്ഥയുണ്ടാകും.
അതേസമയം, യാത്രാ വാഹനങ്ങള്‍ക്കായി താല്‍ക്കാലികമായെങ്കിലും 'റോള്‍-ഓണ്‍ റോള്‍-ഓഫ്' (റോ-റോ) സേവനം അവതരിപ്പിക്കാന്‍ റെയില്‍വേ നീക്കം നടത്തണമെന്ന ആവശ്യമുയരുന്നുണ്ട്.
ഇത് ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ അവരുടെ കാറുകളില്‍ തന്നെ ഇരിക്കാന്‍ സൗകര്യം നല്‍കും. ദേശീയ പാതയിലെ ഗതാഗത കുരുക്കിനും ഒരു പരിഹാരമാണ്.
വാണിജ്യ വാഹനങ്ങള്‍ക്കായുള്ള റോ-റോ സേവനം, പശ്ചിമ മഹാരാഷ്ട്രയില്‍നിന്ന് കേരളം വരെ ചരക്കുകള്‍ കൊണ്ടുപോകുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്കിടയില്‍ വളരെ പ്രചാരമുള്ളതാണ്. ഇന്ധനം ലാഭിക്കാന്‍ മാത്രമല്ല, യാത്രാ സമയവും ട്രാഫിക് തിരക്കും കുറയ്ക്കുകയും ഇത് ചെയ്യുന്നു.