/sathyam/media/media_files/2025/08/19/coconut-collection-2025-08-19-15-23-12.jpg)
കോട്ടയം: പച്ചത്തേങ്ങയുടെ വില ഓണമാകുമ്പോഴേക്കും 50 രൂപയില്‍ താഴെയാകുമെന്നു വ്യാപാരികളുടെ വിലയിരുത്തല്‍. തേങ്ങയുടെ വില താഴാന്‍ തുടങ്ങിയിരുന്നു.
90 രൂപയായിരുന്ന തേങ്ങയുടെ വില കുറഞ്ഞു 60 - 65 രൂപയില്‍ എത്തി. മാര്‍ക്കറ്റുകളിലേക്ക് ഇതര സംസ്ഥാനത്തു നിന്നു പച്ചത്തേങ്ങയുടെ വരവ് തുടങ്ങിയതാണ് വില കുത്തനെ ഇടിയാൻ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു.
തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ തേങ്ങ ഉത്പാദനം വര്‍ധിച്ചിട്ടുണ്ട്. പാലക്കാട് നിന്ന് ഉള്‍പ്പെടെ പച്ചത്തേങ്ങ വന്‍തോതില്‍ എത്തുന്നുണ്ട്. ഓണം പ്രമാണിച്ച് നാട്ടിന്‍പുറങ്ങളില്‍ തേങ്ങയിടീല്‍ ആരംഭിച്ചതും വിലകുറയാന്‍ കാരണമായി.
വരും ദിവസങ്ങളില്‍ തേങ്ങാവില ഇനിയും കുറയുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ കിലോയ്ക്ക് 50-55 രൂപ നിരക്കിലാണ് പച്ചത്തേങ്ങ സംഭരിക്കുന്നത്.
അതേസമയം, തേങ്ങ വില കുറഞ്ഞ സാഹചര്യത്തില്‍ വെളിച്ചെണ്ണ വിലയിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. ലിറ്ററിന് 600 രൂപ വരെ എത്തിയ വെളിച്ചെണ്ണയുടെ വില പിന്നീട് 390 രൂപയില്‍ എത്തിയിരുന്നു.
ഓണമാകുമ്പോഴേക്കും ഇത് 350 രൂപയില്‍ താഴെയാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍, കേര ഫെഡിന്റെ കേരയ്ക്ക് ഇപ്പോഴും 450 രൂപയ്ക്കു മുകളില്‍ നല്‍കേണ്ട അവസ്ഥയുണ്ട്.