/sathyam/media/media_files/2025/08/19/erattupetta-ayyappan-2-2025-08-19-16-28-08.jpg)
കോട്ടയം: ഗജരാജന്‍ ഈരാറ്റുപേട്ട അയ്യപ്പന്റെ വിയോഗം ആനപ്രേമികള്‍ക്ക് ഉള്‍ക്കൊളനായിട്ടില്ല. കഴിഞ്ഞ നാല് മാസമായി അസുഖങ്ങളെ തുടര്‍ന്നു ചികിത്സയില്‍ ആയിരുന്നു അയ്യപ്പന്‍. നാല് മാസം മുന്‍പു മൂന്ന് തവണ ആന കുഴഞ്ഞു വീണിരുന്നു.
സ്വയം എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ആനയ്ക്ക് ഉണ്ടായിരുന്നു. കേരളമൊട്ടാകെ നിരവധി ആരാധകര്‍ ഉള്ള ആനയായിരുന്നു ഈരാറ്റുപേട്ട അയ്യപ്പന്‍.
കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി പരവന്‍ പറമ്പില്‍ വീടിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ഈരാറ്റുപേട്ട അയ്യപ്പന്‍. കേരളത്തില്‍ ഉടനീളം നൂറുകണക്കിന് ഉത്സവങ്ങള്‍ക്ക് നിറ സാന്നിധ്യമായ ആന കൂടിയാണ് ഈരാറ്റുപേട്ട അയ്യപ്പന്‍.
കോടനാട്ടു നിന്നും വനം വകുപ്പിനു ലഭിച്ച കുട്ടിയാനയെ ലേലത്തില്‍ വാങ്ങിയാണ് ഈരാറ്റുപേട്ടയില്‍ എത്തിക്കുന്നത്. 1977 ഡിസംബര്‍ 14-ന് ആനയെ വെള്ളൂക്കുന്നേല്‍ പരവന്‍പറമ്പില്‍ വീട്ടില്‍ എത്തിക്കുമ്പോള്‍ അഞ്ച് വയസായിരുന്നു അയ്യപ്പന്റെ പ്രായം. കോടനാട് ആനകളരിയില്‍ നിന്നും അവസാനമായി ലേലംവിളിക്കപ്പെട്ട ആനകളില്‍ ഒരുവനാണ്.
ഗജരാജ സൗന്ദര്യത്തിന്റെ മൂര്‍ത്തിമ ഭാവം എന്നുപോലും അയ്യപ്പനെ വിശേഷിപ്പിക്കുന്നവര്‍ ഉണ്ട്. സഹ്യപുത്രന്മാരെ തഴെത്തും തലയിലും വെക്കാതെ താലൊലിക്കുന്ന ആനപ്രമികളുടെ മാതൃകാ പുരുക്ഷോത്തമനാണ് അവനെന്ന് ആനപ്രേമികള്‍ പറയും. പതിനാറു നഖകാരന്‍ എന്ന പേരുദോഷത്തിന്റെ പടിയില്‍നിന്നും പെരുമയുടെ പകര്‍ന്നാട്ടങ്ങളിലെക്കുള്ള അയ്യപ്പന്റെ ജൈത്രയാത്ര ഏവരെയും അമ്പരപ്പിക്കുന്നതാണ്.
തൃശൂര്‍ പൂരത്തിന്റെ രാത്രി തിടമ്പുവരെ അയ്യപ്പന്റെ ശരീര സൗന്ദര്യത്തിനുള്ള അംഗീകാരമായി അയ്യപ്പനെ തേടിയെത്തി. കോടനാട് ആനക്കളരിയിലെ അവസാന ലേലംവിളിയിലൂടെ ഈരാറ്റുപേട്ട വെള്ളൂക്കുന്നേല്‍ പരവന്‍പറമ്പില്‍ വീട്ടിലെത്തിയ ആരാം എന്ന കൊച്ചുകുറുമ്പനാണു പിന്നീട് ആനപ്രേമികളുടെ മനസിനെ മോഹിപ്പിക്കുന്ന വശ്യസൗന്ദര്യമായ ഈരാറ്റുപേട്ട അയ്യപ്പനായി മാറിയത്.
പരവന്‍പറമ്പില്‍ വെള്ളൂകുന്നേല്‍ കുഞ്ഞൂഞ്ഞുചേട്ടന് എന്ന ജോസഫ് തോമസും ഭാര്യ ഈത്താമ്മയും ചേര്‍ന്നാണ് ആരാമിനെ വാങ്ങാന് തീരുമാനിക്കുന്നത്. ലേലത്തില്‍ പിടിക്കുമ്പോള്‍ അയ്യപ്പന് അഞ്ചു വയസിനടുത്തു മാത്രമായിരുന്നു പ്രായം.
കുറുമ്പുകാട്ടിനടന്ന കുഞ്ഞിക്കൊമ്പനു വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാവാന് അധികകാലം വേണ്ടിവന്നില്ല. ഉത്സവകാലം കഴിഞ്ഞ് അയ്യപ്പന് ഈരാറ്റുപേട്ടയിലെത്തുന്നനാള്‍ ഇഷ്ടക്കാര്‍ക്കൊക്കെ ഉത്സവമാണ്. അയ്യപ്പനെ കാണാന്‍ നിരവധി ആളുകള്‍ തടിച്ചുകൂടും.
ശാന്തസ്വഭാവമാണ് അയ്യപ്പനെ കൂടുതല്‍ ജനപ്രിയനാക്കിയത്. കൊഴുത്ത കറുത്തിരുണ്ട ശരീരം. അമരംകവിഞ്ഞും നീണ്ട വാലും ഒത്ത തുമ്പിയും കൊമ്പും. ചെവിയുടെ താഴ്ഭാഗത്തും വായുകുംഭത്തിനു താഴെയുമായി ഭംഗിയോടെ വിന്യസിക്കപ്പെട്ട മദകരി, എടുത്തകൊമ്പുകള്‍, ഭംഗിയുള്ള കണ്ണുകള്‍ ഇതൊക്കെ അയ്യപ്പന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നവയായിരുന്നു.
ലക്ഷണശാസ്ത്രത്തില്‍ പറയുന്ന ലക്ഷണങ്ങളെല്ലാം അയ്യപ്പനില്‍ തികയുന്നു. ഗജരാജന്‍, ഗജോത്തമന്‍, ഗജരത്‌നം, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠന്‍, ഐരാവതസമന്‍ തുടങ്ങിയ നിരവധി വിശേഷണങ്ങളും പട്ടങ്ങളും നേടിയ ഈരാറ്റുപേട്ട അയ്യപ്പനെ തേടി എത്തിയിട്ടുണ്ട്.