/sathyam/media/media_files/2025/08/19/kerafed-oil-2025-08-19-19-04-34.jpg)
കോട്ടയം: ഓണത്തിനു മുന്‍പു കേരഫെഡിന്റെ കേര വെളിച്ചെണ്ണയ്ക്കു വീണ്ടും വില കുറയ്ക്കാന്‍ നീക്കം. ലിറ്ററിന് 479 രൂപയില്‍ നിന്നു 399 രൂപയായി കുറച്ചേക്കും. ഒരാഴ്ച മുന്‍പായിരുന്നു ഒരു ലിറ്റര്‍ പാക്കറ്റിന്റെ വില നിലവിലെ 529 രൂപയില്‍ നിന്ന് 479 ലേക്കും അര ലിറ്റര്‍ പാക്കറ്റിന്റെ വില 265 രൂപയില്‍നിന്ന് 240 രൂപയിലേക്കും കുറവ് വരുത്തിയത്.
എന്നാല്‍, വിപണിയില്‍ കിലോഗ്രാമിന് 280 രൂപയായിരുന്ന കൊപ്ര വില 200 രൂപയിലെത്തി. കൊപ്രയ്ക്കു വില ഉയര്‍ന്നതോടെ 299 രൂപയ്ക്കായിരുന്നു കേരഫെഡ് കൊപ്ര സംഭരിച്ചത്.
എന്നാല്‍, വില ഇടിഞ്ഞതോടെ കൊപ്ര സംഭരിച്ചിരുന്ന വ്യാപാരികള്‍ കൊപ്ര വ്യാപകമായി വിറ്റഴിച്ചതോടെ വിപണിയില്‍ വില വന്‍ തോതില്‍ ഇടിഞ്ഞു. ഇതോടെ സംഭരിച്ചതിലും വളരെ താഴ്ന്ന നിരക്കില്‍ എണ്ണ വില്‍ക്കണമെന്നതാണു കേരഫെഡിനു മുന്നിലുള്ള പ്രതിസന്ധി.
പിന്നാലെയാണ് 529 രൂപയില്‍ നിന്ന് 479 ലേക്കു കേരയുടെ വില കുറച്ചത്. എന്നാല്‍, പൊതുവിപണിയില്‍ 390 രൂപയ്ക്കു വെളിച്ചെണ്ണ ലഭ്യമായതോടെ ഉയര്‍ന്ന നിരക്കില്‍ കേര വാങ്ങേണ്ട ഗതികേടിലായിരുന്നു ജനങ്ങള്‍. ഇതോടെ സര്‍ക്കാര്‍ ഇടപെട്ടാണ് ഓണത്തിനു മുന്‍പു വില വീണ്ടും കുറയ്ക്കാന്‍ ശ്രമം നടത്തുന്നത്.
ലിറ്ററിന് 479 രൂപയില്‍ നിന്നു 399 രൂപയായി കുറച്ചേക്കുമെന്ന വിവരമാണു പുറത്തേക്കു വരുന്നത്. ഇതോടൊപ്പം ഓണത്തിന് ഒരു കാര്‍ഡിന് 4 ലിറ്റര്‍ വെളിച്ചെണ്ണ ഉറപ്പാക്കുമെന്നും സിവില്‍ സപ്ലൈസ് വകുപ്പ് പറയുന്നു.
വെളിച്ചെണ്ണയുടെ വിലയില്‍ ഇപ്പോള്‍ ഉണ്ടായ ഈ വലിയ കുറവ് ഓണവിപണിയില്‍ കേര വെളിച്ചെണ്ണയുടെ വില്‍പനയില്‍ വലിയ വര്‍ധനയും ഉപഭോക്താക്കള്‍ക്കു വിലകുറവ് മൂലം ആശ്വാസവും ഉണ്ടാകുമെന്നു വിലയിരുത്തപ്പെടുന്നു. കേരയ്ക്കും വില കുറയുന്നതോടെ മറ്റു ബ്രാന്റഡ് വെളിച്ചെണ്ണകളും വില കുറക്കാന്‍ നിര്‍ബന്ധിതരാകും.