/sathyam/media/media_files/2025/08/20/images-1280-x-960-px164-2025-08-20-09-29-08.jpg)
കോട്ടയം: സെപ്റ്റംബർ ഒന്നുമുതൽ ബസുകൾ ഉൾപ്പെടെയുള്ള വലിയ പാസഞ്ചർ വാഹനങ്ങളുടെ ബോഡി നിർമ്മാണത്തിൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
ബോഡി നിർമ്മാതാവ് നൽകുന്ന ഫോം 22 ബി ഉപയോഗിച്ച് രജിസ്ട്രേഷൻ നേടാമായിരുന്നു. എന്നാൽ, ഈ രീതിയാണ് സെപ്റ്റംബർ ഒന്നു മുതൽ ഇല്ലാതാകുന്നത്.
ഇനി മുതൽ അംഗീകൃത ടെസ്റ്റിംഗ് ഏജൻസികളുടെ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് രജിസ്ട്രേഷൻ അനുവദിക്കില്ല.
കേന്ദ്ര മോട്ടോർ വാഹന നിയമം അനുശാസിക്കുന്ന ബസ് ബോഡി കോഡ് പ്രകാരമുള്ള മാറ്റമാണിത്.
യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുകയാണ് ലക്ഷ്യം.
പുതിയ നിയമം അനുസരിച്ച്, 13 സീറ്റിന് മുകളിലുള്ള വാഹനങ്ങളുടെ ബോഡി നിർമ്മിക്കുന്ന സ്ഥാപനങ്ങൾ ഓരോ മോഡലിനും ഓട്ടമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എ.ആർ.എ.ഐ), ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടമോട്ടീവ് ടെക്നോളജി (ഐസിഎടി) പോലുള്ള ഏജൻസികളുടെ അംഗീകാരം നേടണം.
ഈ അംഗീകാരമില്ലാതെ നിർമ്മിക്കുന്ന വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ നൽകില്ല.
അതേസമയം, ഇപ്പോൾ നിർമ്മാണം പുരോഗമിക്കുന്ന വാഹനങ്ങൾക്ക് ഒരു ഇളവ് അനുവദിച്ചിട്ടുണ്ട്.
ഈ മാസം 31-ന് മുൻപ് മോട്ടോർ വാഹന വകുപ്പിന് മുന്നിൽ ഹാജരാക്കിയാൽ നിലവിലെ ചട്ടങ്ങൾ അനുസരിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കും.
എന്നാൽ, കേന്ദ്ര നിയമം കർശനമാക്കിയതോടെ നൂറിലധികം വർക്‌ഷോപ്പുകളാണ് സമീപകാലത്ത് പൂട്ടി പോയത്.
ബോഡി നിർമാണ വർക്ക്ഷോപ്പുകൾ പൂട്ടിയതോടെ തമിഴ്നാട് കരൂരിലുള്ള ബസ് നിർമാണകേന്ദ്രങ്ങളാണ് കേരളത്തിൽനിന്നുള്ള ബസുടമകളുടെ ആശ്രയം.
നിലവിൽ കോട്ടയത്തെ കൊണ്ടോടി ഓട്ടോക്രാഫ്റ്റ്, പാലക്കാട് സാറ്റ് ബസ്, ശ്രീകൃഷ്ണ കോച്ച് ബിൽഡേഴ്സ് എന്നിവിടങ്ങളിൽമാത്രമാണ് ബസ് ബോഡി നിർമിക്കുന്നത്.
ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എ.ആർ.എ.ഐ.) അംഗീകാരത്തോടെയാണ് ഇവ പ്രവർത്തിക്കുന്നത്.
2013-ലാണ് ബസ് ബോഡി നിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്ര മോട്ടോർവാഹന വകുപ്പ് കർശനമായ ചട്ടങ്ങൾ പുറപ്പെടുവിച്ചത്.
നിർമാണകേന്ദ്രങ്ങൾക്ക് മതിയായ അഡ്മിനിസ്ട്രേറ്റീവ് രേഖ, സ്ഥലസൗകര്യം, യന്ത്രം, പരിശീലനം ലഭിച്ച തൊഴിലാളികൾ, ഗുണമേന്മയും ഐ.എസ്.ഒ. സർട്ടിഫിക്കറ്റുകളും വേണമെന്നായിരുന്നു നിബന്ധന.
ഇവ പൂർണമായും പാലിക്കാൻ സംസ്ഥാനത്തെ ബോഡി വർക് ഷോപ്പുകൾക്കായില്ല. ഇതോടെ പകുതിയിലധികം വർക് ഷോപ്പുകളും പൂട്ടി.
2018-ൽ കേന്ദ്ര മോട്ടോർവാഹന വകുപ്പ് വീണ്ടും ചട്ടം പുറപ്പെടുവിച്ചു. പ്രത്യേക അളവിലുള്ള ബസ് കോഡ്, ഗുണമേന്മയും ഐ.എസ്.ഒ. അംഗീകാരവുമുള്ള അസംസ്കൃതവസ്തുക്കളുടെ ഉപയോഗം, റോഡ് ടെസ്റ്റ് തുടങ്ങിയവ കർശനമായി പാലിക്കണമെന്നും നിർദേശിച്ചു.
എ.ഐ.എസ്.യുടെ നിർദേശങ്ങൾ പാലിച്ചിട്ടുണ്ടെന്ന് സർട്ടിഫിക്കറ്റും നൽകണം. നിർദേശങ്ങൾ കർശനമാക്കിയതോടെ ബാക്കിയുണ്ടായിരുന്ന ബോഡി നിർമാണ വർക് ഷോപ്പുകളും പൂട്ടി.
ഒരു ബസ് ബോഡി നിർമിച്ച് പുറത്തിറക്കണമെങ്കിൽ എട്ടുമുതൽ 12.5 ലക്ഷം രൂപവരെയാണ് ചെലവ്. ചെലവിന്റെ 18 ശതമാനം തുക ജി.എസ്.ടി.യായി നൽകണം. അസംസ്കൃതവസ്തുക്കൾക്കും ജി.എസ്.ടി.യുണ്ട്.
ബസുകൾ കൂടുതലായി തമിഴ്നാട്ടിൽ നിർമിച്ചുതുടങ്ങിയതോടെ സംസ്ഥാനസർക്കാരിന് നികുതിവരുമാനം നഷ്ടമായതായി വിദഗ്ധർ പറയുന്നു.
49 സീറ്റിന്റെ ടൂറിസ്റ്റ് ബസ്, ഡബിൾ ഡെക്കർ ബസ്, സ്ലീപ്പർ ബസ് തുടങ്ങിയവ നിർമിക്കുന്ന വർക്ഷോപ്പുകളും നിലവിൽ സംസ്ഥാനത്ത് ഇല്ല.
കർണാടകത്തിലാണ് ഇത്തരത്തിലുള്ള ബസുകളുടെ നിർമാണം നടക്കുന്നത്.