/sathyam/media/media_files/2025/08/21/flight-ticket-rate-hype-2025-08-21-16-50-24.jpg)
കോട്ടയം: പതിവ് തെറ്റിയില്ല, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ സാധാരണ നിരക്കില്‍ നിന്നും മൂന്നും നാലും മടങ്ങായി നിരക്ക് ഉയര്‍ത്തുന്ന പതിവ് ആവര്‍ത്തിച്ച് വിമാനക്കമ്പനികള്‍. ഗള്‍ഫിലെ അവധി തീരുന്നതും ഓണക്കാലവും ലക്ഷ്യമിട്ടാണ് വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയത്.
സാധാരണയായി 8000 മുതല്‍ 12000 രൂപയ്ക്കു വരെ ലഭ്യമാകുന്ന ഗള്‍ഫ് ടിക്കറ്റിന് 50,000 രൂപ വരെ നല്‍കണം. തിരിച്ചുപോക്കാണ് ഏറെ കഠിനം. സെപ്റ്റംബര്‍ ആറു മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്നു ദുബായ്ക്ക് ഏറ്റവും കുറഞ്ഞ നിക്ക് 28000 രൂപയാണ്. എയര്‍ ഇന്ത്യ 45000, എയര്‍ അറേബ്യ 48000, എമിറേറ്റ്‌സ് 76000 എന്നിങ്ങനെയാണു നിരക്കുകള്‍.
നാലു പേരടങ്ങുന്ന കുടുംബത്തിന് സഞ്ചരിക്കാന്‍ രണ്ടു ലക്ഷം രൂപയോളം ടിക്കറ്റിനു മാത്രമായി ചെലവാക്കേണ്ടി വരും. ഓണക്കാലം കഴിയുന്നത് വരെ നിരക്ക് ഉയര്‍ന്നു തന്നെ നില്‍ക്കും. യൂറോപ്യന്‍ രാജ്യങ്ങളിലെ അവസ്ഥയും വ്യത്യസ്ഥമല്ല. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിന്റെ ഇരട്ടി നല്‍കണം. 58000 രൂപയാണ് ലണ്ടനിലേക്കുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് ചാര്‍ജ്.
ഉത്സവ സീസണിലും അവധിക്കാലത്തും അനിയന്ത്രിതമായ നിരക്കാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത് സാധാരണക്കാരെ വലയ്ക്കുന്നുണ്ട്. ടിക്കറ്റ് നിരക്കിനു പുറമേ പുറമെ യൂസേഴ്‌സ് ഫീസും സര്‍വീസ് ചാര്‍ജും ഉള്‍പ്പെടെ സാധാരണക്കാരായ യാത്രക്കാര്‍ ടിക്കറ്റ് നിരക്കിലൂടെ നല്‍കേണ്ട അവസ്ഥയാണ്.
അതേസമയം, വിമാന ടിക്കറ്റ് നിരക്കുകള്‍ ഏകീകരിക്കാനുള്ള പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി്എ) നടപടി സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു.
കെ.സി വേണുഗോപാല്‍ ചെയര്‍മാനായ പാര്‍ലിമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പി.എ.സി) കര്‍ശന നിലപാടിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ ഡി.ജി.സി.എ നിര്‍ബന്ധിതമായത്.
ഡിമാന്‍ഡ് അനുസരിച്ചാണു വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കൊള്ള നടത്തിയിരുന്നത്. വിമാന ടിക്കറ്റ് നിരക്കുകള്‍ ഏകീകരിക്കാനുള്ള പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ ഭാവിയില്‍ കീശ കീറാതെ യാത്ര ചെയ്യാമെന്ന പ്രതീക്ഷ പ്രവാസികള്‍ക്കുണ്ട്.