/sathyam/media/media_files/2025/08/22/legguges-on-train-2025-08-22-16-25-18.jpg)
കോട്ടയം: ട്രെയിനുകളിലെ ലഗേജിനു നിയന്ത്രണം വരുന്നൂ.. നോക്കിയും കണ്ടും ലഗേജ് കൊണ്ടു പോയില്ലെങ്കില്‍ കീശ കാലിയാകും. ഭാരം അധികമാണെങ്കില്‍ പിഴ ഈടാക്കും.
അധിക ഭാരത്തിന്റെ തൂക്കവും യാത്രാദൂരവും ആശ്രയിച്ചായിരിക്കും പിഴത്തുക. ലഗേജുകള്‍ സ്റ്റേഷനിലെ ഇലക്ട്രോണിക് വേയിംഗ് മെഷീനുകളില്‍ പരിശോധയ്ക്കു വിധേയമാക്കും.
ക്ലാസിനനുസരിച്ചു ലഗേജിന്റെ പരിധിയിലും നിരക്കിലും വ്യത്യാസമുണ്ടാകും. നിശ്ചിത പരിധിയിലധികം ലഗേജ് കൊണ്ടുപോകണമെങ്കില്‍ മുന്‍കൂട്ടി പാഴ്സല്‍ ഓഫീസില്‍ പണമടച്ച് ബുക്കു ചെയ്യണം.
ഭാരപരിധിക്കുള്ളിലാണെങ്കിലും സ്ഥലം മുടക്കുന്ന രീതിയിലുള്ളതും മറ്റു യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ വലിയ ലഗേജുകള്‍ അനുവദിക്കില്ല.
യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കാനാണു നടപടിയെന്നു പറയുമ്പോഴും ഒപ്പം അധിക വരുമാനമാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. പുതിയ വന്ദേഭാരത് വികസന പ്രവര്‍ത്തനങ്ങള്‍ക്കുൾപ്പടെ റെയില്‍വേയുടെ ഇപ്പോഴത്തെ വരുമാനം പോരാതെ വരുന്നുണ്ട്.
ചരക്കു നീക്കത്തില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ വളരെ കുറവ് വരുമാനമാണു യാത്രാ വിഭാഗത്തില്‍ നിന്നുള്ളത്. ഇതു മറികടക്കാന്‍ എ.സി കോച്ചുകളിലെ ടിക്കറ്റ് നിരക്കു പുനപരിശോധിക്കണമെന്ന് മുൻപ് ആവശ്യം റെയില്‍വേയില്‍ ഉയര്‍ന്നിരുന്നു.
കോവിഡിന് ശേഷം ഇന്ത്യയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് എ.സി. കോച്ചുകളോട് പ്രിയമേറിയതായി കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019-2020 വര്‍ഷത്തില്‍ ആകെ വരുമാനത്തിന്റെ 36 ശതമാനം അതായത് ഏകദേശം മൂന്നിലൊന്നു മാത്രമാണ് എ.സി.
അതേസമയം ആകെ വരുമാനത്തിന്റെ 58 ശതമാനവും റെയില്‍വേ നേടിയത് സബ്-അര്‍ബന്‍ ട്രെയിനുകള്‍ ഒഴികെയുള്ള എ.സി ഇതര യാത്രക്കാരില്‍ നിന്നാണ്. ഇക്കാലയളവില്‍ 50,669 കോടി രൂപയായിരുന്നു യാത്രക്കാരില്‍ നിന്നുള്ള റെയില്‍വേയുടെ വരുമാനം.
ഈ കണക്കുകളാണ് ഇപ്പോള്‍ നേരെ തിരിഞ്ഞത്. 2024-2025 വര്‍ഷം യാത്രക്കാരില്‍ നിന്നുള്ള ആകെ വരുമാനത്തിന്റെ 54 ശതമാനവും എ.സി. ക്ലാസുകളില്‍ നിന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെയെല്ലാം ഭാഗമായാണു ലഗേജിനു നിയന്ത്രണം കര്‍ശനമാക്കുന്നത്.
നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ (എന്‍.സി.ആര്‍) സോണിലാണ് ആദ്യം നടപ്പാക്കുന്നത്. സ്ലീപ്പറില്‍ 40 കിലോവരെ (സൗജന്യം), ഫസ്റ്റ് എ.സി - 70 കിലോ ഗ്രാം, സെക്കന്‍ഡ് എ.സി - 50, തേഡ് എ.സി - 40, ജനറല്‍ - 35 എന്നിങ്ങനെയാണു ഭാരപരിധി. അതേസമയം പിഴയുടെ നിരക്ക് റെയില്‍വേ പുറത്തുവിട്ടിട്ടില്ല.