/sathyam/media/media_files/2025/08/23/kottayam-port-2025-08-23-19-47-57.jpg)
കോട്ടയം: ജലമാര്‍ഗമുള്ള ചരക്കുനീക്കം പുനരാരംഭിക്കാൻ കോട്ടയം പോര്‍ട്ടില്‍ തിരക്കിട്ട നടപടികള്‍. 40 അടി നീളമുള്ള 18 കണ്ടെയ്നറുകള്‍ വഹിക്കാന്‍ ശേഷിയുമുള്ള ബാര്‍ജ് നിര്‍മിക്കാന്‍ പദ്ധതിയുമായി സ്വകാര്യ കമ്പനി വന്നതോടെയാണു പ്രതീക്ഷകള്‍ ഉണര്‍ന്നത്.
കൊച്ചിയിലെ ബാക് വാട്ടര്‍ നാവിഗേഷന്‍ കമ്പനിയാണ് 7.5 കോടി ചിലവില്‍ ബാര്‍ജ് നിര്‍മ്മിക്കുക.
ബാര്‍ജുകള്‍ ആവശ്യത്തിന് ഇല്ലാതിരുന്നതും സാങ്കേതിക തടസവും മൂലമാണു ചരക്കുനീക്കം മുടങ്ങിയത്. കണ്ടെയ്‌നര്‍ നീക്കം പുനരാരംഭിച്ചാല്‍ കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കാനും, ചരക്കു നീക്കത്തിന്റെ ചെലവ് കുറയ്ക്കാനുമാവും.
കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ കീഴിലുള്ള പോര്‍ട്ടുകളില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കണ്ടെയ്‌നര്‍ കയറ്റുമതി നടന്നതു കോട്ടയം പോര്‍ട്ടിലൂടെയായിരുന്നു. 2423 കണ്ടെയ്‌നറുകളും 60575 ടണ്‍ ചരക്കുമാണു കയറ്റുമതി ചെയ്തത്.
ഇതിനിടെ വ്യവസായ വകുപ്പിന്റെ കീഴില്‍ നിന്ന് കോട്ടയം പോര്‍ട്ട് തുറമുഖ വകുപ്പിന്റെ കീഴിലേക്ക് പ്രവര്‍ത്തനം മാറ്റാനുള്ള നടപടികള്‍ക്കും തുടക്കമിട്ടിരുന്നു.
ദ് സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിക്ക് 51% ഉം കിന്‍ഫ്രയ്ക്ക് 49% ഉം ഓഹരി പങ്കാളിത്തമുള്ള പോര്‍ട്ടിന്റെ ഭരണച്ചുമതല തുറമുഖ വകുപ്പിന്റെ കീഴിലേക്കു മാറുന്നതോടെ അടിമുടി മാറ്റങ്ങളാണ് വരുന്നത്.
വിഴിഞ്ഞത്തിന്റെ വികസനം സാധ്യമാകുന്നതോടെ കോട്ടയം പോര്‍ട്ടിനും കൂടുതല്‍ സാധ്യതകള്‍ കൈവരുമെന്ന പ്രതീക്ഷയാണുള്ളത്. ഉള്‍നാടന്‍ ജലഗതാഗത വകുപ്പും പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്.
ദേശീയ ജലഗതാഗതപാത വികസിപ്പിച്ച് വിഴിഞ്ഞത്തെയും കോട്ടയം പോര്‍ട്ടിനെയും ബന്ധിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.
തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവയിലൂടെ കടലിലേക്കു നീങ്ങി വിഴിഞ്ഞം തുറമുഖത്തേക്കും തിരികെയും ചരക്കുനീക്കം സാധ്യമാക്കുന്ന പദ്ധതിയും പരിഗണനയിലുണ്ട്.