/sathyam/media/media_files/2025/08/24/images-1280-x-960-px274-2025-08-24-11-14-26.jpg)
കോട്ടയം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഒരു ദിവസം പതിനായിരത്തലിധികം പേരാണ് പനിബാധിച്ച സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടുന്നത്.
രോഗികളെ കിടത്തി ചികിത്സിക്കാന്‍ കിടക്കകള്‍ ഒഴിവില്ലാത്ത അവസ്ഥ സംസ്ഥാനത്തുണ്ട്. ഇതോടെ നിലത്ത് പാ വിരിച്ചു കിടക്കേണ്ട അവസ്ഥയിലാണ് രോഗികളുടേത്.
പനിബാധിതരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ലെന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 48 പേര്‍ പനി ബാധിച്ചു സംസ്ഥാനത്ത് മരിച്ചു എന്നാണ് കണക്കുകള്‍. സ്വകാര്യ ആശുപത്രികളിലും അവസ്ഥ വ്യത്യസ്ഥമല്ല.
വൈറല്‍ പനിയോടൊപ്പം എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ഇന്‍ഫ്‌ളുവന്‍സ്, വയറിളക്കരോഗങ്ങള്‍ തുടങ്ങിയവയും പലയിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാലാവസ്ഥാവ്യതിയാനവും പനിവ്യാപനത്തിനു പ്രധാന കാരണമായി ആരോഗ്യവിദഗ്ധര്‍ പറയുന്നു.
പനി മാറിയാലും ചുമ തുടരുന്നതാണ് പലരെയും അലട്ടുന്നത്. എത്ര മരുന്നു കഴിച്ചാലും ചുമ കുറയുന്നില്ല. ഒടുവില്‍ ചുമ ശ്വാസംമുട്ടല്‍ പോലുള്ള അവസ്ഥയിലേക്ക് ചെന്നെത്തുന്നു.
മെഡിക്കല്‍ കോളജിലും ജില്ലാ ജനറല്‍ ആശുപത്രിയിലെയും ചെസ്റ്റ് ഒ.പികളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഒ.പി സമയം കഴിഞ്ഞാലും രോഗികളുടെ നീണ്ട നിരയാണ് ചെസ്റ്റില്‍ ഉള്ളത്.
ഇതോടൊപ്പം അമീബിക് മസ്തിഷ്‌ക ജ്വരം ഉള്‍പ്പടെയുള്ളവ ആശങ്ക ഉയര്‍ത്തുന്നുണ്ട്. മലബാറിലെ മൂന്ന് ജില്ലകളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി ഏഴുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം കൃത്യമായി മനസിലാക്കാന്‍ കഴിയാത്തത് ആരോഗ്യവകുപ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്.
കോഴിക്കോട് , മലപ്പുറം ജില്ലകളിലെ ആറു പേരും വയനാട്ടിലെ ഒരാളുമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.
രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചെങ്കിലും ഇതുവരെ ഫലം ലഭിച്ചിട്ടില്ല. ഉറവിടം കൃത്യമായി മനസിലാക്കാന്‍ കഴിയാത്തത് ആരോഗ്യവകുപ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്.