/sathyam/media/media_files/2025/03/25/JuKU9LTbbkm6m4KNLR67.jpg)
കോട്ടയം: എന്തിനാണ് ട്രെയിനുകളോട് ഇത്ര കലി?. മലബാറിലെ യുവാക്കളോട് റെയില്‍വേ ഉദ്യോഗസ്ഥര്‍ ചോദിക്കുന്ന ചോദ്യമാണിത്.
അടിക്കടി ട്രെയിനുകള്‍ക്കു നേരെയുണ്ടാകുന്ന അക്രമങ്ങള്‍ ആശങ്കയുണ്ടാക്കുന്നാണ്.
റെയില്‍പാളത്തില്‍ വലിയ കല്ലുകള്‍ നിരത്തിവെക്കുക, ട്രെയിന് നേരെ കല്ലെറിയുക തുടങ്ങിയ സംഭവങ്ങള്‍ ഏറ്റവും കൂടുതലായി നടക്കുന്നത് മലബാര്‍ ജില്ലകളിലാണ്.
അത്യപൂര്‍വം സന്ദര്‍ഭങ്ങളില്‍ ട്രെയിനുകള്‍ക്കു നേരെയുള്ള കല്ലേറുകള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കിലും അടുത്ത കാലത്ത് അത് വര്‍ദ്ധിക്കുകയാണ്.
ട്രെയിനിനു നേരെയുണ്ടാകുന്ന കല്ലേറുകളില്‍ മിക്കതിലും പ്രതികളെ പിടികൂടാന്‍ സാധിക്കുന്നില്ല എന്നതും വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
ശക്തമായ ഏറില്‍ നല്ല ഉറപ്പുള്ള ട്രയിന്‍ ജനല്‍ചില്ല് പൊട്ടുന്നത് പതിവാണ്. ഇവ യാത്രക്കാര്‍ക്കും വലിയ ഭീഷണിയാണ് ഉയര്‍ന്നിരിക്കുന്നത്.
യാത്രക്കാര്‍ക്കു പരുക്കേല്‍ക്കാനുമുള്ള സാധ്യതയേറെയാണ്. സി.സി ടിവികളുടെ നിരീക്ഷണമില്ലാത്ത പ്രദേശങ്ങളാണ് സാമൂഹ്യ വിരുദ്ധര്‍ കല്ലെറിയാന്‍ തെരഞ്ഞെടുക്കുന്നത്.
സംഭവം നടക്കുന്ന സ്ഥലങ്ങളില്‍ റെയില്‍വേ സംരക്ഷണസേനയും റെയില്‍വേ പോലീസും പരിശോധന നടത്തുമെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താന്‍ കഴിയുന്നില്ല എന്നത് ഉദ്യോസ്ഥരെ പ്രതിസന്ധിയിലാക്കുന്നതിനൊപ്പം യാത്രക്കാരുടെ പേടി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഇതോടൊപ്പമാണ് റെയില്‍വേ പാളത്തില്‍ കല്ലുവെക്കുന്നത്.
കഴിഞ്ഞദിവസം, കണ്ണൂരില്‍ വന്ദേഭാരത് എക്‌സ്പ്രസ് കടന്നുപോകുമ്പോള്‍ റെയില്‍പ്പാളത്തില്‍ കല്ലുവച്ച അഞ്ച് വിദ്യാര്‍ഥികള്‍ പിടിയിലായിരുന്നു.
പുതിയതെരു സ്വദേശികളായ വിദ്യാര്‍ഥികളാണ് പിടിയിലായത്. തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് കടന്നുപോകുമ്പോള്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.23-ന് ചിറക്കല്‍ ഇരട്ടക്കണ്ണന്‍ പാലത്തിന് സമീപമാണ് സംഭവം.
കണ്ണൂര്‍ സ്റ്റേഷന്‍ കടന്നുപോയ വന്ദേഭാരത് പാളത്തിലെ കല്ലില്‍ തട്ടി ഉലഞ്ഞു. കുട്ടികളെ പിടികൂടിയപ്പോള്‍ സ്‌കൂള്‍ അവധി ആയതിനാല്‍ റെയില്‍പ്പാളത്തിനടുത്തുള്ള കുളത്തില്‍ നീന്താന്‍ വന്നതാണ്.
കല്ലുകള്‍ കൗതുകത്തിന് പാളത്തില്‍ വെച്ചതണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. മുന്‍പും സമാന സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.
അന്നും യുവാക്കളും കുട്ടികളുമാണ് പിടിയിലായത്. ഇതു റെയില്‍വേയ്ക്കു വലിയ തലവേദനയായിരിക്കുകയാണ്.