ഓണാവധി ഇങ്ങെത്തി.അവധിക്കാലത്ത് കുട്ടികളുടെ കാര്യത്തില്‍ കരുതല്‍ വേണം. അമീബിക് മസ്തിഷ്‌ക ജ്വരം കുട്ടികളുടെ ജീവനെടുക്കും

ഈ അവധിക്കാലത്ത് ഭീതി വിതയ്ക്കുന്ന അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്.

New Update
1001197559

കോട്ടയം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണപരീക്ഷകള്‍ അവസാനഘട്ടത്തിലാണ്.

27ന് ഓണപരീക്ഷകള്‍ അവസാനിക്കും. 28ന് സ്‌കൂളുകളില്‍ ഓണഘോഷ പരിപാടികള്‍ നടക്കും.

Advertisment

ഇതിന് ശേഷം ഓഗസ്റ്റ് 29 ഓണാവധി ആരംഭിക്കും. ഓണാവധി കഴിഞ്ഞ്  സെപ്റ്റംബര്‍ 8ന് സ്‌കൂളുകള്‍ തുറക്കും.

ഈ അവധിക്കാലത്ത് ഭീതി വിതയ്ക്കുന്ന അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ഇതിനോടകം മലബാറിലെ മൂന്ന് ജില്ലകളില്‍ അമീബിക് മസ്തിഷ ജ്വരം സ്ഥിരീകരിച്ചു കഴിഞ്ഞു.

കോഴിക്കോട് , മലപ്പുറം, വയനാട് ജില്ലകളിലാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്.

മറ്റു ജില്ലകള്‍ക്കും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നെഗ്ലേറിയ  ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു ശരീരത്തില്‍ പ്രവേശിച്ച് തലച്ചോറിനെ ബാധിക്കുമ്പാഴാണ് അമീബിക് മസ്തിഷ്‌ക ജ്വരമുണ്ടാകുന്നത്.

ഇപ്പോള്‍, ഇതേ രോഗാണുവിന്റെ പുതിയ വകഭേദങ്ങളാണ് രോഗം പടര്‍ത്തുന്നതെന്നതും ആശങ്കയ്ക്കു കാരണമാണ്.

സാധാരണ വേനല്‍ക്കാലത്താണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ എല്ലാ മാസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗബാധിതരെ കണ്ടെത്തുന്നതാണ് ജാഗ്രതാ നടപടികള്‍ ശക്തമാക്കാന്‍ ആരോഗ്യവകുപ്പിനെ പ്രേരിപ്പിക്കുന്നത്.

കെട്ടിക്കിടക്കുന്നതും വൃത്തിഹീനവുമായ ജലാശയങ്ങളിലാണ് ഇത്തരം അമീബ സാന്നിധ്യമുള്ളത്.

ഇടവിട്ടുള്ള വെള്ളപ്പൊക്ക ശേഷങ്ങള്‍ക്കു ശേഷം പല പ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള നൂറുകണക്കിനു വെള്ളക്കെട്ടുകളുണ്ട്.

വര്‍ഷങ്ങളായി വൃത്തിയാക്കാതെ കിടക്കുന്ന പാറമടക്കുളങ്ങുമേറെയുണ്ടെന്നും ആശങ്കയ്ക്കു കാരണമാകുന്നു.

ഒഴുകുന്ന നദികളിലും തോടുകളിലും അമീബയുടെ സാന്നിധ്യം കുറവാണെങ്കിലും പാറയിടുക്കുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം അപകടകാരിയാണ്.

 ക്ലോറിനേഷന്‍ നടത്താത്ത നീന്തല്‍ കുളങ്ങള്‍ ഉള്‍പ്പെടെ, സുരക്ഷിതമല്ലാത്ത കുളങ്ങളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നത്.

ഇത്തരം ജലാശയങ്ങളില തല മുങ്ങി കുളിക്കുന്നത് ഒഴിവാക്കണം. കുളിക്കുമ്പോള്‍ മൂക്കിലൂടെ വെള്ളം അകത്തേയ്ക്കു കയറാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഇറങ്ങുമ്പോള്‍ കലങ്ങി മറിയുന്ന വെള്ളത്തില്‍ കുളിക്കുന്നതും ഒഴിവാക്കണം.

ജലാശയങ്ങള്‍ സുരക്ഷിതമാക്കുക യെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.

വെള്ളത്തിന്റെ നിലവാരം സംബന്ധിച്ച് സംശയമുള്ളവര്‍ക്ക് ആരോഗ്യവകുപ്പിന്റെ തിരുവനന്തപുരത്തെ ലാബില്‍ പരിശോധനയ്ക്കുള്ള  സൗകര്യമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Advertisment