/sathyam/media/media_files/2025/08/25/onasadya-2025-08-25-16-08-24.jpg)
കോട്ടയം: ഓണത്തിനു പഴയതുപോലെ വീടുകളില്‍ സദ്യ ഒരുക്കുന്ന പരിപാടികള്‍ നഗരങ്ങള്‍ അവസാനിച്ചു. ഓഡര്‍ ചെയ്താല്‍ തിരുവോണ ദിവസം പഴവും പ്രഥമനും പാല്‍പ്പായസവും കൂട്ടി 19 വിഭവങ്ങള്‍ ഉള്ള ഓണ സദ്യ പാഴസലായി ലഭിക്കും.
ഹോട്ടലുകളിലും കേറ്ററിങ് സ്ഥാപനങ്ങളിലും ഓണസദ്യ ബുക്കിങ്ങിന്റെ തിരക്കിലാണ്. കുടുംബശ്രീ മിഷനും ഓണസദ്യയുമായി രംഗത്തുണ്ട്. തൂശനില, ചോറ്, അവിയല്‍, സാമ്പാര്‍, കാളന്‍, തോരന്‍, അച്ചാറുകള്‍, പച്ചടി, കിച്ചടി, ഉപ്പേരി, പപ്പടം,പലതരം പായസം എന്നിവ എന്നിങ്ങനെ വിഭവ സമൃദ്ധമായ സദ്യയാണു പാഴ്‌സലായി നല്‍കുന്നത്. പല കേറ്റിങ് സ്ഥാപനങ്ങളിലും ബുക്കിങ് ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞു.
പലരും ഈ മാസം 30 വരെ സദ്യ ബുക്ക് ചെയ്യാന്‍ സമയം നല്‍കിയിട്ടുണ്ട്. തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളില്‍ സദ്യ പാഴ്‌സലായി വാങ്ങാം. ബള്‍ക്കായുള്ള ഓഡുറുകളും കേറ്ററിങ് സ്ഥാപനങ്ങള്‍ സ്വീകരിക്കും.
ഇല ഒന്നിന് 200 മുതല്‍ 350 രൂപവരെയുള്ള പാക്കേജുകള്‍ ഉണ്ട്. പായസം മാത്രം മതിയെങ്കില്‍ അങ്ങനെയും വാങ്ങാം. അട, പാല്‍പാസയം, പ്രഥമന്‍, പരിപ്പ്, പഴംപ്രഥമന്‍, എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പായസങ്ങളും ലഭിക്കും.
ഓണത്തിനു പായസം മാത്രം ബുക്കു ചെയ്തു വാങ്ങിക്കൊണ്ടു പോകുന്നവര്‍ ധാരാളമുണ്ടെന്നു കേറ്ററിങ് യൂണിറ്റുകള്‍ പറയുന്നു. പായസം മാത്രം വില്‍ക്കുന്ന ചെറിയ കടകളുമുണ്ട്. പായസ ഒരു ലീറ്റര്‍ പാലട പ്രഥമനു 300നു മുകളിലാണു വില. പരിപ്പ്, ഗോതമ്പ് പായസത്തിനും ലീറ്ററിനു 250 രൂപ തന്നെ. പഴം പായസത്തിനു വില അല്‍പം കൂടി കൂടും, ലീറ്ററിനു 350 രൂപവരെ ഈടാക്കുന്നുണ്ട്.
ഗ്രാമങ്ങളിലേക്കു പോയാല്‍ പായസത്തിന്റെ നിരക്കും കുറയും. ഇതോടൊപ്പം ഹോട്ടലുകളില്‍ ഓണാഘോഷങ്ങളും സംഘടിപ്പിക്കുന്നുണ്ട്. സ്ഥപാനങ്ങൾക്കോ, ഫാമിലിക്കോ ബുക്ക് ചെയ്യാം. പലതരം ഗെയിമുകളും വെല്‍ക്കം ഡ്രിങ്കും സദ്യയുമൊക്കെയായി 999 രൂപയുടെയും 699 രൂപയുടെയും പാക്കേജുകള്‍ ഹോട്ടലുകള്‍ ഒരുക്കിയിട്ടുണ്ട്.