/sathyam/media/media_files/2025/02/25/ns1CmKfPTg58yxXw7eVA.jpg)
തിരുവനന്തപുരം: 232രൂപ തുച്ഛമായ പ്രതിദിനവേതനം കൂട്ടിക്കിട്ടാൻ മഴയും വെയിലും വകവയ്ക്കാതെ സെക്രട്ടേറിയറ്റിനു മുന്നിൽ ആശമാർ നടത്തുന്ന രാപകൽ സമരം ഇരുനൂറാം ദിവസത്തിലേക്ക്.
ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ അനുകൂലം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫെബ്രുവരി 10ന് സമരം തുടങ്ങിയത്.
കേരളത്തിലെ ഏറ്റവും അടിസ്ഥാന ജനവിഭാഗത്തിന്റെ ജനകീയ ആവശ്യത്തോട് സർക്കാർ ഇതുവരെ മുഖം തിരിക്കുകയാണ്.
പേരിന് ഏതാനും വട്ടം ചർച്ച നടത്തിയെങ്കിലും ആശമാരുടെ സമരത്തോട് അനുഭാവ പൂർണമായ സമീപനമല്ല സർക്കാരിന്.
വിവിധ രാഷ്ട്രീയ നേതാക്കൾ മുതൽ സാധാരണക്കാരായ തൊഴിലാളികളും വീട്ടമ്മമാരും വരെ ദിനംപ്രതി സമരപന്തലിലേക്ക് അഭിവാദ്യമർപ്പിച്ച് എത്തുന്നുണ്ട്.
ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും പണവുമൊക്കെയായി സംഭാവനകൾ നൽകിയും ജനങ്ങൾ സമരത്തിന് പിന്തുണ നൽകുന്നു.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ആശമാരുടെ സമരം സർക്കാരിന് വലിയ വെല്ലുവിളിയായി മാറുമെന്നുറപ്പാണ്.
സമരം ഇരുനൂറ് ദിവസം പിന്നിടുന്നതോടെ അതിന്റെ രൂപം മാറുമെന്നാണ് പോലീസ് പറയുന്നത്.
കടുത്ത സമരമുറകൾ സമരക്കാർ പുറത്തെടുക്കുന്നതോടെ സർക്കാരും കൂടുതൽ പ്രതിരോധത്തിലാവുമെന്ന് ഉറപ്പാണ്.
എസ്.യു.സി.ഐ നേതൃത്വം നൽകുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ആണ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരം നയിക്കുന്നത്. സി.ഐ.ടി.യുവിനടക്കം ആശമാരുടെ സംഘടനകളുണ്ട്.
എസ്.യു.സി.ഐ സംഘടനയുടെ സമരത്തെ തുടർന്ന് വേതനം കൂട്ടിയാൽ അത് സി.ഐ.ടി.യു യൂണിയന് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തൽ. അതിനാലാണ് ഇപ്പോഴത്തെ സമരത്തെ സർക്കാർ അവഗണിക്കുന്നത്.
സി.ഐ.ടി.യു യൂണിയന്റെ നേതൃത്വത്തിൽ ഉടൻ തന്നെ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് സമരം തുടങ്ങുന്നുണ്ട്.
അതിനു ശേഷമായിരിക്കും ശമ്പള വർദ്ധനവിന് സർക്കാർ തീരുമാനമെടുക്കുക.
സംസ്ഥാനത്തെ മിനിമം വേതനമായ 700രൂപ തങ്ങൾക്കും കിട്ടണമെന്നാവശ്യപ്പെട്ടാണ് ആശമാർ സമരത്തിലുള്ളത്.
അവർക്ക് ശാഠ്യവും നിർബന്ധബുദ്ധിയുമാണെന്നും രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്നും ആരു വിചാരിച്ചാലും പരിഹരിക്കാനാവില്ലെന്നുമൊക്കെയാണ് സർക്കാർ നിലപാട്.
സമരക്കാരെ നയിക്കുന്നവരുടെ ലക്ഷ്യം വേറെയാണ്. ആശമാരെ ഹെൽത്ത് വർക്കർമാരാക്കുകയെന്ന യഥാർത്ഥ ആവശ്യമുന്നയിക്കാതെ കേന്ദ്രത്തെ സഹായിക്കുന്ന സമരമാണിത്.
26000ആശമാരിൽ 354പേർ മാത്രമാണ് സമരത്തിലുള്ളത്. ഇത് 1.34% മാത്രമാണ്. സമരക്കാർ പിടിവാശി ഉപേക്ഷിച്ചാൽ പരിഹാരമുണ്ടാവും.
അല്ലെങ്കിൽ ആരു വിചാരിച്ചാലും പരിഹരിക്കാനാവില്ല. ഒറ്റ തൊഴിലാളി സംഘടനയും സമരത്തെ പിന്തുണയ്ക്കുന്നില്ല- ഇങ്ങനെയാണ് ആശാ സമരത്തെ സർക്കാർ പുച്ഛിച്ചത്.
നിരവധി സമരമുറകളിലൂടെയാണ് ആശാസമരം പുരോഗമിച്ചത്.
ജനുവരി 25ന് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ സൂചനാ സമരത്തിൽ സംസ്ഥാനത്തിന്റെ വാർഷിക ബജറ്റിൽ ആശമാരുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്നും ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ഇല്ലെങ്കിൽ രാപകൽ സമരത്തിലേക്ക് കടക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
പരിഗണിക്കാത്തതിനെ തുടർന്നാണ് ബജറ്റിനെതിരെ പ്രതിഷേധം ഉയർത്തി സമരം ആരംഭിച്ചത്.
യാതൊരു ആനുകൂല്യവും ഇല്ലാതെ 62 വയസ്സ് പൂർത്തിയായവർ പിരിഞ്ഞു പോകണം എന്ന സർക്കാർ ഉത്തരവ് പിൻവലിപ്പിക്കുക, അനാവശ്യ ജോലികളിൽ നിന്ന് ഒഴിവാക്കുക, ഓണറേറിയത്തിന് ഏർപ്പെടുത്തിയിരുന്ന മാനദണ്ഡങ്ങൾ പൂർണ്ണമായും പിൻവലിപ്പിക്കുക, ഓണറേറിയം മാസാമാസം കൃത്യമായി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമരക്കാർ ഇതിനകം നേടിയെടുത്തു.
കേന്ദ്രസർക്കാർ രാജ്യമാകെയുള്ള ആശമാരുടെ ഇൻസെന്റീവ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചതും സമരത്തെ തുടർന്നാണെന്ന് അസോസിയേഷൻ അവകാശപ്പെട്ടു.
ഒപ്പം വിവിധ ആനുകൂല്യങ്ങളും പ്രഖ്യാപിക്കപ്പെട്ടു. എത്രയാതനകൾ സഹിക്കേണ്ടി വന്നാലും ഓണറേറിയം വർദ്ധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ നേടുന്നതുവരെ സമരം ശക്തമായി തുടരുമെന്നാണ് സമരനേതാക്കൾ പറയുന്നത്.
സമരങ്ങളെയും ജനകീയ ആവശ്യങ്ങളെയും പ്രക്ഷോഭങ്ങളെയും വകവയ്ക്കാതെ മുന്നോട്ടു പോവുന്ന പിണറായി സർക്കാരിന്റെ രീതി ആശാസമരത്തിൽ മാറ്റേണ്ടി വരുമെന്നാണ് വിലയിരുത്തൽ.
തദ്ദേശ തിരഞ്ഞെടുപ്പിൽ ആശാ സമരവും അതിന്റെ ആവശ്യവും ചർച്ചാ വിഷയമാവാനിടയുണ്ട്.
232രൂപ തുച്ഛമായ പ്രതിദിനവേതനം കൂട്ടിക്കിട്ടാൻ മഴയും വെയിലും വകവയ്ക്കാതെ സമരം ചെയ്യുന്ന ആശമാരോട് കാട്ടിയ അനീതി കേരളം അംഗീകരിക്കില്ലെന്നും സർക്കാർ വിലയിരുത്തുന്നുണ്ട്.
അതിനാൽ സി.ഐ.ടി.യുവിന്റെ സമരത്തിന് പിന്നാലെ ആശമാരുടെ വേതനം കൂട്ടി സമരം നിർത്തിക്കാനായിരിക്കും സർക്കാർ ശ്രമിക്കുക.