/sathyam/media/media_files/2025/08/26/1001200072-2025-08-26-13-47-04.jpg)
കോട്ടയം: പ്രതീക്ഷകള്‍ വീണ്ടും ചിറകുവിരിച്ച ശബരി റെയില്‍ പദ്ധതിയില്‍ വീണ്ടും പ്രതിസന്ധി.
പദ്ധതിക്കായി അവശേഷിക്കുന്ന ഭൂമിയേറ്റെടുത്താലുടന്‍ പദ്ധതി മരവിപ്പിച്ച ഉത്തരവ് പിന്‍വലിക്കുമെന്നാണ് റെയില്‍വേ ബോര്‍ഡ് തീരുമാനം.
എന്നാല്‍, ഇത് സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നു. ഭൂമിയേറ്റെടുക്കാന്‍ തയ്യാറാണെന്നും പദ്ധതി മരവിപ്പിച്ച ഉത്തരവ് റെയില്‍വേ പിന്‍വലിച്ചാല്‍ നടപടികള്‍ തുടങ്ങാമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.
2019 സെപ്റ്റംബറില്‍ പദ്ധതി മരവിപ്പിച്ച് ദക്ഷിണറെയില്‍വേയിറക്കിയ ഉത്തരവാണ് പിന്‍വലിക്കേണ്ടത്. മരവിപ്പക്കല്‍ ഉത്തരവ് ഒഴിവാക്കിയാലേ സ്വകാര്യഭൂമി യേറ്റെടുക്കാനാവൂ.
സര്‍ക്കാര്‍ പണമുപയോഗിച്ച് മരവിപ്പിച്ച പദ്ധതിക്കായി ഭൂമിയേറ്റെടുക്കാനാവില്ല,അതു കേസാവും. ഇക്കാര്യങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കാര്യം റെയില്‍വേ അംഗീകരിക്കുമോ എന്നതില്‍ ഇപ്പോഴും അവ്യക്ത തുടരുകയാണ്.
രണ്ടാഴ്ച മുന്‍പാണ് പദ്ധതിക്കായി ഭൂമിയേറ്റെടുത്ത് നല്‍കിയാല്‍ പദ്ധതി മരവിപ്പിക്കുന്നത് ഒഴിവാക്കാമെന്നു റെയില്‍വേ ബോര്‍ഡ് അറിച്ചത്.
കേരളം ഉറപ്പ് നല്‍കിയ പകുതി തുകയില്‍നിന്നുള്ള വിഹിതം സ്ഥലമെടുക്കാന്‍ വിനിയോഗിക്കാം. 2019ല്‍ പദ്ധതി മരവിപ്പിച്ച ഉത്തരവ് ഭൂമിയേറ്റെടുത്താലുടന്‍ പിന്‍വലിക്കുമെന്നും ബോര്‍ഡ് ഉറപ്പുനല്‍കി.
അടിയന്തര നടപടികളെടുക്കാന്‍ ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ക്കും റെയില്‍വേ ബോര്‍ഡ് കത്തയച്ചിരുന്നു. പദ്ധതിച്ചെലവായ 3800.93കോടിയുടെ പകുതിയായ 1900.47കോടി കേരളം നല്‍കണമെന്നാണ് കേന്ദ്രനിര്‍ദ്ദേശം.
ഇത് സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്രം തള്ളിയത് കേരളത്തിന് തിരിച്ചടിയാണ്. അതേസമയം, ഇരുകൂട്ടരും ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരം കാണണമെന്ന ആവശ്യമാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
അതേസമയം, മൂന്ന് ജില്ലകളിലെയും കലക്ടര്‍മാരോട് ഭൂമിയേറ്റെടുക്കലിന് പദ്ധതി റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പദ്ധതിനടത്തിപ്പ് ചര്‍ച്ചചെയ്യാന്‍ റെയില്‍വേ ഉദ്യോഗസ്ഥരുടെ യോഗം 27ന് മന്ത്രി വി.അബ്ദുറഹിമാന്‍ വിളിച്ചു.
111.48കിലോമീറ്റര്‍ ശബരിപാതയ്ക്കായി എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ 416ഹെക്ടറോളം ഭൂമിയേറ്റെടുക്കണം.