/sathyam/media/media_files/2025/08/26/accidental-deaths-2025-08-26-19-40-49.jpg)
കോട്ടയം: 1914 മുതല്‍ കേരളത്തിലെ വാഹനാപകടങ്ങളുടെ ചരിത്രം ആരംഭിക്കുന്നു. ഇന്നു ഒരു വര്‍ഷം അയ്യായിരത്തോളം പേര്‍ സംസ്ഥാനത്തു വാഹനാപകടങ്ങളില്‍ മരണപ്പെടുന്നുണ്ട്. പക്ഷേ, ഈ അപകടങ്ങളെ പോലീസ് നിസാരവല്‍ക്കരിച്ചു വെറും അപകടമായി മാത്രം കാണുന്നു.
ഏറെ ഗുരുതരമായ വീഴ്ചയാണു സംസ്ഥാന പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഈ അപകടങ്ങളില്‍ ഒരു ചെറിയ വിഭാഗമെങ്കിലും മനപ്പൂര്‍വം ഉണ്ടാക്കുന്ന വാഹനാപകടങ്ങളാണ്.
പക്ഷേ, കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ നടത്തുന്ന ഇത്തരം കുറ്റകൃത്യങ്ങളും സ്വാഭാവിക അപകടങ്ങളായി കണ്ടു മനപ്പൂര്‍വമല്ലാത്ത നരഹത്യക്കു കേസെടുക്കുകയാണു പോലീസ് ചെയ്യുന്നത്. അപൂര്‍വം സംഭവങ്ങളില്‍ മാത്രം ഇവ പരിശോധിക്കപ്പെടും.
കറുകച്ചാലില്‍ കാമുകിയെ വകവരുത്തിയ തന്ത്രം
കോട്ടയം കറുകച്ചാലില്‍ യുവതി കാര്‍ ഇടിച്ചു മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്നു തെളിഞ്ഞത് നാടിനെ ഞെട്ടിച്ചിരുന്നു. കൂത്രപള്ളി സ്വദേശിനി നീതു ആര്‍.നായര്‍ ആണു കാര്‍ ഇടിച്ചു കൊല്ലപ്പെട്ടത്. കൊലപാതകം ആസൂത്രണം ചെയ്തു നടപ്പിലാക്കിയതാകട്ടേ നീതുവിന്റെ സുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേശി അന്‍ഷാദും.
ചങ്ങനാശേരിയിലെ ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ജീവനക്കാരിയാണു കൂത്രപ്പള്ളി സ്വദേശിനി നീതു. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന നീതുവുമായി അന്‍ഷാദിനു സൗഹൃദമുണ്ടായിരുന്നു.
അടുത്തകാലത്തു വ്യക്തിപരവും സാമ്പത്തികവുമായ തര്‍ക്കങ്ങളെ തുടര്‍ന്ന് ഇരുവരും ഭിന്നതയിലായി. തുടര്‍ന്നാണ് അന്‍ഷാദിന്റെ ആസൂത്രിത കൊലപാതകം.
ഇതിനായി കാര്‍ വാടകയ്ക്ക് എടുത്തു സുഹൃത്തുമൊത്തു കൃത്യം നടപ്പാക്കുകയായിരുന്നു. സംഭവ ശേഷം കാര്‍ നിര്‍ത്താതെ പോയതുകൊണ്ടു മാത്രമാണു പോലീസിന് അപകടത്തില്‍ സംശയം തോന്നി അന്വേഷണം നടത്തിയത്.
വൈത്തിരിയിലെ സഹോദരളുടെ പക
കഴിഞ്ഞ ഡിസംബറില്‍ വൈത്തിരിയില്‍ ജീപ്പ് ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോഡ്രൈവര്‍ ചുണ്ടേല്‍ കാപ്പംകുന്ന് കുന്നത്തുപീടിയേക്കല്‍ അബ്ദുല്‍ നവാസ് (44) മരിച്ച സംഭവം വ്യക്തി വൈരാഗ്യം മൂലമുള്ള ആസൂത്രിത കൊലപാതകമെന്നു തെളിഞ്ഞിരുന്നു.
സഹോദരങ്ങളായ രണ്ടു പേരെ വൈത്തിരി പോലീസ് സംഭവത്തില്‍ അറസ്റ്റു ചെയ്തത്. ജീപ്പ് ഓടിച്ചിരുന്ന നിലമ്പൂര്‍ കാഞ്ഞിരത്തിങ്കല്‍ കോഴിക്കറാട്ടില്‍ വീട്ടില്‍ സുമിന്‍ഷാദ് (24), സഹോദരന്‍ സുജിന്‍ഷാദ് (20) എന്നിവരെയാണു കല്‍പറ്റ ഡിവൈ.എസ്.പി പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അനേ്വഷണ സംഘം അറസ്റ്റു ചെയ്യുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെയും സൈബര്‍ സെല്ലിന്റെയും സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ അപകടം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നു തെളിയുകയായിരുന്നു. അപകടത്തിനു പിന്നാലെ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിച്ചു രംഗത്തെത്തിയിരുന്നു.
ആക്‌സിഡന്റ് സ്‌പെഷിലിസ്റ്റുകള്‍
ഒരു വര്‍ഷം 48834 അപകടങ്ങള്‍ സംസ്ഥാനത്തു നടക്കുമ്പോള്‍ പോലീസ് എല്ലാ അപകടങ്ങളിലും ഇത്തരം പരിശോധനകള്‍ നടത്തുന്നില്ല. ബന്ധുക്കള്‍ ആരോപണം ഉന്നയിക്കുമ്പോഴോ അന്വേഷണത്തില്‍ സ്വാഭാവികമായി എന്തെങ്കിലും ദുരൂഹത കണ്ടാലോ മാത്രമാണ് ഇവയുടെ പിന്നാലെ പോലീസ് ഇറങ്ങൂ. ഇത് ഒരു അവസരമായി മുന്നില്‍ക്കണ്ടു ക്വട്ടേഷന്‍ സംഘങ്ങള്‍ ഈ രംഗത്തു സജീവമാണ്.
ആക്‌സിഡന്റ് സ്‌പെഷിലിസ്റ്റുകള്‍ വരെ ഈ രംഗത്തുണ്ട്. പണം വാങ്ങി ക്വട്ടേഷന്‍ എടുക്കുന്ന സംഘങ്ങള്‍ വരെ. സ്വാഭാവികമെന്നോണം അപകടങ്ങള്‍ സൃഷ്ടിക്കും.
സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലാത്ത ഇടങ്ങള്‍ നോക്കി അപകടം ഉണ്ടാക്കി കടന്നു കളഞ്ഞാല്‍ പ്രതികളെ പിടികൂടുക അത്ര എളുപ്പമല്ല. ആയിരക്കണക്കിനു സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാലേ ചിലപ്പോള്‍ എന്തെങ്കിലും തുമ്പു കിട്ടൂ.
സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ ഇപ്പോഴും അഞ്ജാത വാഹനം ഇടിച്ചുള്ള അപകട മരണളുടെ കേസുകള്‍ തെളിയിക്കപ്പെടാതെ കിടപ്പുണ്ട്.
റെന്റ് എ കാര്‍ ബിസിനസ്
ഇന്നു പഴയ രണ്ടും മൂന്നും വാഹനങ്ങള്‍ വാങ്ങിയിട്ട് റെന്റ് എ കാര്‍ ബിസിനസ് നടത്തുന്ന സ്ഥാപനങ്ങള്‍ ഉണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ നിന്നാകും പലപ്പോഴും വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് അപകടങ്ങള്‍ ഉണ്ടാക്കുക.
റെന്റ് എ ക്യാബ് എന്ന സംവിധാനം ഇപ്പോള്‍ കേരളത്തില്‍ സജീവമാണ്. അത്തരം വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് കറുപ്പില്‍ മഞ്ഞനിറമുള്ള അക്ഷരങ്ങളിലായിരിക്കും.
റെന്റ് എ ക്യാബ് ബിസിനസ് വലിയ ഒരു ഗ്രൂപ്പിനുമാത്രമേ നടത്താനാകൂ. അന്‍പതു വാഹനത്തിനുമുകളില്‍ സ്വന്തമായുള്ള, ചുരുങ്ങിയത് അഞ്ചുജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണു റെന്റ് എ ക്യാബ് ലൈസന്‍സ് ലഭിക്കുക.
അവയ്ക്കു ടൂറിസ്റ്റ് പെര്‍മിറ്റും വേണം. മോട്ടോര്‍വാഹനവകുപ്പിന്റെ നിയമമനുസരിച്ച് അഞ്ചു വര്‍ഷം മാത്രമേ ഒരു വാഹനം വാടകയ്ക്കു നല്‍കാന്‍ കഴിയൂ. ടാക്സി വാഹനങ്ങളെപ്പോലെ രണ്ടുവര്‍ഷം കൂടുമ്പോള്‍ ഈ വാഹനങ്ങളും മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനകള്‍ക്കു വിധേയമാക്കണം.
സ്പീഡ് ഗവണര്‍, പാനിക് ബട്ടണ്‍, ജി.പി.എസ്. എന്നിവയും ഉണ്ടാകണമെന്നാണു ചട്ടം. എന്നാല്‍, ഇതൊന്നും പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നു വാഹനം വാടകയ്ക്ക് എടുത്തു കുറ്റകൃത്യങ്ങള്‍ നടത്തുന്നതു പതിവാണ്.
തെളിവുകള്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. കഞ്ചാവും എം.ഡി.എം.എയും പോലുള്ള ലഹരി കടത്താനും വേണ്ടി വന്നാല്‍ ആളെ കൊല്ലാനും ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നു. കറുകച്ചാലില്‍ യുവതിയെ കൊല്ലാന്‍ ഉപയോഗിച്ചതും ഇത്തരത്തില്‍ വാടകയ്‌ക്കെടുത്ത കാറാണ്.
മലയാളി യുവതിയെ കുടുക്കിയ ഓസ്‌ട്രേലിയന്‍ പോലീസ്
ഓസ്‌ട്രേലിയയില്‍ മലയാളി യുവതി കാമുകന് വേണ്ടി ഭര്‍ത്താവിനെ ഉറക്കത്തില്‍ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയ കേസ് അത്രപെട്ടന്നൊന്നും ആരും മറക്കാനിടയില്ല. 2015 ഒകേ്ടാബറിലായിരുന്നു പുനലൂര്‍ സ്വദേശിയും യു.എ.ഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാം ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മരിച്ചത്.
ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണു സാം മരിച്ചതെന്നാണു പോലീസ് ആദ്യഘട്ടത്തില്‍ കരുതിയത്. എന്നാല്‍, പിന്നീട് നടത്തിയ അന്വേഷണത്തിലാണു സാമിനെ ഭാര്യ സോഫിയും കാമുകനും ചേര്‍ന്നു സൈനൈഡ് നല്‍കി കൊല്ലുകയായിരുന്നു എന്നു വ്യക്തമായത്.
കാമുകന്‍ അരുണിനൊപ്പം ജീവിക്കാന്‍ സോഫിയയും, അരുണും ചേര്‍ന്നു ജ്യൂസില്‍ സാമിനു സയനൈഡ് കൊടുക്കുകയായിരുന്നു. സോഫിയ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സംസ്‌കരിക്കാനും പൊട്ടികരയാനും മുമ്പില്‍ നിന്നിരുന്നു.
നാട്ടില്‍ മൃതദേഹം എത്തിച്ചപ്പോള്‍ സോഫിയ ഭര്‍ത്താവിന്റെ വിയോഗ ദുഖത്താല്‍ മോഹാലസ്യം പോലും അഭിനയിച്ചു. എന്നാല്‍, തിരികെ ഓസ്ട്രേലിയയില്‍ വന്ന ശേഷം സോഫിയുടെ ഓരോ നീക്കവും പോലീസ് രഹസ്യമായി നിരീക്ഷിച്ചു.
സോഫിയയെ സംശയിക്കുന്നതായോ കേസില്‍ പ്രതിയാണെന്നോ പോലീസ് പറഞ്ഞില്ല. ഇന്ത്യയില്‍ നിന്നും വ്യത്യസ്തമായി എല്ലാ തെളിവുകളും ലഭിച്ച ശേഷമേ പോലീസ് കേസില്‍ പ്രതികളാക്കൂ. അതുവരെയുള്ള എല്ലാ നീക്കവും പോലീസ് രഹസ്യമാക്കി വയ്ക്കും. ഒടുവില്‍ പോലീസ് തന്ത്രപൂര്‍വം ഇവരെ കുടുക്കുകയായിരുന്നു.
ഒരു കുറ്റകൃത്യം നടന്നാലോ അപകടം നടന്നാലോ ഇത്തരം രാജ്യങ്ങളില്‍ അന്വേഷണം വേഗം അവസാനിപ്പിക്കാറില്ല. തുടര്‍ അന്വേഷണം നടത്തി സകല സാധ്യതകളും പരിശോധിച്ച ശേഷമേ അന്വേഷണം അവസാനിപ്പിക്കൂ.
കേരളാ പോലീസിനു മികവില്ലേ..
രാജ്യത്തെ മികച്ച അന്വേഷണ മികവുള്ള പോലീസ് സേനകളില്‍ ഒന്നാണു കേരളാ പോലീസും. മിടുക്കന്മാരാ ഉദ്യോസ്ഥര്‍ ഉണ്ടെങ്കിലും പോലീസ് സ്‌റ്റേഷനുകളില്‍ ആശവ്യത്തിന് ഉദ്യോഗസ്ഥര്‍ ഇല്ലാത്ത അവസ്ഥയുണ്ട്.
ജോലിഭാരവും അതിലേറെ ഉത്തരവാദിത്വവും നൈറ്റ് ഡ്യൂട്ടികള്‍, സ്‌പെഷല്‍ ഡ്യൂട്ടികള്‍ എന്നിവ എല്ലാം കൊണ്ടും കടുത്ത മാനസിക സമ്മര്‍ദം പോലീസ് സ്റ്റേഷനില്‍ ഉണ്ട് എന്നുള്ളത് ഒരു വസ്തുതയാണ്.
ഈ സാഹചര്യത്തില്‍ വാഹനാപകടങ്ങള്‍ എല്ലാം അന്വേഷിക്കുന്ന എന്നതു പോലീസിനെ സംബന്ധിച്ചു കീറാമുട്ടിയാണ്. ഇതോടെ പല കേസുകളും പോലീസിന്റെ ശ്രദ്ധകിട്ടാതെ മനപ്പൂര്‍വമല്ലാത്ത നരഹത്യയോ അഞ്ജാത വാഹനാപകടമോ ആയി രേഖപ്പെടുത്തുന്നു.
ഇത്തരം അവസ്ഥ മാറണമെന്നും സ്‌റ്റേഷനുകളടെയും ഉദ്യോസ്ഥരുടെയും എണ്ണം കൂട്ടന്നതിനൊപ്പം ഇത്തരം സംഭവങ്ങളില്‍ അന്വേഷണം വേണമെന്നുമാണ് ഉയരുന്ന ആവശ്യം.