/sathyam/media/media_files/2025/08/26/wild-bee-and-wasp-attack-2025-08-26-20-33-02.jpg)
കോട്ടയം: നാട്ടില്‍ ശല്യമുണ്ടാക്കി പെരുന്തേനീച്ചകളും കടന്നല്‍ക്കൂട്ടങ്ങളും. സ്‌കൂള്‍, കോളജ് കെട്ടിടങ്ങളും വളപ്പിലെ മരങ്ങളുമാണ് ഇത്തരത്തില്‍ തേനീച്ചകള്‍ കൂടുകൂട്ടുന്നത്. പാലായില്‍ ഓണാഘോഷത്തിന് ഇടയില്‍ കടന്നല്‍ കൂട് ഇളകി നൂറോളം വിദ്യാര്‍ഥികള്‍ക്കും, അധ്യാപകനും കടന്നല്‍ കുത്തേറ്റിരുന്നു.
പാലാ സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി ഓണാഘോഷത്തിനിടയില്‍ കടന്നല്‍ കൂട് ഇളകിയാണു വിദ്യാര്‍ഥികളെ ആക്രമിച്ചത്. കോളജ് കെട്ടിടത്തിനു മുകളിലെ നിലയില്‍ നിന്നും താഴേയ്ക്കു ബാനര്‍ഡിസ്‌പ്ലേ ചെയ്ത സമയത്ത് ബാനറിന്റെ ഇരുവശത്തും ഉള്ള കളര്‍ സ്‌മോക്ക് പടക്കത്തിന്റെ പുകയേറ്റാണു കടന്നല്‍ ഇളകിയത്.
ളാക്കാട്ടൂര്‍ എം.ജി.എം എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പെരുന്തേനീച്ചകള്‍ കൂട് കൂട്ടിയിയിരുന്നു. സ്‌കൂളിന്റെ രണ്ടാം നിലയിലെ ഷെയിഡിലാണു പെരുന്തേനീച്ചകള്‍ ഇരിപ്പുറപ്പിച്ചത്. തിങ്കളാഴ്ച സ്‌കൂളിലെത്തിയ അധ്യാപകരും വിദ്യാര്‍ത്ഥികളും ഭയന്നാണ് സ്‌കൂളില്‍ കഴിഞ്ഞത്.
പെരുന്തേനീച്ചയെ പിടികൂടാന്‍ വിദഗ്ധനായ ജോഷി മൂഴിയാങ്കലിനെ വിവരം അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് സ്ഥലത്ത് എത്തിയ ജോഷി പെരുന്തേനീച്ചകളെ മാറ്റുകയിരുന്നു.
മഴ മാറി പെട്ടന്നു വെയില്‍ ശക്തമായതോടെ ഇത്തരത്തില്‍ നിരവധി പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ തേനീച്ചകൂട് കൂട്ടിയത്. പക്ഷികള്‍ കൂടുകളില്‍ ഇടിക്കുമ്പോഴും ശക്തമായി കാറ്റ് വീശുമ്പോഴും ഇവ ഇളകി വന്നു മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും ആക്രമിക്കാനുള്ള സാധ്യതയുണ്ട്. വേനല്‍ച്ചൂട് കൂടുമ്പോഴും ഇവ കൂട്ടില്‍ നിന്നു പുറത്തുവരാറുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.