/sathyam/media/media_files/2025/08/27/paddy-collection-2025-08-27-14-37-09.jpg)
കോട്ടയം: നെല്‍ കര്‍ഷക രജിസ്‌ട്രേഷനുള്ള പുതിയ മാനദണ്ഡങ്ങള്‍ കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമാകുന്നു. 2025-26ലെ ഒന്നാംവിള സീസണിലേക്കുള്ള കര്‍ഷക രജിസ്ട്രേഷനാണ് തിങ്കളാഴ്ച തുടക്കമായത്.
ഇതുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ അപേക്ഷയിലാണ് പുതുനിബന്ധനകള്‍. ഇത് അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ കഴിയൂ.
നെല്ലില്‍ 17 ശതമാനത്തില്‍ കൂടുതല്‍ ഈര്‍പ്പം പാടില്ലെന്നാണ് സംഭരണത്തിനുള്ള നിബന്ധന. പതിര് മൂന്നുശതമാനമേ പാടുള്ളൂ. കലര്‍പ്പുകളും ഒഴിവാക്കണം. പണം വൈകിയാലും പരാതി പറയില്ലെന്ന നിബന്ധന കുടി അംഗീകരിക്കണമെന്ന സപ്ലൈകോയുടെ വിചിത്രനിലപാടില്‍ അമ്പരപ്പിലാണ് കര്‍ഷകര്‍.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പണം നല്‍കുമ്പോള്‍ മാത്രമേ നെല്ലിന്റെ വില നല്‍കുകയുള്ളൂ എന്നിവ അംഗീകരിച്ച് കര്‍ഷകര്‍ സത്യവാങ്മൂലം നല്‍കണമെന്നാണ് സപ്ലൈകോ നിര്‍ദേശം.
തിങ്കളാഴ്ച ആരംഭിച്ച ഓണ്‍ലൈന്‍ കര്‍ഷക രജിസ്ട്രേഷനൊപ്പമാണ് രണ്ട് സാക്ഷ്യപത്രങ്ങള്‍ സപ്ലൈകോ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതു കര്‍ഷകരില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
കേന്ദ്ര ഗുണമേന്മ മാനദണ്ഡങ്ങള്‍ പാലിക്കാത്തപക്ഷം നെല്ല് സംഭരിക്കാതിരിക്കുന്നതടക്കം ഏത് നടപടിയും സ്വീകരിക്കുന്നതിന് സപ്ലൈകോക്ക് പൂര്‍ണാധികാരമുണ്ടെന്നും ഇത് എതിര്‍പ്പില്ലാതെ അംഗീകരിക്കുന്നുവെന്നും രണ്ടാമത്തെ സത്യവാങ്മൂലത്തില്‍ പറയണം.
എന്നാല്‍, കര്‍ഷകരെ ഭീഷണിപ്പെടുത്താനും മില്ലുടമകളെ സഹായിക്കാനും ലക്ഷ്യമിട്ടാണ് നിബന്ധനകളെന്ന് കര്‍ഷകസംഘടനകള്‍ ആരോപിക്കുന്നു. ഇക്കുറി സംസ്ഥാന വ്യാപകമായി നെല്ലു സംഭരണം പ്രതിസന്ധിയിലായിരുന്നു. ഇത് സര്‍ക്കാരിനെതിരെ വിലയ പ്രതിഷേധങ്ങള്‍ക്കും കാരണമായി.
ഇതു മറിടക്കാനാണ് നിലവിലെ നീക്കമെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. ഈര്‍പ്പമുണ്ടെന്നും പറഞ്ഞു 25 കിലോയില്‍ അധികം കിഴിവ് മില്ലുകാര്‍ ചോദിക്കുമ്പോള്‍ തങ്ങള്‍ പ്രതിഷേധിക്കുകയല്ലാതെ എന്തു ചെയ്യും.
കഴിഞ്ഞ സീസണിലെ നെല്ലിന്റെ തുക അടുത്ത കൃഷി തുടങ്ങാറായിട്ടും പൂര്‍ണമായും വിതരണം ചെയ്തിട്ടില്ല. കര്‍ഷക കുടുംബങ്ങള്‍ കടക്കെണിയിലേക്കു നീങ്ങുമ്പോഴാണ് കര്‍ഷകരെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കർഷകർ പറയുന്നു.