ഇനി ജനങ്ങളുടെ മെക്കിട്ടു കേറ്റം നടക്കില്ല. സ്വകാര്യ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി ശരിവെച്ചു ഹൈക്കോടതി. ഉത്തരവ് നടപ്പായാൽ ക്രിമിനൽ കേസുകളിൽ പ്രതിയായവർക്ക് ജോലി നഷ്ടമാകും

പൊതുതാല്പര്യം കണക്കിലെടുത്തുള്ള സർക്കാർ തീരുമാനത്തിൽ ഇടപെടാൻ കാരണമില്ലെന്ന് കോടതി പറഞ്ഞു.

New Update
57577

കോട്ടയം: സ്വകാര്യ ബസുകളുടെ അമിതവേഗവും മത്സരയോട്ടവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് കൊണ്ടുവന്ന നിയന്ത്രണങ്ങൾ ശരിവെച്ച് ഹൈക്കോടതി.

Advertisment

 ഡ്രൈവർക്കും കണ്ടക്ടർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന ഗതാഗത വകുപ്പിൻ്റെ ഉത്തരവ് ഹൈക്കോടതി ശരിവെക്കുകയായിരുന്നു.

 ഇതോടെ സ്വകാര്യ ബസിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ജനങ്ങളുടെ മെക്കിട്ടു കേറുന്ന പല ജീവനക്കാർക്കും തൊഴിൽ നഷ്ടമാകും.

സംസ്ഥാനത്തെ സ്വകാര്യ ബസ് ജീവനക്കാരിൽ ഒരു ചെറിയ വിഭാഗം ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണ്.

 ഇവർ മറ്റു ബസ് ജീവനക്കാരുമായി മത്സരയോട്ടവും തമ്മിലടിയുമെല്ലാം നടത്തി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സംഭവങ്ങൾ പതിവാണ്.

ഇതോടൊപ്പം യാത്രക്കാരോടും മോശം പെരുമാറ്റം ഇവരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് പതിവായതോടെയാണ് ഗതാഗത വകുപ്പ് പുതിയ മാനദണ്ഡങ്ങൾ മുന്നോട്ട് വെച്ചത്.

  എന്നാൽ, ബസ് ജീവനക്കാരുടെ ഭാഗത്തു നിന്നും ബസ് ഉടമകളുടെ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം ഉയർന്നു.

 പിന്നാലെ മറ്റും പ്രശ്നങ്ങൾക്കൊപ്പം വിഷയം കോടതി കയറുകയായിരുന്നു. തങ്ങളുടെ അഭിപ്രായം കേൾക്കാതെയാണ് ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തതെന്നും ഉത്തരവ് നടപ്പാക്കിയാൽ തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

ബസിന്റെ മുൻപിലും പിൻപിലും ഉള്ളിലും കാമറ, വാഹനം എവിടെ എത്തിയെന്ന് കൃത്യമായി അറിയാൻ കഴിയുന്ന ജിയോ ഫെൻസിങ് സംവിധാനം, ഡ്രൈവർക്കും കണ്ടക്ടർക്കും ക്ലിയറൻസ് സർട്ടിഫിക്കേറ്റ് എന്നിവ വേണമെന്ന നിർദ്ദേശങ്ങളാണ് ഹൈക്കോടതി ശരിവെച്ചിരിക്കുന്നത്.

 ഇക്കാര്യത്തിൽ നിർദ്ദേശങ്ങൾ നൽകി സംസ്ഥാന മോട്ടോർ വാഹന അതോറിറ്റി കഴിഞ്ഞ ജനുവരിയിലെടുത്ത തീരുമാനവും ഇതിന് തുടർച്ചയായി ട്രാൻസ്പോർട്ട് കമ്മിഷണർ കഴിഞ്ഞ ഏപ്രിലിൽ പുറപ്പെടുവിച്ച സർക്കുലറും ചോദ്യംചെയ്യുന്ന ഹർജികൾ തള്ളിയാണ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസിന്റെ ഉത്തരവ്.

കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷനടക്കം നൽകിയ ഒരുകൂട്ടം ഹർജികളാണ് കോടതി പരിഗണിച്ചത്. കാമറ സ്ഥാപിക്കുന്നതിൽ ഒക്ടോബർ 10 വരെ സമയം നീട്ടി നൽകിയിട്ടുണ്ട്. 

ഡ്രൈവർമാരുടെ അശ്രദ്ധകാരണം അപകടങ്ങൾ വർധിക്കുന്നതും വിദ്യാർഥികളടക്കമുള്ള യാത്രക്കാരോട് മോശമായി പെരുമാറുന്നുവെന്ന പരാതിയും കണക്കിലെടുത്താണ് പോലീസ് ക്ലിയറന്സ് സർട്ടിഫിക്കറ്റ് വേണമെന്ന് നിർദേശിച്ചതെന്ന് സർക്കാർ വിശദീകരിച്ചു.

പൊതുതാല്പര്യം കണക്കിലെടുത്തുള്ള സർക്കാർ തീരുമാനത്തിൽ ഇടപെടാൻ കാരണമില്ലെന്ന് കോടതി പറഞ്ഞു. ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് ബന്ധപ്പെട്ടവരെ കേൾക്കേണ്ടതുമില്ല.

2023-നും 2025-നും ഇടയിൽ സംസ്ഥാനത്ത് 1017 ബസ് അപകടങ്ങൾ ഉണ്ടായെന്ന് സർക്കാർ അറിയിച്ചത് കോടതി ചൂണ്ടിക്കാട്ടി.

ഉത്തരവ് നടപ്പാക്കിയാൽ ക്രിമിനൽ പശ്ചാത്തലം ഉള്ള നിരവധി പേർക്ക് തൊഴിൽ നഷ്ടമാകും.

Advertisment