പിടിക്കപ്പെടുമെന്നറിയാം, എന്നിട്ടും വിപണിയിൽ വ്യാപകമായി വ്യാജ വെളിച്ചെണ്ണ. വ്യാജ വെളിച്ചെണ്ണ പിടികൂടിയ ബ്രാൻഡുകൾക്കെതിരെ നിയമ നടപടിക്കു തുടക്കം

ഭക്ഷണ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് അറിഞ്ഞു കൊണ്ടാണ് ഇക്കൂട്ടർ വ്യാജ വെളിച്ചെണ്ണ വിപണിയിൽ എത്തിച്ചത്.

New Update
1001207994

കോട്ടയം : ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പല തവണ മിന്നൽ പരിശോധന നടത്തി ആയിരക്കണക്കിന് ലിറ്റർ വെളിച്ചെണ്ണ പിടികൂടിയിരുന്നു.

Advertisment

ഏറ്റവുമൊടുവിൽ 7 ജില്ലകളില്‍ നിന്നായി ആകെ 4513 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണയും പിടികൂടി.

ഒന്നര ആഴ്ച മുമ്പ് നടത്തിയ പരിശോധനകളില്‍ 16,565 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടിയിരുന്നു.

വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ഓണക്കാല പരിശോധനകള്‍ക്ക് പുറമേ പ്രത്യേക പരിശോധനകള്‍ കൂടി നടത്തിയത്. 

വിവിധ ജില്ലകളിലെ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്.

പത്തനംതിട്ട 300 ലിറ്റര്‍, ഇടുക്കി 107 ലിറ്റര്‍, തൃശൂര്‍ 630 ലിറ്റര്‍, പാലക്കാട് 988 ലിറ്റര്‍, മലപ്പുറം 1943 ലിറ്റര്‍, കാസര്‍ഗോഡ് 545 ലിറ്റര്‍ എന്നിങ്ങനെയാണ് സംശയാസ്പദമായ വെളിച്ചെണ്ണ പിടിച്ചെടുത്തത്.

മലപ്പുറം ചെറുമുക്കിലെ റൈസ് ആൻ്റ് ഓയില്‍ മില്ലില്‍ നിന്നും സമീപത്തുള്ള ഗോഡൗണില്‍ നിന്നുമായി 735 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണ പിടിച്ചെടുത്തു.

വയനാട് നിന്നും 2 സ്റ്റാറ്റിയൂട്ടറി സാമ്പിള്‍ ശേഖരിച്ചെങ്കിലും സംശയാസ്പദമായ വെളിച്ചെണ്ണ കണ്ടെത്താനായില്ല. ആകെ 20 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 3 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ചിരുന്നു.

ഭക്ഷണ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് അറിഞ്ഞു കൊണ്ടാണ് ഇക്കൂട്ടർ വ്യാജ വെളിച്ചെണ്ണ വിപണിയിൽ എത്തിച്ചത്.

വ്യാജ വെളിച്ചെണ്ണ ഉപയോഗിക്കുന്നവർക്ക് കാൻസറും മറ്റു ആരോഗ്യപ്രശ്നങ്ങളും വരാൻ സാധ്യതയേറെയാണ്. ഈ സാഹചര്യത്തിൽ ഇവർക്കെതിര കടുത്ത നടപടി ഉണ്ടാകുമെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

 പരിശോധിച്ച സാമ്പിളുകളിൽ മായം കലർന്നിട്ടുണ്ട് എന്ന് കണ്ടെത്തിയവക്കെതിരെ നിയമ നടപടികൾ സ്വീകരിച്ച വരുന്നുണ്ട്.

 പൊതുജനങ്ങള്‍ക്ക് വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ടോള്‍ഫ്രീ നമ്പരായ 1800 425 1125 ലേക്ക് അറിയിക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisment