/sathyam/media/media_files/2025/08/30/photos42-2025-08-30-10-01-03.jpg)
കോട്ടയം: ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ചു മുന്നറിയിപ്പുകള്‍ പലതു നല്‍കിയിട്ടുണ്ടെങ്കിലും തട്ടിപ്പില്‍ വീഴുന്നവര്‍ ഇപ്പോഴും ഏറെ. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് തട്ടിപ്പാണ് ഇപ്പോള്‍ വ്യാപകമായി നടക്കുന്നത്.
നിക്ഷേപിച്ചാല്‍ ഇരട്ടിയിലധികം നേടാം എന്നതാണ് ആളുകളെ ആകര്‍ഷിക്കുന്നത്. 30നും 55നും ഇടയിലുള്ളവരാണ് കൂടുതലായും തട്ടിപ്പിനിരയായവരില്‍ കൂടുതല്‍.
തട്ടിപ്പുകാരില്‍ മലയാളികള്‍ ഉണ്ടെന്നതും കൂടുതല്‍ പേര്‍ ഇതില്‍ വിശ്വസിക്കാന്‍ കാരണമാകുന്നുണ്ട്.
ഓണ്‍ലൈന്‍ ട്രേഡിങ് ബിസിനസ്സിലൂടെ ലാഭം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചു കൊണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കും. ഗ്രൂപ്പിൽ ഓഫറുകളും പ്ലാനുകളും പരിചയപ്പെടുത്തും.
തുടര്‍ന്ന് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ചെറിയ ലാഭം തിരിച്ചു നല്‍കുകയും ചെയ്തു വിശ്വാസം ഇരട്ടിപ്പിക്കും. പിന്നീട് വലിയ തുക നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്നും വിശ്വസിപ്പിച്ചു പണം തട്ടിയെടുക്കും.
നിക്ഷേപിച്ച തുകയുടെ ലാഭ വിഹിതം ഇവരുടെ തന്നെ ഓണ്‍ലൈന്‍ വെര്‍ച്ച്വല്‍ അക്കൗണ്ടില്‍ കാണിക്കും. തുക പിന്‍വലിക്കുമ്പോഴാണു തട്ടിപ്പ് തിരിച്ചറിയുക. പണം പിന്‍വലിക്കാന്‍ 4 മുതല്‍ 21 ദിവസം വരെ സമയമെടുക്കുമെന്ന് അറിയിക്കും.
പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനാല്‍ സംശയം തോന്നി പോലീസില്‍ പരാതിപ്പെടുമ്പോഴാണ് തങ്ങള്‍ തട്ടിപ്പിനിരയായ വിവരം തിരിച്ചറിയുക.