/sathyam/media/media_files/2025/08/30/g-sukumaran-nair-statement-agola-ayyappa-sangamam-2025-08-30-17-47-10.jpg)
കോട്ടയം: അയ്യപ്പ സംഗമം ആചാരത്തിനു കോട്ടമില്ലെങ്കില്‍ നല്ലതെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. സമിതി നേതൃത്വം രാഷ്ട്രീയ മുക്തമാകണമെന്നും അയ്യപ്പ ഭക്തരെയും ഉള്‍പ്പെടുത്തണമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടു.
എന്‍എസ്എസിന്റെ വൈസ് പ്രസിഡന്റ് അടക്കമുള്ളവര്‍ അയ്യപ്പ സംഗമത്തിന്റെ സമിതി യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. ഈ കാര്യത്തില്‍ എന്‍എസ്എസിന്റെ നിലപ്പടിനെ വിമര്‍ശിച്ചും അല്ലാതെയും അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് ജനറല്‍ സെക്രട്ടറി തന്നെ വിശദീകരണ കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
സര്‍ക്കാര്‍ ശബരിമലയിലെ ആചാരം സംരക്ഷിക്കുമെന്ന് പൂര്‍ണവിശ്വാസമുണ്ടെന്നും അയ്യപ്പസംഗമം ശബരിമല വികസനത്തിനുള്ള ചര്‍ച്ചാവേദിയാകുമെന്നും എന്‍എസ്എസ് വൈസ് പ്രസിഡന്റ് എം. സംഗീത്കുമാര്‍ പറഞ്ഞത്.
ശബരിമല യുവതീപ്രവേശത്തിലെ ആശങ്ക സര്‍ക്കാര്‍ പരിഹരിച്ചു. പഴയകാലത്തെക്കുറിച്ച് ഇനി സംസാരിക്കേണ്ട കാര്യമില്ല. ശബരിമലയില്‍ ആചാരലംഘനം ഉണ്ടാകില്ലെന്നും വിശ്വാസം സംരക്ഷിക്കുമെന്നും സര്‍ക്കാരിന്റെ ഉറപ്പുണ്ട്.
അതിനാല്‍ അയ്യപ്പസംഗമത്തെ എതിര്‍ക്കേണ്ടതില്ല. ആചാരലംഘനമുണ്ടായപ്പോള്‍ ശക്തമായി എതിര്‍ത്തിട്ടുമുണ്ട്. അയ്യപ്പന്റെ കാര്യമാണ്, നല്ലത് നടക്കട്ടെ.
എല്ലാകാലത്തും വിശ്വാസികള്‍ സര്‍ക്കാരിനു നേതൃത്വം കൊടുക്കണമെന്നില്ല. പത്തുകൊല്ലമായി ഇടതുസര്‍ക്കാരാണ്, അവരില്‍ പലരും വിശ്വാസികളാണെന്നു സംഗീത്കുമാര്‍ പറഞ്ഞിരുന്നു.