/sathyam/media/media_files/2025/08/31/agola-ayyappa-sangamam-2025-08-31-18-24-33.jpg)
കോട്ടയം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം വിവാദരഹിതം ആക്കുന്നതിന് ഗൗരവപൂർണ്ണമായ നടപടികൾ സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു.
എല്ലാ വിഭാഗം ഭക്തരുടെയും പിന്തുണയോടെ വിവാദ രഹിതമായി അയ്യപ്പ സംഗമം സംഘടിപ്പിക്കാൻ കഴിഞ്ഞാൽ, അത് കേരളത്തിന്റെ ആത്മീയ അന്തരീക്ഷത്തെ കൂടുതൽ അർത്ഥപൂർണമാക്കും.
വിവിധ വിശ്വാസി സംഘടനകളുടെ സംശയങ്ങൾ ദൂരികരിച്ച്, എല്ലാവരെയും കൂട്ടിയോജിപ്പിച്ച്, സംഗമം കുറ്റമറ്റതാക്കണം.
വിശ്വാസി സമൂഹത്തിന് മുൻകാലങ്ങളിൽ ഉണ്ടായ അനുഭവങ്ങൾ നമുക്ക് മുന്നിൽ ഒരു പാഠമാണ്. വിശ്വാസി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങൾക്ക് പങ്കാളിത്തവും പരിഗണനയും നൽകണം. എൻ.എസ്.എസ്സ്, എസ്.എൻ.ഡി.പി. പോലുള്ള പ്രമുഖ സംഘടനകളുടെ പിന്തുണ സൃഷ്ടിപരമായി പ്രയോജനപ്പെടുത്തണം.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ശബരിമല ദർശനത്തിന് എത്തുന്ന ഭക്തന്മാർക്ക് കൂടുതൽ സൗകര്യങ്ങളും ആത്മീയമായ അന്തരീക്ഷവും ലഭ്യമാകുന്നതിന് ആഗോള സംഗമം ഇടയാക്കണം.
അയ്യപ്പ ഭക്തരുടെ വിശ്വാസങ്ങളെ ഹനിക്കാനും മാധ്യമ ശ്രദ്ധ നേടാനും ചില കോണുകളിൽ നിന്നും, വ്യക്തികളിൽ നിന്നും ഉണ്ടാകുന്ന ആസൂത്രിത ശ്രമങ്ങളെ കർശനമായി തടയണം.
നല്ല ലക്ഷ്യവും നല്ല ചിന്തയുമായി മുന്നോട്ട് പോയാൽ ആഗോള അയ്യപ്പ സംഗമവുമായി എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കും; അത് കേരളത്തിൽ പുതിയ ചരിത്രമാകും: ആനന്ദകുമാർ ഓർമിപ്പിച്ചു.