/sathyam/media/media_files/2025/09/01/photos96-2025-09-01-13-07-17.jpg)
കോട്ടയം: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ തെറ്റില്ലെന്നും പങ്കെടുക്കുമെന്ന് എന്‍.എസ്.എസ് കൂടി വ്യക്തമാക്കിയതോടെ ബി.ജെ.പി. ആശങ്കയില്‍.
എന്‍എസ്എസിന് പിന്നാലെ എസ്എന്‍ഡിപിയും ആഗോള അയ്യപ്പ സംഗമത്തെ പിന്തുണക്കുന്ന നിലാപാടാണ് സ്വീകരിച്ചത്.
പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. അതേസമയം, അയ്യപ്പ സംഗമം വിജയമായാല്‍ അത് എല്‍.ഡി.എഫ് സര്‍ക്കാരിനു നേട്ടമാകുമെന്നു ബി.ജെ.പി വിലയിരുത്തുന്നു.
ബി.ജെ.പിയുടെ പ്രതീക്ഷകൾക്ക് വിപരീതമാണ് പരിപാടിയിലേക്ക് പ്രതിനിധിയെ അയക്കാനുള്ള എന്‍.എസ്.എസിന്റെ തീരുമാനം.
രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിക്കരുതെന്ന ആവശ്യം അംഗീകരിച്ചതിനെ എന്‍എസ്എസ് സ്വാഗതം ചെയ്തിരുന്നു.
നേരത്തെ, ഉപാധികളോടെ ആഗോള അയ്യപ്പ സംഗമത്തെ എന്‍എന്‍എസ് പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പിന്നാലെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ തന്നെ സമ്മേളനത്തില്‍ ആചാരലംഘനമായി ഒന്നും നടക്കുന്നില്ലെങ്കില്‍ തെറ്റില്ലെന്നു വിശദീകരിച്ചിരുന്നു. എന്‍.എസ്.എസിന്റെ നിലപാട് ബി.ജെ.പിയെ ആശങ്കയിലാക്കിയിട്ടുണ്ട്.
സമിതി രാഷ്ട്രീയ മുക്തമാകണമെന്ന് പറയുമ്പോഴും സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികരി മുഖ്യമന്ത്രിയാണ്. സമിതിയില്‍ മന്ത്രിമാരും സ്പീക്കറും പ്രതിപക്ഷ നേതാവും ഉണ്ടായിരിക്കുമെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു.
ശബരിമല വിഷയത്തില്‍ ചോര്‍ന്നു പോയ വോട്ടു പിടിക്കലാണ് ഉന്നമെന്ന സംശയത്തില്‍ സംഗമത്തെ യോഗക്ഷേമ സഭ പിന്തുണയ്ക്കുന്നില്ല.
സമ്മേളനത്തില്‍ പങ്കെടുക്കണമെന്നു മുഖ്യമന്ത്രിക്കു ആക്ടിവിസ്റ്റ് ബിന്ദു അമ്മണി തുറന്ന കത്തെഴുതിയപ്പോള്‍ മന്ത്രി വി.എന്‍. വാസവന്‍ ബിന്ദു അമ്മിയുടെ ആവശ്യത്തെ തള്ളുകയാണ് ചെയ്തത്.
സമ്മേളനം അയ്യപ്പ ഭക്തര്‍ക്കു വേണ്ടിയുള്ളതാണെന്നും ബിന്ദു അമ്മിണിയെ പോലെയുള്ളവര്‍ പങ്കെടുക്കേണ്ടതില്ലെന്നുമാണ് വാസവന്‍ പറഞ്ഞത്.
സുപ്രിം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കയറിയ സ്ത്രീകളില്‍ ഒരാളാണ് ബിന്ദു അമ്മിണി. ഇത് സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പം എന്ന പ്രതീതി ഉണ്ടാക്കാന്‍ സഹായിക്കും.
ബി.ജെ.പിയും ഹിന്ദു ഐക്യവേദിയും പഴയ സംഭവങ്ങള്‍ വീണ്ടും ചര്‍ച്ചയാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ബി.ജെ.പിയിലെ ഒരു വിഭാഗം കാര്യമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നില്ല. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായുള്ള ഭിന്നതയെ തുടര്‍ന്നാണിത്.
ബി.ജെ.പിക്കുള്ളിലെ ഭിന്നത സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങളുടെ മുനയൊടിക്കുന്നുണ്ട്.
സെപ്റ്റംബർ 20ന് പമ്പയിലാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 3000 അയ്യപ്പഭക്തർ സംഗമത്തിൽ പങ്കെടുക്കും.
നിലവിൽ നടപ്പാക്കുന്നതും ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതുമായ വികസന പദ്ധതികൾ സംഗമത്തിനെത്തുന്ന ഭക്തരുടെ മുന്നിൽ അവതരിപ്പിച്ച്, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും.
സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് ശബരിമലയിൽ എത്തുമ്പോൾ ഇപ്പോഴുള്ള പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പങ്കുവയ്ക്കുവാനും ക്രിയാത്മക നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കാനും അവസരം നൽകും. ഇത് അയ്യപ്പ സംഗമത്തെ കൂടുതൽ ജനകീയമാക്കുമെന്ന പ്രതീക്ഷയാണ് സർക്കാരിനുള്ളത്.