സപ്ലൈകോ വഴിയുള്ള ഓണക്കാല കച്ചവടം പൊടി പൊടിക്കുന്നു. എൽ.ഡി.എഫ് സർക്കാരിൻ്റെ നേട്ടമായി ഉയർത്തിക്കാട്ടി പ്രചാരണം. കുതിച്ചുയർന്ന വിലക്കയറ്റം നിയന്ത്രിക്കാനായെന്നും സർക്കാർ വാദം

92.8 ലക്ഷം കിലോ അരി വില്‍പന നടത്തി. 6,14,217 സ‍ൗജന്യ ഭക്ഷ്യകിറ്റുകളിൽ 4,05,890 എണ്ണം വിതരണം ചെയ്‌തു. ബാക്കിയുള്ളവ ഉടൻ എത്തിക്കും.

New Update
photos(103)

കോട്ടയം: സപ്ലൈകോ വഴിയുള്ള ഓണക്കാല കച്ചവടം പൊടി പൊടിക്കുന്നു. റെക്കോർഡ് വിൽപ്പനയാണ് സപ്ലൈക്കോയിൽ നടക്കുന്നത്.

Advertisment

പ്രതിക്ഷിച്ചതിലും 19 കോടി അധിക വരുമാനമാണ് സപ്ലൈക്കോ നേടിയത്. തിങ്കൾ വൈകിട്ടുവരെയുള്ള കണക്കു പ്രകാരം വിൽപ്പന 319 കോടി കടന്നു.  


300 കോടിയാണ്‌ ലക്ഷ്യമിട്ടത്‌. 2024ൽ ഇത്‌ 183 കോടിയുടെ വില്‍പ്പനയായിരുന്നു.  തിങ്കളാഴ്ച പ്രതിദിന വിൽപ്പന 21.31 കോടിയുടെ സർവകാല റെക്കോഡിലെത്തി.


അരി, വെളിച്ചെണ്ണ, മുളക്‌ എന്നിവയുടെ കാര്യത്തിൽ പ്രത്യേക ഇടപെടൽ സർക്കാർ നടത്തി. സപ്ലൈകോ വിൽപ്പനശാലയില്‍ 457 രൂപ വിലയുള്ള കേര വെളിച്ചെണ്ണ ആവശ്യത്തിന്‌ നൽകി.

കഴിഞ്ഞമാസം 25 മുതല്‍ 457 രൂപയില്‍നിന്ന്‌ 429 രൂപയിലേക്ക് കേരയുടെ വില സപ്ലൈകോ കുറച്ചു.

സപ്ലൈകോ ബ്രാന്‍ഡായ ശബരിയുടെ ഒരു ലിറ്റര്‍ സബ്സിഡി വെളിച്ചെണ്ണ 349 രൂപയിൽനിന്ന്‌ ഇപ്പോള്‍ 339 രൂപയായും സബ്സിഡിയിതര ശബരി വെളിച്ചെണ്ണ 429 രൂപയില്‍ നിന്നും 389 രൂപയായും കുറച്ചു. 


ഇതിലൂടെ വെളിച്ചെണ്ണയുടെ വില പിടിച്ചുനിർത്താനായി.എട്ട്‌ കിലോ സബ്‌സിഡി അരിക്ക്‌ പുറമേ കാര്‍ഡൊന്നിന് 25 രൂപ നിരക്കിൽ 20 കിലോ പച്ചരി/പുഴുക്കലരിയും നൽകി വരുന്നു. 


92.8 ലക്ഷം കിലോ അരി വില്‍പന നടത്തി. 6,14,217 സ‍ൗജന്യ ഭക്ഷ്യകിറ്റുകളിൽ 4,05,890 എണ്ണം വിതരണം ചെയ്‌തു. ബാക്കിയുള്ളവ ഉടൻ എത്തിക്കും.

അതേസമയം, എൽ.ഡി.എഫ് സർക്കാരിന്റെ വിപണി ഇടപെടലിന്റെ പ്രയോജനം രണ്ടു കോടി പ്പേരിലെത്തിയെന്നാണ് സർക്കാർ വാദം.


വെളിച്ചെണ്ണ വില ഉൾപ്പെടെ പിടിച്ചു നിർത്താൻ സാധിച്ചു. പൊതുവിപണിയിലെ വിലക്കയറ്റവും സപ്ലൈക്കോ , ഓണച്ചന്തകൾ എന്നിവയിലൂടെ സർക്കാർ പിടിച്ചു നിർത്തി. 


മുൻപ് ദേശീയതലത്തിൽ ഓരോ മാസവും പണപ്പെരുപ്പം കുറയുമ്പോൾ കേരളത്തിൽ കൂടുന്ന അവസ്ഥ ഉണ്ടായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ 5.94% , മേയ് 6.46%, ജൂൺ 6.71% എന്നിങ്ങനെയായിരുന്നു പണപ്പെരുപ്പം. ഗ്രാമീണ മേഖലകളിലെ പണപ്പെരുപ്പമാണ് കേരളത്തെ കൂടുതൽ വലയ്ക്കുന്നത്.

ഇത് സർക്കാരിനെതിരെ കടുത്ത പ്രതിഷേധത്തിനു കാരണമായി. അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഓണത്തിന് വിലക്കയറ്റം പിടിച്ചു നിർത്താനായി എന്നത് ഒരു പ്രചാരണായുധമായി തന്നെ മാറ്റാനാണ് ഇടതു നീക്കം.

Advertisment