/sathyam/media/media_files/2025/09/02/coconut-2025-09-02-12-53-25.jpg)
കോട്ടയം: ഇടിഞ്ഞു തുടങ്ങിയ തേങ്ങാ വില വീണ്ടും ഉയരുന്നു.. രണ്ടാഴ്ച കൊണ്ട് ചില്ലറ വിലയില്‍ 25 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
കേരളത്തില്‍ തേങ്ങയുടെ ചില്ലറവില്‍പ്പന വില 75 മുതല്‍ 80 വരെ രൂപയെത്തി. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള തേങ്ങ എത്തിയതും നാട്ടിന്‍പുറങ്ങളില്‍ ഓണത്തോടുബന്ധിച്ചുള്ള വിളവെടുപ്പിനെയും തുടര്‍ന്നു വില കുറഞ്ഞിരുന്നു.
ഓഗസ്റ്റ് പകുതിയോടെ ചില്ലറ വില 50 രൂപയില്‍ എത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ ചുരങ്ങിയ ദിവസം കൊണ്ട് 25 രൂപ വര്‍ധിച്ച് 75 രൂപയില്‍ എത്തിയത്.
ചിലയിടങ്ങില്‍ തേങ്ങയ്ക്കു 80 രൂപയും എത്തിയിട്ടുണ്ട്. ഓണക്കാലത്ത് തേങ്ങയുടെ ആവശ്യകത വര്‍ധിച്ചതും വടക്കേ ഇന്ത്യയിലേക്ക് കൂടുതല്‍ കയറ്റിപോകാനും തുടങ്ങിയതോടെയാണ് വില വര്‍ധിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു.
തേങ്ങയുടെ വില ഉയര്‍ന്നതോടെ കൊപ്രവിലയും കൂടി. നാളികേരവികസന ബോര്‍ഡിന്റെ വിലപ്രകാരം കൊപ്രയ്ക്ക് കോഴിക്കോട് മാര്‍ക്കറ്റില്‍ കിലോഗ്രാമിന് 230 രൂപയും കൊച്ചി മാര്‍ക്കറ്റില്‍ 221 രൂപയുമാണ്.
വരും ദിവസങ്ങളില്‍ തേങ്ങയ്ക്കു വില കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, വില വര്‍ധിച്ചത് വെളിച്ചെണ്ണ വിലയിലും പ്രതിഫലിക്കുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക.
സ്‌പ്ലൈക്കോയില്‍ വെളിച്ചെണ്ണയ്ക്കു വില കുറഞ്ഞു നില്‍ക്കുന്നതാണ് മറ്റു ബ്രാന്‍ഡുകളെയും വില വര്‍ധിപ്പിക്കുന്നതില്‍ നിന്നു പിന്തിരിപ്പിക്കുന്നത്.
ശബരി വെളിച്ചെണ്ണ സബ്സിഡി നിരക്കില്‍ 339 രൂപയും സബ്സിഡിയില്ലാതെ 389 രൂപയുമാണ് വില. സപ്ലൈകോയില്‍ കേര വെളിച്ചെണ്ണയ്ക്ക് 429 രൂപയ്ക്കും ലഭിക്കും.
അതേസമയം ചെറുകിട മില്ലുകളില്‍ വെളിച്ചെണ്ണവിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. ലിറ്ററിന് 450 രൂപയാണ് ശരാശരി വില. 400-420 രൂപയില്‍ നിന്നാണ് ഇപ്പോഴത്തെ വര്‍ധന.