/sathyam/media/media_files/2025/09/02/shabarimala-issue-2025-09-02-17-22-58.jpg)
കോട്ടയം: 2018 സെപ്റ്റംബര്‍ 28നാണ് ശബരിമല യുവതീപ്രവേശനം അനുവദിച്ചുള്ള ചരിത്രവിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഒളിച്ചും പാത്തും എല്‍.ഡി.എഫ് സര്‍ക്കാര്‍ രണ്ടു സ്ത്രീകളെ (ബിന്ദുവും കനകദുര്‍ഗ)യും ദര്‍ശനം നടത്തിച്ചതുമെല്ലാം ജനം മറന്നിട്ടില്ല.
2018 സെപ്റ്റംബര്‍ 28നു വിധിക്കു പിന്നാലെ കേരളത്തെ ഇളക്കിമറിച്ച പ്രതിഷേധമാണ് ഉയര്‍ന്നത്. പോലീസ് എടുത്ത 9000 ക്രിമിനല്‍ കേസുകളില്‍ പ്രതികളായത് 27,000 പേര്‍. ഇവരില്‍ ഭൂരിഭാഗവും ഇന്നും നിയമ നടപടികള്‍ നേരിടുന്നു. പലരും കോടതി കയറി ഇറങ്ങി അഞ്ചും ആറും വർഷം കൊണ്ട് കുറ്റവിമുകരായി.
സര്‍ക്കാര്‍ നിലപാട് മാറ്റി വിശ്വാസികള്‍ക്കൊപ്പമാണെന്നു പറയുമ്പോഴും ഈ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാണോ എന്ന ചോദ്യമാണു പന്തളം കൊട്ടാരം ഉള്‍പ്പടെ ചോദിക്കുന്നത്.
ഇനി ഒരിക്കലും ഭക്തജനങ്ങള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കും മേല്‍ 2018 ല്‍ സ്വീകരിച്ചതുപോലെ ഉള്ള നടപടികള്‍ ഉണ്ടാക്കില്ല എന്ന ഉറപ്പും ഭക്തജനങ്ങള്‍ക്കു നല്‍കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.
ഭക്തജനസമൂഹത്തിന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കുവാനും അവരെ വിശ്വാസത്തില്‍ എടുത്തും അവരുടെ അഭിപ്രായങ്ങള്‍ കൂടി കേട്ടു ഭക്തരുടെ വിശ്വാസങ്ങള്‍ക്കു കോട്ടം വരാതെ സംരക്ഷിച്ചെങ്കില്‍ മാത്രമേ അയ്യപ്പ സംഗമത്തിന്റെ എല്ലാ ഉദ്ദേശ്യങ്ങളും സാധൂകരിക്കാന്‍ കഴിയു.
യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും നിലപാട് തിരുത്തി ആചാരം സംരക്ഷിക്കുന്നതിനു വേണ്ട രീതിയിലുള്ള മാറ്റം വരുത്തണം. കൊട്ടാരത്തിന് ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയവും ഇല്ല.
ആചാരം സംരക്ഷിക്കുന്നതിനു ഭക്തജനങ്ങള്‍ക്കൊപ്പം എക്കാലവും കൊട്ടാരം ഉണ്ടാകുമെന്നും കൊട്ടാരം പ്രതിനിധികള്‍ പറയുന്നു. ശബരിമല യുവതീപ്രവേശനം കഴിഞ്ഞ അധ്യായമാണെന്നും സി.പി.എം വിശ്വാസികള്‍ക്കൊപ്പമാണെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത്.
2018 ലെ നാമജപ ഘോഷയാത്രകളില്‍ പങ്കെടുത്ത ഭക്തജനങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികളും പോലീസ് കേസുകളും എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നാണ് പന്തളം കൊട്ടാരവും ആവശ്യപ്പെടുന്നത്. ഒരു വിശ്വാസത്തിനും എതിരായ നിലപാട് സ്വീകരിക്കുന്ന സമീപനം പാര്‍ട്ടിക്കില്ല. അയ്യപ്പ സംഗമവുമായി മുന്നോട്ടു പോകുമെന്നും വര്‍ഗീയവാദികളാണ് ഇതിനു വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറയുന്നു.
അപ്പോഴും 2018 ഒക്ടോബര്‍ 19ന് ശബരിമല സന്നിധാനത്ത് 2 യുവതികളെ എത്തിക്കാന്‍ പോലീസ് നടത്തിയ ശ്രമം ആരുടെ നിര്‍ദേശപ്രകാരമായിരുന്നു എന്ന ചോദ്യമാണ് ഉയരുന്നത്. ഹൈദരാബാദില്‍നിന്നു മാധ്യമപ്രവര്‍ത്തക കവിത ജക്കാല്‍, നടിയും കൊച്ചിയിലെ എ.എസ്.ഫാത്തിമ (രഹന ഫാത്തിമ) എന്നിവരെ എത്ര പ്രതിഷേധം ഉയര്‍ന്നാലും സന്നിധാനത്ത് എത്തിക്കാനായിരുന്നു പോലീസിന്റെ അന്നത്തെ നീക്കം.
പുലര്‍ച്ചെ ആറിനായിരുന്നു ദുരൂഹമായ ആ മലകയറ്റം. സുരക്ഷയ്ക്ക് 80 പോലീസുകാരെയാണ് നിയോഗിച്ചത് ഐജി, എസ്പി, 4 ഡിവൈഎസ്പിമാര്‍, 4 സിഐമാര്‍, കമാന്‍ഡോകള്‍, സായുധ സേനയിലെ പോലീസുകാര്‍. മന്ത്രിയോ ദേവസ്വം ബോര്‍ഡോ വിവരം അറിഞ്ഞിരുന്നില്ല.
ഇരുവരും ശബരീപീഠത്തില്‍ എത്തിയപ്പോള്‍ വിവരമറിഞ്ഞ മന്ത്രി ഐജി ഉള്‍പ്പെടെയുള്ളവരെ ബന്ധപ്പെട്ടെങ്കിലും ആരും തടസപ്പെടുത്തുന്നില്ലെന്നായിരുന്നു ഉത്തരവ്. എന്നാല്‍, നടപ്പന്തലോളമെത്തിയപ്പോള്‍ നേരിട്ടതു കനത്ത പ്രതിഷേധമായിരുന്നു.
ഇതിനിടെ, പന്തളം കൊട്ടാരത്തില്‍ നിന്നു തന്ത്രി കണ്ഠര് രാജീവരെ ഫോണില്‍ ബന്ധപ്പെട്ടു. ക്ഷേത്രം അടച്ചിടുന്നതു പോലും ആലോചിക്കേണ്ടിവരുമെന്നു തന്ത്രി ഐ.ജിയെ അറിയിച്ചു. വിവരം ഐജി മന്ത്രിയെ അറിയിച്ചതോടെ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കാതെ അവരെ തിരികെക്കൊണ്ടുവരണമെന്നു അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശിച്ചതോടെയാണ് ആശ്രമം പരാജയപ്പെട്ടത്.
പിന്നീട് ജനുവരി രണ്ടിനാണു ശബരിമലയില്‍ ദര്‍ശനം നടത്തിയതായി ബിന്ദുവും കനകദുര്‍ഗയും വെളിപ്പെടുത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി അതീവ രഹസ്യമായായിരുന്നു സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇതിനു ഒത്താശ ചെയ്തവരും ഇന്ന് അയ്യപ്പ വിശ്വാസത്തിനായി വാദിക്കുകയും ചെയ്യുന്നു എന്നതും കൗതുകമാണ്.