/sathyam/media/media_files/2025/09/03/police-violence-2025-09-03-18-52-28.jpg)
കോട്ടയം: കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഇന്നു സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. സഹജീവിയെന്ന പരിഗണന പോലും നല്‍കാതെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ ആ യുവാവിനെ മര്‍ദിക്കുന്നത്.
മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ദൃശ്യങ്ങള്‍ ഏറെ നിയമ പോരാട്ടത്തിനൊടുവിലാണ് പുറത്തു വന്നത്. എന്നാല്‍, അന്നത്തേതില്‍ നിന്നും ഇന്നും പോലീസിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല.
പൗരന്മാരോട് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഉചിതമായ പെരുമാറ്റം ഉറപ്പാക്കുന്നതിന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളതാണ്.
പലതവണയായി സര്‍ക്കുലറുകള്‍ പുറത്തിറങ്ങി.. 1965 മുതല്‍ പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് പത്ത് സര്‍ക്കുലറുകളെങ്കിലും പുറപ്പെടുവിച്ചിട്ടുണ്ട്.
എന്നാല്‍, ഇതില്‍നിന്നൊക്കെ ഉദ്യോഗസ്ഥര്‍ എന്താണ് പഠിച്ചതെന്ന് ഹൈക്കോതി പോലും കേരളാ പോലീസിനോട് ചോദിക്കുന്ന അവസ്ഥ ഉണ്ടായി. കഴിഞ്ഞ വര്‍ഷം ആലത്തൂരില്‍ എസ്.ഐ. അഭിഭാഷകനെ അധിക്ഷേപിച്ച സംഭവം പരിഗണിക്കുമ്പോഴാണു കോടതി അങ്ങനെ ഒരു ചോദ്യം ചോദിച്ചത്.
1965ന് ശേഷം പലതവണയായി നിരവധി സര്‍ക്കുലറുകള്‍ പോലീസുകാരുടെ പെരുമാറ്റം നന്നാക്കുന്നതിനായി ഇറക്കിയിട്ടുണ്ട്. എന്നിട്ടും ഉദ്യോഗസ്ഥര്‍ പാഠംപഠിച്ചല്ല.
ഇക്കാര്യങ്ങള്‍ ഗൗരവമായി കാണണം എന്നുപറഞ്ഞ കോടതി പറഞ്ഞിട്ടും പോലീസ് ഉദ്യോഗസ്ഥര്‍ അനുസരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. ഒരു സാധാരണക്കാരന്‍ സാര്‍ എന്നു വിളിച്ചില്ലെങ്കില്‍ അയാളോട് ക്ഷുഭിതനാവുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പോലും സേനയില്‍ ഉണ്ട്.
ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍, ക്രിമനിലുകളുമായി ചങ്ങാത്തം ഉള്ളവര്‍, തുടങ്ങി സഹപ്രവര്‍ത്തക വസ്ത്രം മാറുന്നതു സ്‌റ്റേഷനുള്ളില്‍ ഒളിക്കാമറ വെച്ചു പകര്‍ത്തുന്നവര്‍ വരെ സേനയില്‍ ഉണ്ട്.
ഇത്തരക്കാരെ സേനയില്‍ നിന്നു നീക്കാനും നടപടിയില്ല. നടപടിയെടുത്താലും പലരും സംഘടനാ ബലത്തില്‍ സേനയില്‍ തിരിച്ചുകയറുകയും ചെയ്യും.