/sathyam/media/media_files/2025/09/04/photos151-2025-09-04-09-42-02.jpg)
കോട്ടയം: ഓണത്തിന്റെ അവസാന വട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ഉത്രാട പാച്ചില്‍ ഇന്ന്. തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങള്‍ സമാഹരിക്കണം, ഓണക്കോടി വാങ്ങണം, എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ഉറപ്പാക്കണം. ഇന്ന് നഗരങ്ങൾ ജനസാഗരമാകും.
ഓണത്തോടനുബന്ധിച്ച് ക്ലബുകളും മറ്റും ഒരുക്കുന്ന ആഘോഷ പരിപാടികള്‍ക്കും തുടക്കമായി. കലംതല്ലിപൊട്ടിക്കല്‍, സുന്ദരിക്കു പൊട്ടുതൊടീല്‍, വാഴപ്പിണ്ടിയില്‍ കയറ്റം, സ്പൂണില്‍ നാരങ്ങയുമായി ഓട്ടം എന്നിങ്ങനെയുള്ള മത്സരങ്ങള്‍ ഒരുക്കിയും പൂക്കള മത്സരവുമൊക്കെയായാണ് ഓണ ആഘോഷങ്ങള്‍ മുന്നേറുക. സദ്യയും പായസവുമൊക്കെ ആഘോഷത്തിന്റെ ഭാഗമായുണ്ടാകും.
മുൻപ് ഓണ സദ്യ ഒരുക്കാനുള്ള പച്ചക്കറികളും മറ്റും സമാഹരിക്കാന്‍ നെട്ടോട്ടമോടുന്ന ദിവസമായിരുന്നു ഉത്രാടമെങ്കിൽ ഇന്ന് ഇലക്‌ട്രോണിക്‌സ് സാധനങ്ങളും മദ്യവുമൊക്കെ വാങ്ങാനും പായുന്ന ദിവസമായി ഉത്രാടം മാറിയിട്ടുണ്ട്.ഏതാനും വര്‍ഷമായി ഉത്രാടത്തിരക്ക് ഭയന്ന്, തലേന്നു തന്നെ വിഭവങ്ങള്‍ സമാഹരിക്കുന്നതാണ് പതിവ്.
ഇന്നലെ കോട്ടയം നഗരത്തില്‍ ഉള്‍പ്പെടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പച്ചക്കറി കടകളിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ഇലക്‌ട്രോണിക്‌സ് കടകളിലുമെല്ലാം ക്രമാതീതമായ തിരക്കായിരുന്നു.
സ്വകാര്യ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമെല്ലാം ഏതാനും ദിവസമായി ഓണ ആഘോഷങ്ങളിലാണ്. പല സ്ഥാപനങ്ങളും ഇന്നാണ് ഓണാഘോഷം ഒരുക്കിയിട്ടുള്ളത്.