/sathyam/media/media_files/2025/09/04/car-accident-ochira-2025-09-04-12-26-25.jpg)
കോട്ടയം: ഓച്ചിറ വലിയകുളങ്ങരയിൽ ഇന്ന് രാവിലെ ഉണ്ടായ അപകടത്തിന്റ ഞെട്ടലിലാണ് നാട്. വീട്ടിലേക്ക് എത്താൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ തേവലക്കര സ്വദേശിയായ പ്രിൻസും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ചേർത്തല ഭാഗത്തേക്ക് പോകുന്ന കെ എസ്.ആർ.ടിസി ഫാസ്റ്റ് ബസിലേക്ക് നേരെ വന്ന് ഇടിച്ചു കയറുകയായിരുന്നു.
ദീർഘദൂര യാത്ര അവസാനിക്കുന്ന സമയം അപകടം ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിൽ കാർ ശബരിമല തീർഥാടകരുട ബസിൽ ഇടിച്ചു നവ ദമ്പതികൾ ഉൾപ്പടെ നാലു പേരുടെ ജീവൻ നഷ്ടമായിരുന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. വീട് എത്താറായി എന്ന ധാരണയിൽ ഉറക്കം അവഗണിക്കുകയായിരുന്നു. വിട്ടിലേക്ക് എത്താന്‍ 13 കിലോ മീറ്റര്‍ മാത്രം ഉണ്ടായിരുന്നപ്പോളാണ് അപകടം ഉണ്ടായത്.
ഇന്ന് ഓച്ചിറയിലും സമാന സ്വഭാവമുള്ള അപകടമാണ് നടന്നത്. റോഡിൽ നമ്മൾ സ്വയം സുരക്ഷിതരാകണം രാത്രി കാലങ്ങളിൽ സ്ഥിരമായി വാഹനം ഓടിക്കാത്തവർ ഓടിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ചെറിയ ക്ഷീണം അതി വേഗത്തിൽ ഉറക്കത്തിലേക്ക് വഴിമാറും.
അവർ എത്ര ശ്രമിച്ചാലും എത്ര കരുത്തുള്ളവരാണെങ്കിലും ഉറങ്ങിപ്പോകും, അത് വരുത്തിവെക്കുന്നത് വൻ ദുരന്തമായിരിക്കും.
റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം. ഇത്തരം അപകടങ്ങളുടെ തീവ്രത കൂടുതലായിരിക്കും കാരണം, വാഹനം നിര്‍ത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല, ഫുള്‍ സ്പീഡിലായിരിക്കും ഇടിക്കുന്നത്.
എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കല്‍ ക്ലോക്ക് പ്രവര്‍ത്തിക്കുന്നുണ്ട് ദിനവും ഉറങ്ങുന്ന സമയമാകുമ്പോള്‍ മനസ്സും ശരീരവും ആ പ്രവര്‍ത്തിയിലേക്ക് സ്വാഭാവികമായി തന്നെ വഴുതിവീഴും.
ദിനം മുഴുവന്‍ വിശ്രമമില്ലാതെ അധ്വാനിച്ചിട്ട് രാത്രിയും രാത്രി മുഴുവന്‍ ഉറക്കമിളച്ചിട്ട് വീണ്ടും പകലും ഡ്രൈവിംഗ് വീലിന് പുറകില്‍ ഇരിക്കുമ്പോള്‍ ഓര്‍ക്കുക താന്‍ മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവര്‍ക്കും ജീവന് ഭീഷണിയാകുന്ന പ്രവര്‍ത്തിയാണ് അതെന്ന്.
ഡ്രൈവര്‍ നിരന്തരമായ പ്രവര്‍ത്തിയും അംഗ ചലനവും തിരക്കേറിയ റോഡില്‍ വാഹനം ഓടിക്കുമ്പോള്‍ ആവശ്യമാണ് എന്നതുകൊണ്ട് തന്നെ ഉറക്കം വരാനുള്ള സാധ്യത കുറവാണ്.
എന്നാല്‍ റോഡ് വിജനമാകുകയും ഡ്രൈവറുടെ പ്രവര്‍ത്തിയുടെ ആവശ്യം കുറയുകയും മാത്രമല്ല കൂടെ ഉള്ളവര്‍ ഉറക്കത്തിലേക്ക് പോകുകയും ചെയ്യുമ്പോള്‍ ഡ്രൈവറുടെ മനോനിലയെയും അത് ബാധിക്കുന്നു.
അതുകൊണ്ട് വാഹനം ഓടിക്കുമ്പോള്‍ ഉറക്കം വന്നാല്‍ വാഹനം ഒതുക്കി നിര്‍ത്തി ഉറങ്ങിയ ശേഷമേ വാഹനം ഓടിക്കാവൂ.
വാഹനം ഓടിക്കുമ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതു മുതല്‍ പാട്ട് കേള്‍ക്കുന്നതു വരെ അപകടത്തിലേക്കു നയിച്ചേക്കാം. രാത്രി മാത്രമല്ല പകലും ഉറക്കം മൂലമുണ്ടാവുന്ന അപകടം ഉണ്ടായേക്കാം.
ഉറക്കത്തിന്റെ ലക്ഷണം വന്നു കഴിഞ്ഞാല്‍, ലക്ഷ്യം എത്ര അടുത്താണെങ്കിലും റിസ്‌ക് എടുക്കാതെ വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്ത് അല്പസമയമെങ്കിലും ഉറങ്ങിയ ശേഷം യാത്ര തുടരുന്നതാണു സുരക്ഷിതം.