/sathyam/media/media_files/2025/09/04/jose-k-mani-mp-rajyasabha-2025-09-04-19-04-24.jpg)
കോട്ടയം: മാനസിക സമ്മർദ്ദം, ഓരോ വർഷവും ആയിരക്കണക്കിന് വിദ്യാർത്ഥികൾ ജീവിതം പാതിവഴിയിൽ ഉപേക്ഷിക്കുന്നു. ഭാവി തലമുറയുടെ പ്രതീക്ഷകൾ ഓരോ ദിവസവും ഞെരിഞ്ഞമരുകയാണ്.
മത്സരപരീക്ഷകളുടെ ഭാരവും, സാമൂഹികമായ ഒറ്റപ്പെടലും, മാനസികാരോഗ്യ പ്രശ്നങ്ങളും ചേർന്ന് നമ്മുടെ ക്യാമ്പസുകളെയും വീടുകളെയും നിശബ്ദമായ മരണത്തിന്റെ വിളനിലങ്ങളാക്കി മാറ്റുന്നു.
2017-ൽ രാജ്യത്ത് 1,29,887 പേർ ആത്മഹത്യ ചെയ്തപ്പോൾ, 2021-ൽ അത് 1,64,033 ആയി ഉയർന്നു. അഞ്ച് വർഷത്തിനിടെ ഏകദേശം 26% വർധനവ്.
ഈ കണക്കുകളിൽ വിദ്യാർത്ഥികളുടെ എണ്ണം ആശങ്കയുളവാക്കുന്നതാണ്. പ്രൊഫഷണൽ/കരിയർ പ്രശ്നങ്ങൾ, ഒറ്റപ്പെടൽ, കുടുംബപ്രശ്നങ്ങൾ, മാനസിക രോഗങ്ങൾ എന്നിവയെല്ലാമാണ് പ്രധാന കാരണങ്ങളായി സർക്കാർ തന്നെ ചൂണ്ടിക്കാണിക്കുന്നത്.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിടുന്ന കണക്കുകൾ ഞെട്ടൽ ഉളവാക്കുന്നതാണ്. ഓരോ വർഷവും ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ജീവിതം പാതിവഴിയിൽ ഉപേക്ഷിക്കുന്നത്.
ഇത് കേവലം അക്കങ്ങളുടെ ഒരു കളിയല്ല, മറിച്ച് നമ്മുടെ സാമൂഹിക, വിദ്യാഭ്യാസ, ഭരണ സംവിധാനങ്ങളുടെ പരാജയത്തെ തുറന്നുകാട്ടുന്നതാണ്.
ഈ ഭയാനകമായ യാഥാർത്ഥ്യത്തിനു മുന്നിൽ, പലപ്പോഴും രാഷ്ട്രീയ വ്യവഹാരങ്ങൾ മറ്റ് വിഷയങ്ങളിലേക്ക് വഴിമാറുമ്പോൾ, കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമായ ജോസ് കെ. മാണി വിഷയത്തിന്റെ ഗൗരവം ഭരണകൂടത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ നടത്തിയ നിരന്തരമായ ശ്രമങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്.
രാജ്യസഭയിൽ അദ്ദേഹം ഉയർത്തിയ ചോദ്യങ്ങൾ, ഈ നിശബ്ദ മഹാമാരിയെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള ഒരു ഒറ്റയാൾ പോരാട്ടമായിരുന്നു.
എന്നാൽ, അദ്ദേഹത്തിന്റെ ഈ സുപ്രധാന ഇടപെടലുകൾക്ക് അർഹമായ പ്രാധാന്യം നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സാധിച്ചിട്ടില്ല.
ജോസ് കെ. മാണി 2023 ഫെബ്രുവരി 8-ന് രാജ്യസഭയിൽ ഉന്നയിച്ച 705-ാം നമ്പർ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ ആത്മഹത്യാനിരക്ക് ഭയാനകമാംവിധം വർധിച്ചുകൊണ്ടിരിക്കുകയാണ്.
സാമൂഹിക വികസന സൂചികകളിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിലെ കണക്കുകൾ കൂടുതൽ ഞെട്ടിക്കുന്നതാണ്. ജോസ് കെ. മാണിയുടെ ചോദ്യത്തിന് നൽകിയ മറുപടി അനുസരിച്ച്, കേരളത്തിലെ ആത്മഹത്യാനിരക്ക് ദേശീയ ശരാശരിയേക്കാൾ വളരെ മുകളിലാണ്.
വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകുന്ന ഒരു സമൂഹത്തിൽ എന്തുകൊണ്ടാണ് ഇത്രയധികം വിദ്യാർത്ഥികൾ ജീവിതം അവസാനിപ്പിക്കാൻ നിർബന്ധിതരാകുന്നത് എന്നത് അതീവ ഗൗരവമുള്ളതാണ്.
അനിയന്ത്രിതമായി പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്ററുകളും, അത് വിദ്യാർത്ഥികളിൽ ഉണ്ടാക്കുന്ന കടുത്ത മാനസിക സമ്മർദ്ദവും ആത്മഹത്യകൾക്ക് ഒരു പ്രധാന കാരണമാണ്.
വിദ്യാഭ്യാസം, ആഭ്യന്തരം, ആരോഗ്യം എന്നീ മൂന്ന് മന്ത്രാലയങ്ങളുടെയും ഉത്തരവാദിത്തത്തിലുള്ള ഒരു വിഷയത്തെ ഒറ്റച്ചോദ്യത്തിലൂടെ പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ജോസ് കെ. മാണിക്ക് സാധിച്ചിരുന്നു.
ജോസ് കെ. മാണി രാജ്യസഭയിൽ ഉയർത്തിയ ചോദ്യങ്ങൾക്ക് സർക്കാർ നൽകിയ മറുപടി ഒറ്റനോട്ടത്തിൽ വളരെ ആകർഷകമായി തോന്നാമെങ്കിലും ആത്മഹത്യാ നിരക്ക് ആശങ്ക ഉയർത്തുന്നു.
ജില്ലാ മാനസികാരോഗ്യ പരിപാടി, ദേശീയ മാനസികാരോഗ്യ പരിപാടി, രാജ്യത്തെ ആദ്യത്തെ ദേശീയ ആത്മഹത്യാ പ്രതിരോധ തന്ത്രം, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാനസിക പിന്തുണ നൽകുന്ന 'മനോദർപ്പൺ' പദ്ധതി, മാനസികാരോഗ്യ കൗൺസിലിംഗിനായി 'ടെലി-മാനാസ്' ഹെൽപ്പ് ലൈൻ, യു.ജി.സിയുടെ മാർഗനിർദ്ദേശങ്ങൾ, അധ്യാപകർക്കുള്ള പരിശീലന പരിപാടികൾ, കോച്ചിംഗ് സെന്ററുകളെ നിയന്ത്രിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ, പരീക്ഷാ സമ്മർദ്ദം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ വിദ്യാഭ്യാസ നയം 2020-ലെ വ്യവസ്ഥകൾ തുടങ്ങി പലപദ്ധതികൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ആത്മഹത്യാനിരക്ക് ഓരോ വർഷവും വർധിക്കുന്നത് സർക്കാർ സംവിധാനങ്ങളുടെ പരാജയം വ്യക്തമാകുന്നതാണ്.
സർക്കാർ പ്രഖ്യാപിക്കുന്ന പല പദ്ധതികളും കടലാസിൽ ഒതുങ്ങുകയാണ്. കോച്ചിംഗ് സെന്ററുകളെ നിയന്ത്രിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ 2024 ജനുവരിയിൽ സംസ്ഥാനങ്ങൾക്ക് നൽകിയെങ്കിലും, എത്ര സംസ്ഥാനങ്ങൾ അത് നിയമപരമായി നടപ്പിലാക്കി എന്നതിന് കേന്ദ്ര സർക്കാരിന് ഉത്തരമില്ല.
'ടെലി-മാനാസ്' വഴി 19.90 ലക്ഷം കോളുകൾ കൈകാര്യം ചെയ്തു എന്ന് സർക്കാർ പറയുന്നു. എന്നാൽ ഇതിൽ എത്രയെണ്ണം വിദ്യാർത്ഥികളുടേതായിരുന്നു ? എത്രപേർക്ക് യഥാർത്ഥത്തിൽ സഹായം ലഭിച്ചു ? ഈ പദ്ധതികളുടെ ഫലപ്രാപ്തിയെക്കുറിച്ച് ഒന്നും കൃത്യമായ ഒരു കണക്കും സർക്കാരിന്റെ പക്കലില്ല.
ഓരോ ദുരന്തമുണ്ടാകുമ്പോഴും പുതിയൊരു പദ്ധതി പ്രഖ്യാപിക്കുക എന്നതിനപ്പുറം, നിലവിലുള്ള പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കാൻ ഉദ്യോഗസ്ഥ തലത്തിൽ യാതൊരു താല്പര്യവുമില്ല.
വർധിച്ചുവരുന്ന ആത്മഹത്യാനിരക്കുകൾ സൂചിപ്പിക്കുന്നത് ഈ പദ്ധതികളൊന്നും താഴെത്തട്ടിൽ എത്തുന്നില്ല എന്നാണ് ഇത് തെളിയിക്കുന്നത്.
അതേ സമയം, ജോസ് കെ. മാണി ഈ ചോദ്യം ഉന്നയിച്ചതിന് ശേഷം, സർക്കാർ നൽകിയ മറുപടികളിലെ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ എന്ന് അന്വേഷിക്കാനോ, അതിന്റെ തുടർപ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനോ മാധ്യമങ്ങളും മുന്നോട്ട് വന്നില്ല.