/sathyam/media/media_files/2025/10/11/munam-1-1024x576-2025-10-11-16-43-14.jpg)
കോട്ടയം: മുനമ്പം കോടതി വിധി ഉടന്‍ നടപ്പാക്കണമെന്നു കോട്ടയം അതിരൂപതാ ജാഗ്രതാസമിതി. കുറച്ചുകാലമായി കേരള ജനതയുടെ മനസ്സില്‍ പൊതുവെയും മുനമ്പം നിവാസികളുടെ ഉള്ളില്‍ പ്രത്യേകമായും നിലനിന്നിരുന്ന ഒരു വിങ്ങലായിരുന്നു മുനമ്പം ഭൂമി പ്രശ്നം. കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇതുസംബന്ധിച്ച സുപ്രധാനമായ വിധി പുറപ്പെടുവിക്കുകയുണ്ടായി.
മുമ്പത്തേത് വഖഫ് ഭൂമി അല്ലെന്നും 1950 ലെ ആധാര പ്രകാരം മുഹമ്മദ് സിദ്ദിഖ് സയ്ദ് എന്നയാള്‍ ഈ ഭൂമി കോഴിക്കോട് ഫാറൂഖ് കോളജിന് ഇഷ്ടദാനം നല്‍കിയതാണെന്നും ഭൂമി വഖഫായി പ്രഖ്യാപിച്ച കേരള വഖഫ് ബോര്‍ഡിന്റെ നടപടി തെറ്റാണെന്നും ഡിവിഷന്‍ ബഞ്ച് വിധിച്ചു.
ഇഷ്ടദാനമായി നല്‍കപ്പെട്ട ഭൂമി 69 വര്‍ഷങ്ങള്‍ക്കു ശേഷം വഖഫ് സ്വത്തായി പ്രഖ്യാപിച്ച 2019 സെപ്റ്റംബറിലെ വഖഫ് ബോര്‍ഡിന്റെ ഏകപക്ഷീയമായ നടപടി നിയമവിരുദ്ധമാണെന്നും സ്ഥാപിത താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള ഭൂമി പിടിച്ചെടുക്കല്‍ തന്ത്രമാണെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുനമ്പം നിവാസികളുടെ ഭൂവുടമസ്ഥത തീര്‍പ്പാക്കി അവര്‍ക്ക് അവകാശപ്പെട്ട റവന്യൂരേഖകള്‍ ഉള്‍പ്പടെ ആവശ്യമായ രേഖകള്‍ നല്‍കി അവരുടെ ഉത്ക്കണ്ഠകളും ആശങ്കകളും മാറ്റാന്‍ കേരള ഗവണ്‍മെന്റ് ഇച്ഛാശക്തി കാണിക്കണം.
ഇക്കാര്യത്തില്‍ ആരുടെ ഭാഗത്തുനിന്നുമുള്ള സമ്മര്‍ദ്ദത്തിനു ഗവണ്‍മെന്റ് വഴങ്ങരുതെന്നും ജാഗ്രതാ സമിതി ആവശ്യപ്പെട്ടു. മുനമ്പം നിവാസികള്‍ക്ക് നീതി ഉറപ്പാക്കിയ ഈ വിധി നടപ്പിലാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അതിരൂപതാ ജാഗ്രതാസമിതി അഭ്യര്‍ഥിച്ചു.