കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് യു.ഡി.എഫ് സ്ഥനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി. ആളില്ലാത്തതിനെ തുടര്‍ന്ന് വിട്ടു നല്‍കിയ ലഗീന്റെ സീറ്റിലും കേരളാ കോണ്‍ഗ്രസിന്റെ സീറ്റിലും കോണ്‍ഗ്രസ് സ്ഥനാര്‍ഥികളായി. ഇക്കുറി ലീഗിനെ തന്ത്രപൂര്‍വം ഒഴിവാക്കിയെങ്കിലും അടുത്ത തവണ അത് നടക്കില്ല

ക്രൈസ്തവ ഭൂരിപക്ഷ ജില്ലായില്‍ ലീഗിന് സീറ്റ് നല്‍കുന്നത് തിരിച്ചടിയാകുമെന്നും ഇത് ചിലര്‍ മുതലെടുക്കുമെന്നുമായിരുന്നു ഈ നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്

New Update
congress

കോട്ടയം: ഒടുവില്‍ ജില്ലാ പഞ്ചായത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി.

Advertisment

കുമരകത്ത് പി.കെ. വൈശാഖും, വെള്ളൂരില്‍ വിജയമ്മ ബാബുവും, വൈക്കത്ത് കെ. ബിനിമോനും മത്സരിക്കുമെന്നു ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു.

വെള്ളൂരും പട്ടികജാതി വനിതാ സംവരണമായതോടെ മത്സരിക്കാന്‍ സ്ഥാനാര്‍ഥി ഇല്ലാത്തതിനെ തുടര്‍ന്നു കേരളാ കോണ്‍ഗ്രസ് കോണ്‍ഗ്രസിനു ഇത്തവണത്തേക്കു വിട്ടു നല്‍കുകയായിരുന്നു.

വൈക്കം ഡിവിഷനാണു മുസ്ലീം ലീഗിനായി മാറ്റിവച്ചിരുന്ന ഡിവിഷനാണ്. മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായിട്ടായിരുന്നു ലീഗിന് ജില്ലാ പഞ്ചായത്തില്‍ സീറ്റ് നല്‍കിയത്.

 കഴിഞ്ഞ തവണ സീറ്റു വേണമെന്നു ഉറച്ചു നിന്ന ലീഗിനെ ഉമ്മന്‍ ചാണ്ടി ഇടപെട്ടായിരുന്നു പിന്‍മാറ്റിയത്. ഇക്കുറി ഉമ്മന്‍ ചാണ്ടിയെ പോലെരു നേതാവ് കോട്ടയത്തെ കോണ്‍ഗ്രസില്‍ ഇല്ലാത്തത് ലീഗിന്റെ ആവശ്യത്തിന് കരുത്തു പകര്‍ന്നു.

 സീറ്റില്ലെങ്കില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്നു വരെ ലീഗ് ഭീഷണി ഉയര്‍ത്തി. എന്നാല്‍, ചര്‍ച്ചകള്‍ നീണ്ടതല്ലാതെ നീക്കുപോക്കുകള്‍ ഉണ്ടായില്ല.

തുടര്‍ന്ന് ലീഗ് ജില്ലാ നേതൃത്വം ശക്തമായി ഇടപെട്ടതോടെയാണ് ജില്ലയില്‍ സീറ്റ് ലഭിച്ചത്.

അപ്പോഴും എതു സീറ്റ് നല്‍കും എന്നതു സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായി. തങ്ങള്‍ക്കു പ്രവര്‍ത്തകരുള്ള ഡിവിഷന്‍ വേണമെന്നായി ലീഗ്. മുണ്ടക്കയവും എരുമേലിയും ലീഗ് ചോദിച്ചു.

രണ്ടും നല്‍കാനാകില്ലെന്നു കോണ്‍ഗ്രസ് ഉറപ്പിച്ചു പറഞ്ഞു. പിന്നെ ഏത് സീറ്റ് എന്ന ലീഗിൻ്റെ ചോദ്യത്തിന് കോണ്‍ഗ്രസ് കണ്ടെത്തിയത് വൈക്കം ഡിവിഷനാണ്.

പട്ടിക ജാതി സംവരണ സീറ്റാണ് വൈക്കം. ലീഗിന് സ്ഥനാര്‍ഥിയെ കണ്ടെത്താന്‍ കഴിയില്ലെന്നു കോണ്‍ഗ്രസിന് ഉറപ്പുണ്ടായിരുന്നു.

പ്രതീക്ഷിച്ച പോലെ തന്നെ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ സീറ്റ് കോണ്‍ഗ്രസിനു ലീഗ് തിരികെ നല്‍കുകയായിരുന്നു.

എന്നാല്‍, അടുത്ത തവണ തങ്ങളുടെ ആളുകള്‍ കൂടുതല്‍ ഉള്ള ഡിവിഷന്‍ നല്‍കണമെന്നു ലീഗ് എഴുതി ഒപ്പിട്ടു വാങ്ങിയിട്ടുണ്ട്.

അത് കോണ്‍ഗ്രസിന് വലിയ തലവേദനയാകും സൃഷ്ടിക്കുക. ഇക്കുറി ലീഗിന് ജില്ലാ പഞ്ചായത്തിലേക്ക് സീറ്റ് നല്‍കുന്നു എന്ന സൂചന ഉണ്ടായപ്പോള്‍ തന്നെ ചില കേന്ദ്രങ്ങളില്‍ നിന്നു കോണ്‍ഗ്രസിന് കടുത്ത ഭീഷണിയുണ്ടായിരുന്നു.

കോണ്‍ഗ്രസിന് ഉള്ളില്‍ തന്നെ ഒരു വിഭാഗം ഇതിനെ എതിര്‍ത്തിരുന്നു. ക്രൈസ്തവ ഭൂരിപക്ഷ ജില്ലായില്‍ ലീഗിന് സീറ്റ് നല്‍കുന്നത് തിരിച്ചടിയാകുമെന്നും ഇത് ചിലര്‍ മുതലെടുക്കുമെന്നുമായിരുന്നു ഈ നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്.

മറ്റു വഴികള്‍ ഇല്ലാതെയാണ് ഇക്കുറി വൈക്കം നല്‍കിയത്. അടുത്ത തവണ മുണ്ടക്കയമോ എരുമേലിയോ പോലുള്ള ഡിവിഷന്‍ വിട്ടുകൊടുക്കേണ്ടി വരുമ്പോള്‍ അത്  വലിയ പ്രതിസന്ധിയാകും കോണ്‍ഗ്രസിന് സൃഷ്ടിക്കുക.

Advertisment