കോട്ടയം നഗരസഭാ പോരാട്ടം.. പ്രചാരണം ശക്തമാക്കി എല്‍ഡിഎഫും യുഡിഎഫും. നഗരസഭയില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ചു റിമോര്‍ട്ട് ഭരണം നടത്താനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചതെന്നു തിരുവഞ്ചൂര്‍. ഓരോ വാര്‍ഡിനും ശരാശരി 7 കോടിയിലേറെ വികസനത്തിനു ലഭിക്കേണ്ടതു നഷ്ടപ്പെടുത്തുകയും അപഹരിക്കുകയും ചെയ്തവരാണു കോട്ടയം എംഎല്‍എയും കൂട്ടരുമെന്ന് എല്‍ഡിഎഫ്

കഴിഞ്ഞ പത്തു വര്‍ഷമായി തദേശസ്ഥാപനങ്ങളെ ഞെക്കിക്കൊല്ലാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചത്. നഗരസഭയുടെ വികസനത്തെ തകര്‍ക്കാന്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ചു റിമോര്‍ട്ട് ഭരണം നടത്താനാണ് ഇടതു സര്‍ക്കാര്‍ ശ്രമിച്ചതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.

New Update
ldf udf
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: കോട്ടയം നഗരസഭ പിടിക്കാന്‍ എല്‍.ഡി.എഫും യു.ഡി.എഫും പ്രചാരണം ശക്തമാക്കി. ശക്തമായ ആരോപണ പ്രത്യാരോപണങ്ങളാണ് ഇരുകൂട്ടരും നടത്തുന്നത്. 

Advertisment

തദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ച ഇടതു സര്‍ക്കാരിന് ഇത്തവണ വലിയ തിരിച്ചടി ഉണ്ടാകുമെന്നും കോട്ടയം നഗരസഭയില്‍ യു.ഡി.എഫ് വന്‍ വിജയം നേടുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അവകാശപ്പെടുന്നു.


കഴിഞ്ഞ പത്തു വര്‍ഷമായി തദേശസ്ഥാപനങ്ങളെ ഞെക്കിക്കൊല്ലാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചത്. പ്ലാന്‍ ഫണ്ട് പോലും വെട്ടിക്കുറച്ചു. നഗരസഭയുടെ വികസനത്തെ തകര്‍ക്കാന്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ചു റിമോര്‍ട്ട് ഭരണം നടത്താനാണ് ഇടതു സര്‍ക്കാര്‍ ശ്രമിച്ചതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. 

കോട്ടയം നഗരസഭയില്‍ പെന്‍ഷന്‍ ഫണ്ട് തിരിമറി നടത്തിയ ഇടതുപക്ഷ അനൂകൂലിയായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നാടകം കളിച്ചതു കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കുമറിയാം. 

thiruvanchoor radhakrishnan


യു.ഡി.എഫ് നടത്തിയ വലിയ പ്രക്ഷോഭങ്ങള്‍ക്കു ശേഷമാണു തട്ടിപ്പ് നടത്തിയ ഈ ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്യാന്‍ സര്‍ക്കാര്‍ തയാറായത്. ഇതിനു ശേഷം കോടതിയില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കാതെ തട്ടിപ്പുകാരനു ജാമ്യം ലഭിക്കാന്‍ സര്‍ക്കാര്‍ അവസരമുണ്ടാക്കിക്കൊടുത്തുവെന്നു തിരുവഞ്ചുര്‍ ആരോപിക്കുന്നു.


ഇതോടെ എല്‍.ഡി.എഫും ആരോപണങ്ങളുമായി രംഗത്തെത്തി. ഓരോ വാര്‍ഡിനും ശരാശരി 7 കോടിയിലേറെ വികസനത്തിനു ലഭിക്കേണ്ടത് നഷ്ടപ്പെടുത്തുകയും അപഹരിക്കുകയും ചെയ്തവരാണു കോട്ടയം എം.എല്‍.എയുടെ നേതൃത്വത്തില്‍ പുതിയ പാനലുമായി യാതൊരു ലജ്ജയുമില്ലാതെ അവതരിച്ചിരിക്കുന്നതെന്നു എല്‍.ഡി.എഫ് നേതാക്കളായ കോട്ടയം നഗരസഭാ പ്രതിപക്ഷ നേതാവ് ഷീജാ അനില്‍, എന്‍.എന്‍. വിനോദ് ജോസ് പള്ളിക്കുന്നേല്‍, സി.ജി. രഞ്ജിത്ത്, സിന്ധു ജയകുമര്‍ എന്നിവര്‍ ആരോപിച്ചു.

കോട്ടയം നഗരസഭയെ പിന്നോട്ടടിപ്പിച്ച അതേ ഭരണസമിതി നേതൃത്വത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചിഹ്നം നല്‍കി സ്ഥാനാര്‍ഥിയായി അവരോധിച്ചതു ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അഞ്ചു വര്‍ഷം അധ്യക്ഷപദവിയിലിരുന്ന ഒരു വ്യക്തിക്ക് നഗരസഭയില്‍ നടന്ന 211 കോടി രൂപയുടെ അഴിമതി സംബന്ധിച്ചു യാതൊരു മറുപടിയും പറയുവാന്‍ കഴിഞ്ഞിട്ടില്ല. 


2025-26 ലെ ബജറ്റ് പ്രസംഗത്തില്‍ കഴിഞ്ഞ നാലു വര്‍ഷവും കോട്ടയത്തിന്റെ വികസനം പാഴായി എന്നു വൈസ് ചെയര്‍മാന്‍ കൗണ്‍സിലില്‍ ചൂണ്ടിക്കാണിച്ചതാണ്. ചെയര്‍പേഴ്സന്റെ പേരില്‍ വിജിലന്‍സ് അന്വേഷണത്തിനു വൈസ് ചെയര്‍മാന്‍ ആവശ്യപ്പെടുകയും ചെയ്തു. 


എന്നാല്‍ അഴിമതിക്കാരിയെന്നു വൈസ് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടിയ വ്യക്തിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചിഹ്നം നല്‍കിയപ്പോള്‍ വൈസ് ചെയര്‍മാന്‍ തന്റെ ഭാര്യയ്ക്കു സീറ്റ് ഉറപ്പിച്ച് കോട്ടയം നഗരത്തിലെ ജനങ്ങളെ ഒറ്റു കൊടുക്കുകയാണു ചെയ്തത്. 

ഈ ഭരണ നേതൃത്വത്തോട് പോരടിച്ചു സ്ഥാനമാനങ്ങള്‍ നേടാന്‍ ശ്രമിച്ച ദമ്പതിമാരെ വാര്‍ഡുകള്‍ മാറ്റി നിര്‍ത്തി സ്ഥാനങ്ങള്‍ പങ്കിട്ട് പാപപങ്കിലമായ ഒരു ഒത്തുതീര്‍പ്പിനു കോട്ടയം എം.എല്‍.എ. അധ്യക്ഷത വഹിക്കുകയാണുണ്ടായതെന്ന് എന്‍.ഡി.എഫ്. ആരോപിച്ചു.


ട്രഷറി സ്തംഭനം മൂലം കോട്ടയം നഗരസഭയില്‍ പദ്ധതിപ്രവര്‍ത്തനം അവതാളത്തിലായി എന്നാണ് എം.എല്‍.എ. വാദിക്കുന്നത്. നഗരസഭയുടെ തനത് ഫണ്ട് ചെലവ് ചെയ്യുന്നതിന് എന്തു തടസമാണ് ഉണ്ടായിരുന്നതെന്ന് എം.എല്‍.എ. വ്യക്തമാക്കണം. 


കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഒരു ദിവസം പോലും കേരളത്തിലെ ട്രഷറി സ്തംഭിച്ചിട്ടില്ല. കോട്ടയത്തു മാത്രം അത്തരമൊരു സ്തംഭനം ഉണ്ടായി എന്നതു സ്വന്തം പരാജയം മറച്ചു വയ്ക്കാനുള്ള കുതന്ത്രം മാത്രമാണ്.

ഈ ഭരണസമിതി അധികാരമേല്ക്കുമ്പോള്‍ 82 കോടി 23 ലക്ഷം രൂപയുടെ പദ്ധതിയാണുണ്ടായിരുന്നത്. അത് 2024-25-ല്‍ 52 കോടി 70 ലക്ഷത്തിലേയ്ക്ക് കുത്തനെ കുറഞ്ഞത് ഈ ഭരണസമിതിയുടെ വീഴ്ചയാണ്. 


ഇങ്ങനെ അഞ്ച് വര്‍ഷങ്ങളിലായി 294 കോടിയുടെ പദ്ധതിയുടെ അടങ്കലും 138 കോടി 6 ലക്ഷവും മാത്രമാണു ചെലവ്. 156 കോടി രൂപയാണു കോട്ടയത്തിന് ഈ ഭരണസമിതി നഷ്ടപ്പെടുത്തിയത്. 


211 കോടി രൂപയുടെ അഴിമതി കൂടി കണക്കാക്കിയാല്‍ 367 കോടി രൂപയാണ്, ഓരോ വാര്‍ഡിനും ശരാശരി 7 കോടിയിലേറെ വികസനത്തിനു ലഭിക്കേണ്ടത് നഷ്ടപ്പെടുത്തുകയും അപഹരിക്കുകയും ചെയ്തവരാണു കോട്ടയം എം.എല്‍.എ.യും കൂട്ടരുമെന്നും എല്‍.ഡി.എഫ് നേതാക്കള്‍ ആരോപിക്കുന്നു.

Advertisment