/sathyam/media/media_files/2025/10/12/photos185-2025-10-12-11-02-19.png)
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന സീറ്റ് സംവരണ സീറ്റായി മാറുറോ.. സ്ഥാനാര്‍ഥി മോഹികളുടെ നെഞ്ചില്‍ തീ. നവംബര്‍ - ഡിസംബര്‍ മാസത്തിലായിരിക്കും കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന സൂചന.
പലരും പല വാര്‍ഡുകളിലും മത്സരിക്കാന്‍ മുന്‍കൂട്ടി തയാറെടുപ്പുകള്‍ നടത്തിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ടവര്‍ അടുത്ത തവണ സീറ്റ് നഷ്ടപ്പെടാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചിരുന്നു.
എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി മോഹികളുടെയെല്ലാം ആശങ്കയാണിത്.
കഴിഞ്ഞ തവണ പകുതി വാര്‍ഡുകളിലും മുന്‍കൂട്ടി സീറ്റ് ഉറപ്പിച്ച് മത്സരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, ഇക്കുറി വാര്‍ഡ് പുനര്‍വിഭജനം വന്നതോടെ എല്ലാ വാര്‍ഡുകളെയും ഉള്‍പ്പെടുത്തി സംവരണ ക്രമം കണ്ടെത്താന്‍ തീരുമാനിച്ചതാണു തിരിച്ചടിയായത്.
മത്സരിക്കാന്‍ ഉദ്ദേശിച്ച വാര്‍ഡ് സംവരണമായി മാറിയാല്‍ ഇതുവരെ കണ്ട സ്വപ്നമെല്ലാം പൊലിയുമെന്നത് സ്ഥാനാര്‍ഥി മോഹികളെ നിരാശരാക്കുന്നു.
തങ്ങള്‍ ആഗ്രഹിക്കുന്ന സീറ്റ് സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗം എന്നീ സംവരണസീറ്റുകള്‍ ആയി മാറുമോ എന്നതാണ് ആശങ്ക.
പല സ്ഥാനാര്‍ഥി മോഹികളും ചില വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നേരത്തെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു, ഈ വാര്‍ഡ് സംവരണമായാല്‍ മോഹങ്ങള്‍ എല്ലാം പൊലിയും. വീണ്ടും ഒന്നിൽ നിന്നു കൂടുതൽ തന്ത്രങ്ങൾ മെനയേണ്ടിവരും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടേയും വാര്‍ഡുകളുടെയും സംവരണക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നാളെ മുതല്‍ 21 വരെയുള്ള തിയതികളില്‍ രാവിലെ 10 മണിക്കു കലക്ടറേറ്റ് വിപഞ്ചിക കോണ്‍ഫറന്‍സ് ഹാളിലാണ് നടക്കുന്നത്.
നഗരസഭകളിലെ സംവരണസീറ്റിന്റെ നറുക്കെടുപ്പ് 13നും പഞ്ചായത്തുകളിലേത് 13,14,15,16 തിയതികളിലും ബ്ലോക്ക് പഞ്ചായത്തിന്റെ 18നും ജില്ലാപഞ്ചായത്തിന്റെ 21നുമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിച്ചിട്ടുളളത്.
13ന് വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍ ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്നപഞ്ചായത്തുകളിലും 14ന് ളാലം, ഉഴവൂര്‍, മാടപ്പള്ളി ബ്ലോക്കുകളിലെപഞ്ചായത്തുകളിലും 15ന് ഈരാറ്റുപേട്ട, പാമ്പാടി ബ്ലോക്കുകളിലെ പഞ്ചായത്തുകളിലും 16ന് വാഴൂര്‍, പള്ളം, കാഞ്ഞിരപ്പള്ളി ബ്ലോക്കുകളിലെ പഞ്ചായത്തുകളിലും സംവരണസീറ്റിനുള്ള നറുക്കെടുപ്പു നടക്കും.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സംവരണം നിശ്ചയിക്കുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടറെയും, നഗരസഭകളുടേതിന് തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടറെയുമാണ് നിയോഗിച്ചിട്ടുളളത്.