/sathyam/media/media_files/2026/01/03/img151-2026-01-03-09-41-55.jpg)
കോട്ടയം: മന്നം ജയന്തി സമ്മേളനത്തിനെത്തിയ കോൺഗ്രസിന്റെ മുതിർന്ന നേതാവ് പി.ജെ കുര്യനെ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ വിരട്ടിയതായി സൂചനകൾ പുറത്ത് വരുന്നു.
വളരെ മോശം ഭാഷയിൽ രാഹുൽ കുര്യനെ ഭീഷണിപ്പെടുത്തിയെന്നാണ് സംഭാഷണം ശ്രദ്ധിച്ചവർ പറയുന്നത്. വയസ് കാലത്ത് തനിക്കെതിരെ വന്നാൽ വിവരമറിയുമെന്ന മട്ടിലായിരുന്നു സംഭാഷണം തുടങ്ങിയതെന്നും പിന്നീട് മോശം ഭാഷയിൽ സംസാരിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ.
എന്നാൽ പി.ജെ കുര്യൻ ഇത് നിഷേധിച്ച് രംഗത്ത് വന്നിട്ടുണ്ട്. രാഹുൽ തന്നോട് പ്രതിഷേധം അറിയിച്ചിട്ടില്ലെന്നും പ്രതിഷേധം അറിയിക്കാനല്ല രാഹുൽ തന്നെ വന്നു കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏത് സാഹചര്യത്തിലാണ് താൻ പ്രതികരണം നടത്തിയതെന്ന് രാഹുലിന് ബോധ്യപ്പെട്ടു. കൂടുതലും സംസാരിച്ചത് മറ്റുകാര്യങ്ങളെന്നും പിജെ കുര്യൻ വ്യക്തമാക്കി.
നിന്ന് സംസാരിച്ച രാഹുലിനോട് താനാണ് ഇരിക്കാൻ പറഞ്ഞതെന്നുമാണ് അദ്ദേഹത്തിന്റെ വാദം. സംസ്ഥാന കോൺഗ്രസിൽ ഉദയം ചെയ്തിരിക്കുന്ന വിഷ്ണുനാഥ് - ഷാഫി നയിക്കുന്ന വി.എസ് ഗ്രൂപ്പിന്റെ ഭീഷണിയായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്.
രാഹുൽ ഇന്നലെ പെരുന്നയിലെത്തിയത് വി.എസ് ഗ്രൂപ്പിന്റെ നിർദ്ദേശപ്രകാരമാണെന്നും പറയപ്പെടുന്നു. ഗ്രൂപ്പിന്റെ ചുക്കാൻ പിടിക്കുന്ന പാർട്ടിയിലെ വർക്കിംഗ് ്രപസിഡന്റ് കൂടിയായ പി.സി വിഷ്ണുനാഥ് ഇന്നലെ അവിടെ സന്നിഹിതനായിരുന്നു.
എന്നാൽ വിഷ്ണുനാഥ് രാഹുലിനോട് ഒരു വാക്ക് സംസാരിക്കുകയോ ആശംസകൾ കൈമാറുകയോ ചെയ്യാത്തത് അവിടെ സന്നിഹിതരായ മറ്റ് നേതാക്കളിൽ സംശയമുണർത്തുന്നുണ്ട്.
പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് ഇനി സീറ്റ് നൽകേണ്ടതില്ലെന്നായിരുന്നു ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പി.ജെ കുര്യൻ പറഞ്ഞത്.
എന്നാൽ ഇന്നലെ അ്രപതീക്ഷിതമായി മന്നം ജയന്തിയിൽ പങ്കെടുക്കാൻ എത്തിയ രാഹുൽ മാങ്കൂട്ടം വേദിയിൽ വെച്ചാണ് പി.ജെ കുര്യനെ നേരിൽ കണ്ട് സംസാരിച്ചത്.
ഇന്നലെ ഉദ്ഘാടക പ്രസംഗകനായി എത്തിയ സിറിയക്ക് ജോസഫിന്റെ പ്രസംഗം അവസാനിപ്പിച്ച ഉടനെ രമേശ് ചെന്നിത്തല, കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, പി.സി വിഷ്ണുനാഥ് എന്നിവരടക്കമുള്ളവർ സദസ് വിട്ടിരുന്നു. ചെന്നിത്തല കാണാനായി രാഹുൽ എഴുന്നേറ്റെങ്കിലും അദ്ദേഹം മുഖം കൊടുക്കാതെ പോയി എന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് രാഹുൽ പി.ജെ കുര്യന്റെ സമീപത്തേക്ക് ചെന്നത്. ഒരു കൈ കൊണ്ട് വായ മറച്ചു പിടിക്കുകയും കുര്യന്റെ ചെവിയിൽ സംസാരിക്കുമ്പോൾ വിരൽ ചൂണ്ടുകയും ചെയ്ത രാഹുൽ വളരെ മോശം ഭാഷയിലാണ് മുതിർന്ന നേതാവിനോട് സംസാരിച്ചതെന്ന് ഇത് ശ്രദ്ധിച്ചവർ പറയുന്നു. വേദിയിൽ രാജീവ് ആലുങ്കൽ ്രപസംഗം തുടരുന്നതിനാൽ തന്നെ കുറച്ച് ശബ്ദമെടുത്താണ് രാഹുൽ കുര്യനോട് സംസാരിച്ചത്.
സംസാരം അവസാനിപ്പിച്ച് രാഹുലും സദസ് വിട്ട് പുറത്തേക്ക് പോയി. പരിപാടി അവസാനിച്ച ശേഷമാണ് കുര്യൻ സദസ് വിട്ടത്. അതിന് ശേഷം വീട്ടിലെത്തിയ അദ്ദേഹം മറ്റൊരു ചാനലിനോട് രാഹുലിന് അനുകൂലമായി നിലപാട് അറിയിക്കുകയും ചെയ്തിരുന്നു.
രാഹുലിന് സീറ്റ് നൽകേണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു പി.ജെ കുര്യൻ വ്യക്തമാക്കിയത്. ഇന്നലെ വൈകിട്ട് കർദ്ദിനാൾ മാർ ക്ലീമീസ് ഒരുക്കിയ വിരുന്നിൽ സംബന്ധിക്കാൻ തലസ്ഥാനത്തെത്തിയ കുര്യൻ വീണ്ടും താൻ ആദ്യം ബൈറ്റ് നൽകിയ ചാനലിനോട് സംസാരിക്കുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ അച്ചടക്ക നടപടി പിൻവലിച്ചാൽ രാഹുലിന് പാലക്കാട് മത്സരിക്കാൻ യോഗ്യതയുണ്ടെന്നായിരുന്നു പ്രതികരണം. നടപടി പിൻവലിക്കണമോ എന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്.
ഇതിൽ ധാർമികതയുടെ പ്രശ്‌നം ഇല്ല. സിപിഎമ്മിനില്ലാത്ത ധാർമികത ഇവിടെ എന്തിനെന്നും ആരോപണ വിധേയരായ സിപിഎം നേതാക്കൾ പദവിയിൽ തുടരുന്നുണ്ടല്ലോയെന്നും കോൺഗ്രസ് നേതാക്കളോട് മാത്രം 'ധാർമികത' ചോദ്യം ചോദിക്കുന്നത് എന്തിനാണെന്നുമാണ് അദ്ദേഹം ചോദിക്കുന്നത്.
ഒരേ വിഷയത്തിൽ ഒരേ ദിവസം മൂന്ന് നിലപാടുകൾ മുതിർന്ന നേതാവായ പി.ജെ കുര്യൻ സ്വീകരിച്ചതിൽ പാർട്ടിയിൽ അമ്പരപ്പ് തുടരുകയാണ്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുക്കും മുമ്പ് മുതിർന്ന നേതാക്കളുമായി നേതൃത്വം ചർച്ചകൾ നടത്തിയിരുന്നു.
എല്ലാവരെയും കാര്യങ്ങൾ ധരിപ്പിച്ച ശേഷമാണ് രാഹുലിനെതിരെ നടപടിയെടുത്തത്. നിലവിലെ സാഹചര്യത്തിൽ ഇതിൽ നിന്ന് മാറ്റമൊന്നും വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ വിഷയം പുന:പരിശോധിക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ നിലപാട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us