/sathyam/media/media_files/2024/12/19/LoRjEGmWhkDb4aS6rOSi.jpg)
കോഴിക്കോട്: വടകര അഴിയൂരിൽ ഒൻപത് വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലായ സംഭവത്തിലെ പ്രതി പുറമേരി സ്വദേശി ഷെജീലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് സെഷൻസ് കോടതി ഇന്ന് വിധി പറയും.
അപകടം സംഭവിച്ചിട്ടും വാഹനം നിർത്താതെ പോയി, അപകടവിവരം മറച്ചുവച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണം തട്ടി തുടങ്ങിയ കാര്യങ്ങൾ ഷെജീലിന്റെ ജാമ്യത്തെ എതിർത്ത് പൊലീസ് കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്. വിദേശത്ത് നിന്നും ഷെജീലിനെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി 9 മണിയോടെ ചേറോട് ദേശീയപാതയിൽ വച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദൃഷാനയുടെ മുത്തശ്ശി ബേബി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
അപകടം സംഭവിച്ചിട്ടും ദൃഷാനയേയും മുത്തശ്ശിയേയും ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ പ്രതിയും കുടുംബവും രക്ഷപ്പെടുകയായിരുന്നു. അപകടം ഉണ്ടാക്കിയത് വെള്ള കാർ ആണ് എന്നതിനപ്പുറം മറ്റൊരു തെളിവും പൊലീസിന് ലഭിച്ചിരുന്നില്ല. അടുത്തിടെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പ്രതിയിലേക്ക് എത്തിയത്.
നഷ്ടപരിഹാരത്തിനായി പ്രതി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചതാണ് കേസിൽ നിർണായകമായത്. വിദേശത്തേക്ക് കടന്ന പ്രതി ഇതിനിടെ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയും ചെയ്തു. പ്രതിയായ ഷെജീലിന്റെ ഭാര്യക്കെതിരെയും കേസെടുക്കണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യം ഉന്നയിച്ചിട്ടുണ്ട്.