/sathyam/media/media_files/2025/09/17/congress-youth-leader-2025-09-17-20-08-36.jpg)
കോഴിക്കോട്: പ്രായഭേദമന്യേ പാര്‍ട്ടിയിലെ നേതാക്കന്മാരുടെ കുടുംബത്തിലുള്ളവര്‍ മുതല്‍ സഹപ്രവര്‍ത്തകര്‍ വരെയുള്ള സ്ത്രീകള്‍ക്കെതിരെ ലൈംഗിക പരാക്രമങ്ങള്‍ ആരോപിക്കപ്പെട്ട യുവ കോണ്‍ഗ്രസ് നേതാവിനെ വെള്ളപൂശാന്‍ രംഗത്തിറക്കിയത് ബാംഗ്ലൂര്‍ ആസ്ഥാനമായ പി.ആര്‍ ടീമിനെ.
ഒന്നരക്കോടി മുടക്കി 90 ദിവസത്തെ പായ്ക്കേജ് എന്ന രീതിയിലാണ് യുവ നേതാവിനെ ന്യായീകരിക്കലും നടപടി ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരെ ഒറ്റപ്പെടുത്തിയും പി.ആര്‍ അരങ്ങേറിയത്. പി.ആറിന്‍റെ വിജയത്തിനായി ഇടത് പ്രൊഫൈലുകളെ കൂട്ടുപിടിച്ചാണ് മുതിര്‍ന്ന നേതാക്കള്‍ക്കെതിരായ ആക്രമണം ആഴിച്ചുവിട്ടതെന്നാണ് ശ്രദ്ധേയം.
പ്രതിപക്ഷ നേതാവ് വിഡി സതീശനെ ടാര്‍ജറ്റ് ചെയ്യുന്ന ഇടത് പ്രൊഫൈലുകളെ ഒപ്പം കൂട്ടി യുവ നേതാവിനെതിരെ നിലപാടെടുത്ത വിഡിക്കെതിരെ അണിനിരത്തിയത് സോഷ്യല്‍ മീഡിയയില്‍ ഇത് തരംഗമാക്കാന്‍ സഹായകമായി.
പ്രതിപക്ഷ നേതാവിനെ ലക്ഷ്യം വയ്ക്കുന്ന ഇടത് പ്രൊഫൈല്‍ വെട്ടുക്കിളിക്കൂട്ടങ്ങള്‍ക്കും ഇത് ചുളുവില്‍ വീണുകിട്ടിയ അവസരമായി മാറി.
പി.ആര്‍ ടീമിന്‍റെ ന്യായികരണ ആഘോഷങ്ങളിലും ഇടത് പ്രൊഫൈലുകളുടെ വിഡി ആക്രമണത്തിലും വിശ്വസിച്ച് കുറെയേറെ കോണ്‍ഗ്രസ് പ്രൊഫൈലുകളും പാര്‍ട്ടിയിലെ യുവ കാമക്കാളയ്ക്ക് പിന്തുണയുമായി രംഗത്തിറങ്ങി.
സമാന ആരോപണങ്ങള്‍ നേരിടുന്ന സിപിഎം അംഗം എം മുകേഷ് എംഎല്‍എ ഉള്‍പ്പെടെ സഭയില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസിലെ എഫ്ഐആര്‍ ഇല്ലാത്ത 'ഗര്‍ഭം കലക്കി' എന്തിന് പുറത്തു നില്‍ക്കണം എന്ന ക്യാപ്സൂളാണ് പി.ആര്‍ ടീം പുറത്തെടുത്തത്. ഇത് ന്യായമാണെന്ന ചിന്ത ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരിലേയ്ക്കും കടത്തി വിട്ടു.
ത്രിവര്‍ണ പേരുകളില്‍ ഒരാഴ്ച പോലും ആയുസില്ലാത്ത പ്രൊഫൈലുകള്‍ വഴി ന്യായീകരണ പോസ്റ്റുകള്‍ വ്യാപകമായി പുറത്തിറങ്ങിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇതിനൊപ്പം കൂടി തുടങ്ങി.
ഇതിനിടയില്‍ ആരോപണം ഉന്നയിച്ച വനിതകള്‍ പരാതിയുമായി പോലീസിലോ കോടതിയിലോ പോകുന്നത് തടയാനുള്ള ദൗത്യം ഏറ്റെടുത്ത് കോണ്‍ഗ്രസിലെ മറ്റൊരു യുവ നേതാവ് രംഗത്തിറങ്ങി. ഇതോടെ ആരോപണം ഉന്നയിച്ചവരെ ഓരോരുത്തരെയായി സമാധാനിപ്പിച്ച് തിരിച്ചയച്ചു. ഒന്നിലധിരം പേര്‍ക്ക് വിവാഹ വാഗ്ദാനവും നല്‍കിയിട്ടുള്ളതായാണ് അറിവ്.
യുവ നേതാവില്‍ നിന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരുടെ ഭാര്യമാര്‍ക്കും ചിലരുടെ മക്കള്‍ക്കും മോശം അനുഭവങ്ങള്‍ ഉണ്ടായ കാര്യം ബോധ്യമായ സാഹചര്യത്തിലാണ് പല മുതിര്‍ന്ന നേതാക്കളും ഇയാള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തത്.
അനുഭവസ്ഥരായ പലര്‍ക്കും ഇത് പുറത്തുപറയാന്‍ കഴിയാത്തത് ആരോപണ വിധേയന്‍ അനുകൂലമാക്കി. അതേസമയം, ഇയാള്‍ക്കെതിരെ അതീവ ഗുരുതരമായ ചില അരോപണങ്ങള്‍ രേഖാമൂലം നല്‍കപ്പെട്ടത് ഇപ്പോഴും ഉത്തരവാദിത്വപ്പെട്ട നേതാക്കളുടെ പക്കല്‍ ഭദ്രമാണ്.