അമീബിക് മസ്തിഷ്‌ക ജ്വരം. സംസ്ഥാനത്ത് വീണ്ടും മരണം

നഗരത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇയാളെ നാട്ടുകാരാണ് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

New Update
amibic feaver

 കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മധ്യവയസ്‌കനാണ് മരിച്ചത്. 

Advertisment

കഴിഞ്ഞ ദിവസമാണ് ഇയാളെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് മരണം സംഭവിച്ചത്. തൃശൂര്‍ സ്വദേശിയാണ് ഇയാള്‍ എന്നാണ് വിവരം.

നഗരത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇയാളെ നാട്ടുകാരാണ് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പനി ബാധിച്ചിരുന്ന ഇയാളില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇയാള്‍ ഉള്‍പ്പെടെ മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് 11 പേര്‍ ചികിത്സയില്‍ ഉണ്ടായിരുന്നു. ഇതില്‍ ആറ് പേര്‍ മെഡിക്കല്‍ കോളജിലും മൂന്ന് പേര്‍ മാതൃ-ശിശുസംരക്ഷണ കേന്ദ്രത്തിലും ഒരാള്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സ തേടിയിരിക്കുന്നത്.

കഴിഞ്ഞ ഒരു മാസത്തിനിടെ രോഗ ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം ഏഴായി. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ-ശിശുസംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലിരുന്ന മലപ്പുറം ചേളാരി പാടാട്ടാലുങ്ങല്‍ സ്വദേശി 11കാരി കഴിഞ്ഞ ദിവസം രോഗ മുക്തി നേടിയിരുന്നു.

Advertisment