/sathyam/media/media_files/2025/09/28/photos386-2025-09-28-20-31-25.jpg)
കോഴിക്കോട്: സ്വത്തും സ്വര്‍ണവും ആവശ്യപ്പെട്ട് 75 വയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍.
പുതുപ്പാടി കുപ്പായക്കോട് ഫാക്ടറിപ്പടി കോക്കാട്ട് ബിനീഷ്(45)നെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വത്ത് തന്റെ പേരില്‍ എഴുതിത്തരണമെന്നും സ്വര്‍ണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് മദ്യലഹരിയില്‍ ഇയാള്‍ അമ്മയെ മര്‍ദിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30 നായിരുന്നു സംഭവം. വീടും സ്ഥലവും തന്റെ പേരിലേക്ക് എഴുതി നല്‍കണമെന്നും സ്വര്‍ണാഭരണങ്ങള്‍ നല്‍കണമെന്നും പറഞ്ഞ് അമ്മ മേരിയെ ഇയാള്‍ മര്‍ദിച്ചു.
തുടര്‍ന്ന് രണ്ടുകൈകളും കഴുത്തില്‍ ശക്തിയായി ചുറ്റിപ്പിടിച്ച് ശ്വാസംമുട്ടിച്ചെന്നാണ് പരാതി. പരിക്കേറ്റ മേരി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
മേരിയും ബിനീഷും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്.
ബിനീഷ് സ്ഥിരം മദ്യപാനിയും സ്ഥിരമായി മാതാവിനെ ഉപദ്രവിക്കുന്നയാളുമാണ്. ഇയാളുടെ മദ്യപാനം കാരണം ഭാര്യയും മക്കളും നേരത്തെ ഉപേക്ഷിച്ചു പോയിരുന്നു.
നേരത്തെ പലപ്രാവശ്യം ഇയാളെ ഡി അഡിക്ഷന്‍ സെന്ററുകളിലും മറ്റും കൊണ്ടുപോയി ചികിത്സിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.