കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടുത്തം. അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്, 'യുപിഎസ് മുറിയിലടക്കം ഗുരുതര സുരക്ഷാവീഴ്ച. മുന്നറിയിപ്പ് അവഗണിച്ചു'

ആദ്യം പുക ഉയര്‍ന്ന യുപിഎസ് മുറിയിലെയും ആറു നില കെട്ടിടത്തിലെയും സുരക്ഷാവീഴ്ചകളും ചട്ടലംഘനങ്ങളും എണ്ണിപ്പറയുന്നതിനൊപ്പം പരിഹാര നിര്‍ദേശങ്ങള്‍ കൂടി അടങ്ങിയതാണ് റിപ്പോര്‍ട്ട്

New Update
Kozhikode

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപിടുത്ത കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത്.

Advertisment

കെട്ടിട നിര്‍മ്മാണത്തിൽ ഗുരുതര പിഴവുകളുണ്ടെന്നും തീപിടുത്ത സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചുവെന്നുമാണ് സബ് കളക്ടര്‍ നേതൃത്വം നൽകിയ അന്വേഷണ സമിതിയുടെ കണ്ടെത്തൽ.

ആദ്യം പുക ഉയര്‍ന്ന യുപിഎസ് മുറിയിലെയും ആറു നില കെട്ടിടത്തിലെയും സുരക്ഷാവീഴ്ചകളും ചട്ടലംഘനങ്ങളും എണ്ണിപ്പറയുന്നതിനൊപ്പം പരിഹാര നിര്‍ദേശങ്ങള്‍ കൂടി അടങ്ങിയതാണ് റിപ്പോര്‍ട്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് പിഎംഎസ് വൈ ബ്ലോക്കില്‍ ഇക്കഴിഞ്ഞ മെയ് രണ്ടിനുണ്ടായ തീപിടുത്തത്തെക്കുറിച്ച് മൂന്നു തലങ്ങളിലുള്ള അന്വേഷണങ്ങളാണ് പ്രധാനമായും നടന്നത്. 

സംഭവസമയം അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന അഞ്ച് മരണങ്ങളെക്കുറിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്‍റെ കീഴിലുള്ള സംഘത്തിന്‍റേതായിരുന്നു ഒന്നാമത്തെ അന്വേഷണം.

പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വിഭാഗത്തിന്‍റെ അന്വേഷണമായിരുന്നു രണ്ടാമത്തേത്. ഈ അന്വേഷണത്തില്‍ 200 കോടിയോളം ചെലവിട്ടുള്ള ആറു നില കെട്ടിടനിര്‍മ്മാണത്തില്‍ ഗുരുതര പിഴവുകള്‍ കണ്ടെത്തിയിരുന്നു.

ഈ വീഴ്ചകള്‍ അടിവരയിടുന്നതും കൂടുതല്‍ കണ്ടെത്തലുകളും പരിഹാരനിര്‍ദേശങ്ങളുമടങ്ങിയതാണ് സബ് കളക്ടര്‍ മേല്‍നോട്ടം വഹിച്ച വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ കമ്മിറ്റിയുടെ നൂറു പേജോളം വരുന്ന റിപ്പോര്‍ട്ട്.

പുക ഉയര്‍ന്ന എംആര്‍ഐ മെഷീന്‍റെ യുപിഎസ് മുറിയില്‍ ഗുരുതര സുരക്ഷാവീഴ്ചകള്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ട് പറയുന്നു. യുപിഎസ് ബാറ്ററി സിസ്റ്റത്തിന്‍റെ അറ്റകുറ്റപ്പണികള്‍ 2024 ഡിസംബറിലാണ് അവസാനമായി നടത്തിയത്. ബാറ്ററി ബാങ്ക് മുഴുവന്‍ മാറ്റണമെന്ന് നിര്‍ദേശിച്ചിട്ടും അതുണ്ടായില്ല. യുപിഎസ് മുറിയില്‍ വെന്റിലേഷന്‍ സൗകര്യങ്ങളോ എമര്‍ജന്‍സി എക്സിറ്റോ തീ പ്രതിരോധ സംവിധാനമോ ഉണ്ടായിരുന്നില്ല. ആദ്യം അംഗീകാരം ലഭിച്ച ഫയര്‍ സേഫ്റ്റി പ്ലാനില്‍ യുപിഎസ് മുറി ഉണ്ടായിരുന്നില്ല. പിന്നീട് ചട്ടങ്ങള്‍ ലംഘിച്ച് കൂട്ടിച്ചേര്‍ത്തതായിരുന്നു ഈ മുറി

Advertisment