/sathyam/media/media_files/2025/10/08/thamarassery-taluk-hospital-issue-2025-10-08-18-25-07.png)
കോഴിക്കോട്: 'എന്റെ മകളെ കൊന്നവനല്ലേടാ...' എന്ന് വിളിച്ചുപറഞ്ഞ് പിൻവാതിൽ വഴിയെത്തിയ സനൂപ്, ഒരു രോഗിയുടെ കൂട്ടിരിപ്പുകാരുമായി സൂപ്രണ്ടിന്റെ മുറിയിൽ വച്ച് സംസാരിക്കുകയായിരുന്ന ഡോക്ടറുടെ അടുത്തെത്തി കൊടുവാൾ കൊണ്ടു വെട്ടുകയായിരുന്നെന്ന് ദൃക്സാക്ഷിയായ താമരശേരി താലൂക്ക് ആശുപത്രിയിലെ ലാബ് ജീവനക്കാരൻ പറഞ്ഞു.
നേരത്തെ തന്നെ ഇയാൾ ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നതായും നേരത്തെ ആസൂത്രണം ചെയ്തതിന്റെ ഭാഗമായാണ് ഇയാൾ ആയുധവുമായി എത്തിയതെന്നും ജീവനക്കാരൻ പറയുന്നു.
ഉടൻ തന്നെ അവിടെയുണ്ടായിരുന്ന തങ്ങളെല്ലാം ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുനെന്നും ജീവനക്കാരൻ പറഞ്ഞു.
ഡോക്ടർക്ക് വെട്ടേറ്റു എന്നു പിആർഒ വിളിച്ചുപറഞ്ഞതോടെയാണ് സമീപത്ത് താമസിക്കുകയായിരുന്ന താൻ ഓടിയെത്തിയതെന്ന് താമരശേരി താലൂക്ക് ആശുപത്രിയിലെ മറ്റൊരു ഡോക്ടർ പറഞ്ഞു.
ബാഗിൽ നിന്ന് കൊടുവാൾ എടുത്ത് ആക്രമിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞതിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞത്. പെട്ടന്ന് ഉണ്ടായ ആക്രമണമായതുകൊണ്ട് തടയാനും ഡോക്ടർക്ക് കഴിഞ്ഞില്ല.
ആക്രമം ആസുത്രിതമാണെന്നും ഡോക്ടറോട് മുൻവൈരാഗ്യം പ്രതിക്കുണ്ടാകേണ്ട കാരണമൊന്നുമില്ലെന്നും ഡോക്ടർ പറഞ്ഞു.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോ.വിപിനാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച ഒൻപതു വയസ്സുകാരി അനയയുടെ അച്ഛൻ കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപ് എന്നയാളാണ് വെട്ടിയത്.
കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മദ്യലഹരിയിൽ ആശുപത്രിയിലെത്തിയ സനൂപ് മക്കളെ പുറത്തുനിർത്തിയ ശേഷം മുറിയിലേക്ക് അതിക്രമിച്ച് കയറി ഡോക്ടറെ വെട്ടുകയായിരുന്നു.
അക്രമി സനൂപിനെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. വെട്ടാനുപയോഗിച്ച കൊടുവാളും കണ്ടെടുത്തിട്ടുണ്ട്.
പരുക്കേറ്റ ഡോ.വിപിനെ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപകടനില തരണം ചെയ്‌തെന്നും ആശുപത്രി അധികൃതർ അറിയിച്ചു.