/sathyam/media/media_files/2025/10/11/sfi-sivaprasad-2025-10-11-19-27-10.png)
കോഴിക്കോട്: പേരാമ്പ്ര സംഭവത്തിൽ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്.
ഷാഫി പറമ്പിലിന്റെ മറവില്‍ ഒരാള്‍ വില്ലാളിവീരനെ പോലെ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടുവെന്നും അയാളെ വൈറ്റ് വാഷ് ചെയ്യലാണ് ഇപ്പോഴത്തെ രീതിയെന്നും ശിവപ്രസാദ് പറഞ്ഞു.
കേരളത്തിനകത്തെ സമാധാന അന്തരീക്ഷം തകർക്കുക എന്നുള്ളതാണ് ഇവരുടെ ഉദ്ദേശം. ആ ഉദ്ദേശം അവർ നടപ്പിലാക്കുന്നു. രാഷ്ട്രീയ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള ഗൂഢാലോചനയാണ് നടന്നത്.
വയനാടിന് വേണ്ടി യൂത്ത് കോൺഗ്രസ് പിരിച്ച ഫണ്ട് എവിടെയെന്നാണ് ചോദിക്കേണ്ടതെന്നും ശിവപ്രസാദ് കൂട്ടിച്ചേർത്തു.
ക്യാമ്പസുകളില്‍ എസ്എഫ്‌ഐ മാത്രമാണ് കൃത്യമായ രാഷ്ട്രീയം പറയുന്നത്. എബിവിപിയുടെയും കെഎസ്‌യുവിന്റെയും കയ്യില്‍ നിന്നും പല ക്യാമ്പസുകളും പിടിച്ചെടുത്തു. ആക്രമിച്ച് കീഴ്‌പ്പെടുത്തിക്കളയാം എന്നതാണ് കെഎസ്‌യുവിന്റെയും എബിവിപിയുടെയും നയം.
എന്നാല്‍ വിജയം അക്രമങ്ങളിലൂടെ അല്ലെന്ന് എസ്എഫ്‌ഐ തെളിയിച്ചു. കെഎസ്‌യു ബാലറ്റ് പേപ്പറുകള്‍ മുക്കുകയാണ്.
ഡോ. പി രവീന്ദ്രന്റെ പിന്തുണയിലാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ എംഎസ്എഫ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. രവീന്ദ്രന്റെ ഏറ്റവും പ്രിയപ്പെട്ടവന്‍ എംഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റാണെന്നും ശിവപ്രസാദ് ആരോപിച്ചു.