/sathyam/media/media_files/IAKuxPohMXBMcVaglovz.jpg)
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വച്ച് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച 9 വയസുകാരിയുടെ പിതാവിന്റെ ആക്രമണത്തില്‍ തലയ്ക്ക് വെട്ടേറ്റ ഡോ. ടി പി വിപിന്‍ ആശുപത്രി വിട്ടു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡോക്ടര്‍ ശനിയാഴ്ച ഉച്ചയോടെയാണ് ആശുപത്രി വിട്ടത്.
തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ ഇദ്ദേഹത്തിന് സര്‍ജറി ചെയ്തിരുന്നു. ഡോക്ടര്‍ക്ക് വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച 9 വയസുകാരി അനയയുടെ പിതാവ് ആനപ്പാറപൊയില്‍ സനൂപാണ് (40) ബുധനാഴ്ച താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്ന ഡോ.വിപിനെ തലയില്‍ കൊടുവാള്‍ കൊണ്ട് വെട്ടിയത്.
മകള്‍ക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നാരോപിച്ചായിരുന്നു സനൂപിന്റെ പ്രകോപനം.
സനൂപിനെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. ഇതിനു പുറമെ അതിക്രമിച്ചു കയറി ആക്രമിക്കുക, ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തി.