/sathyam/media/media_files/2025/10/17/amoebic-brain-fever-2025-10-17-18-50-41.png)
കോഴിക്കോട്: താമരശ്ശേരിയിലെ ഒമ്പതു വയസ്സുകാരിയുടെ മരണത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്‌സിനും എതിരെ പരാതി നൽകി മരിച്ച കുട്ടിയുടെ അമ്മ.
താമരശ്ശേരി ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. ചികിത്സ പിഴവ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.
മകളെ ശ്രദ്ധിക്കാത്ത ഡോക്ടർമാർക്കെതിരേയും ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ തങ്ങളോട് മോശമായി സംസാരിച്ച നഴ്‌സിനെതിരേയുമാണ് പരാതി നൽകിയിട്ടുള്ളത്.
കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മാതാവ് പരാതി നൽകിയത്.
'താലൂക്ക് ആശുപത്രിയിലെ ചികിൽസാ പിഴവ് മൂലം തന്നെയാണ് കുട്ടി മരിച്ചത്. ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടു.
മകളുടെ മരണം ചികിൽസാ പിഴവു മൂലം തന്നെയാണ്. ആശുപത്രിയിൽ ഡോക്ടർമാർ വേണ്ടരീതിയിൽ ശ്രദ്ധിച്ചില്ല. തങ്ങൾ നേരത്തെ ഉന്നയിച്ച കാര്യങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ തെളിഞ്ഞു' എന്നും മാതാവ് പറഞ്ഞു.
അതേസമയം, ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നും കുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഗോപാലകൃഷ്ണൻ പറഞ്ഞു.
കുഞ്ഞിന് അമീബിക് മസ്തിഷ്‌ക ജ്വരം എന്നാണ് മെഡിക്കൽ കോളജിലെ മൈക്രോബയോളജി റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടുമുണ്ട്. ഈ റിപ്പോർട്ടിലെ അവ്യക്തത പരിഹരിക്കണ്ടത് മെഡിക്കൽ കോളജും മെഡിക്കൽ ബോർഡുമാണെന്നും അദ്ദേഹം പറഞ്ഞു.