/sathyam/media/media_files/2025/10/18/images-1280-x-960-px24-2025-10-18-23-00-51.png)
കോഴിക്കോട്: വീടുകളും ഓഫീസുകളും മറ്റും കുത്തിത്തുറന്ന് ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളുമുൾപ്പെടെ മോഷ്ടിക്കുന്ന യുവാവ് പിടിയിൽ.
കാരന്തൂർ സ്വദേശി ജാവേദ് ഖാനെ (23)യാണ് ഡിസിപി അരുൺ കെ. പവിത്രൻ ഐപിഎസിന്റെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ ഞായറാഴ്ച പട്ടാപ്പകൽ എരഞ്ഞിപ്പാലം സെയിൽ ടാക്സ് ഓഫീസിന് സമീപമുള്ള സോഫ്റ്റ് വെയർ കമ്പനിയുടെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി സ്ഥാപനത്തിൽ ഉപയോഗിച്ചുവന്ന നാല് ലാപ്ടോപ്പുകൾ, വയർലെസ് ക്യാമറ തുടങ്ങിയ സാധനങ്ങൾ മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്. മോഷ്ടിച്ച വസ്തുക്കൾ ഇയാളിൽ നിന്നും കണ്ടെത്തി.
ഇതു കൂടാതെ വേറെയും ലാപ്ടോപ്പുകൾ പ്രതിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അഴകൊടി ക്ഷേത്രത്തിന് സമീപത്തുനിന്നും മോഷ്ടിച്ചതാണ് ഇവയെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
അതേക്കുറിച്ചും ഇയാൾ താമസിച്ച ലോഡ്ജ് മുറിയിൽ നിന്നും ലഭിച്ച മറ്റു വസ്തുക്കളെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്.
ഇയാൾക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. മോഷ്ടിച്ച പണം കൊണ്ട് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു പ്രതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.